തിരുവനന്തപുരം: ലാത്വിയൻ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിൽ ഔദ്യോഗിക സാക്ഷിയായ അസി. കെമിക്കൽ എക്‌സാമിനർ കൂറുമാറി. യുവതിയുടെ മൃതദേഹത്തിൽ ശുക്ലമോ പുരുഷ ബീജസങ്കലനമോ കണ്ടെത്താനായില്ലെന്ന് അസി. ചീഫ് കെമിക്കൽ എക്‌സാമിനർ മൊഴി നൽകി. യുവതിയുടെ ബോൺമാരോയിൽ കാണപ്പെട്ടതും തോട്ടിലുമുള്ള വെള്ളം ഒന്നായതിനാൽ മുങ്ങിമരണമാകാമെന്നും സാക്ഷിമൊഴി നൽകി.

തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ പുരോഗമിക്കുന്നത്. തന്റെ മൊഴി പൊലീസ് എടുത്തിട്ടില്ലെന്നും സാക്ഷിമൊഴിനൽകി. മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ. ശശികല , ഡോ.ശരിജ എന്നിവർ മൃതശരീരത്തിൽ നിന്ന് ശേഖരിച്ച് സീൽഡ് പാക്കറ്റിൽ തനിക്ക് അയച്ചു തന്ന വകകളാണ് താൻ മൈക്രോസ്‌കോപ്പിക് അടക്കമുള്ള പരിശോധനക്ക് വിധേയമാക്കിയത്. ജീവനുള്ള വ്യക്തിയിൽ കഴുകിക്കളഞ്ഞാലും ശുക്ലക്കറകൾ 15 ദിവസം വരെ തങ്ങി നിൽക്കും. മരണമടഞ്ഞ വ്യക്തിയിൽ മാസങ്ങളോളം ശുക്ലം നിലനിൽക്കുമെന്നും സാക്ഷിമൊഴി നൽകി. താൻ നൽകിയ സർട്ടിഫിക്കറ്റ് രേഖകൾക്കനുസൃതമായാണ് താൻ മൊഴി നൽകുന്നത്. 2018 ഡിസംബർ 3 നാണ് താൻ മെഡിക്കോ ലീഗൽ സർട്ടിഫിക്കറ്റ് നൽകിയതെന്നും ബോധിപ്പിച്ചു.

പ്രോസിക്യൂഷൻ ഭാഗം 19-ാം സാക്ഷിയായ തിരുവനന്തപുരം കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിലെ അസി. കെമിക്കൽ എക്‌സാമിനർ പി.ജി. അശോക് കുമാറിനെയാണ് പ്രോസിക്യൂഷന്റെ ആവശ്യ പ്രകാരം കൂറുമാറിയതായി കോടതി പ്രഖ്യാപിച്ചത്.

ലിഗയുടെ സഹോദരി ഇൽസ കണ്ണുകൾ ഈറനണിഞ്ഞാണ് വിചാരണ കേട്ടത്. വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയിൽ പുരോഗമിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 366 (അവിഹിത സംഗത്തിന് വേണ്ടി സ്ഥലത്തു നിന്ന് പ്രചോദിപ്പിച്ച് കൊണ്ടു പോയുള്ള ആൾ മോഷണം) , 328 (കുറ്റം ചെയ്യുന്നത് സുകരമാക്കണമെന്ന ഉദ്ദേശ്യത്തോടു കൂടി ലഹരി പിടിപ്പിക്കുന്ന സാധനം കൊടുക്കൽ) , 342 ( അന്യായമായി തടഞ്ഞു വയ്ക്കൽ) , 376 എ (പീഡനത്തിനിരയായ ആൾക്ക് മരണം ഉളവാക്കുകയോ ജഡാവസ്ഥയ്ക്ക് ഇടവരുത്തുകയോ ചെയ്യൽ) , 376 ഡി (കൂട്ടബലാൽസംഗം) , 302 ( കൊലപാതകം) , 201( തെളിവു നശിപ്പിക്കുകയും വ്യാജമായ വിവരം നൽകുകയും ചെയ്യൽ) , 34 (പൊതു ലക്ഷ്യത്തെ പുരോഗമിപ്പിക്കുന്നതിൽ പലരും കൂടി ചെയ്യുന്ന കൃത്യങ്ങൾ) എന്നീ കുറ്റങ്ങൾ വിചാരണക്ക് മുന്നോടിയായി പ്രതികൾക്ക് മേൽ ചുമത്തിയാണ് കേസ് വിചാരണ ചെയ്യുന്നത്.