തിരുവനന്തപുരം: തലസ്ഥാന ജില്ലയിലെ കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലുള്ള ആർ ഡി ഒ കോടതിയിലെ തൊണ്ടി മുതൽ മോഷണം പോയ കേസിൽ ഏക പ്രതിയായ മുൻ സീനിയർ സൂപ്രണ്ട് വിഴിഞ്ഞം കോട്ടുകാർ സ്വദേശി ശ്രീകണ്ഠൻ നായരെ പേരൂർക്കട പൊലീസിന്റെ കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതിയാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് പ്രതിയുടെ സാന്നിധ്യത്തിൽ കൂടുതൽ തെളിവു ശേഖരണത്തിനായി വിട്ടു നൽകിയത്. ജൂൺ 20ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റ് ചെയ്ത പ്രതിയെ പ്രൊഡക്ഷൻ വാറണ്ടിൽ വരുത്തിയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

അജ്ഞാത മൃതദേഹ കേസിലെയും അസ്വാഭാവിക മരണ കേസിലെയും തൊണ്ടിമുതലായ 107 പവൻ സ്വർണം , 140 ഗ്രാം വെള്ളി , 48,000 രൂപ എന്നിവയാണ് കളക്റ്റ്രേറ്റിലെ ചെസ്റ്റിൽ കാണാതായത്. കേസിൽ കുടുങ്ങിയും അവകാശ തർക്കത്തിൽപ്പെട്ടും ആർ ഡി ഒ കോടതിയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ ഉരുപ്പടികൾ കേസ് തീർന്നപ്പോൾ തിരികെ ലഭിക്കാൻ അവകാശികൾ വന്നെത്തിയപ്പോഴാണ് തൊണ്ടി മോഷണം ശ്രദ്ധയിൽ പെട്ടത്. മാന്വൽ ഓഫ് ഓഫിസ് പ്രൊസീഡുവർ, ഓഫീസ് ഓഡർ ചട്ടങ്ങൾ പ്രകാരം ചാർജ് കൈമാറുന്നതും ഏറ്റെടുക്കുന്നതുമായ ഓരോ സീനിയർ സൂപ്രണ്ടും സംയുക്തമായി ചെസ്റ്റ് പരിശോധിച്ച് തൊണ്ടി മുതലുകൾ ഭൗതിക പരിശോധന നടത്തി ബോധ്യപ്പെട്ട് രജിസ്റ്ററിൽ ഒപ്പിട്ട് വേണം ചാർജ് ഏറ്റെടുക്കേണ്ടത്. ഈ ചട്ടം പാലിക്കാത്തതിനാലാണ് മോഷണം കണ്ടത്താൻ വൈകിയത്.

ഈ സ്വർണം കളക്റ്റ്രേറ്റ് കെട്ടിടത്തിലുള്ള ആർ ഡി ഒ കോടതിയിലെ ചെസ്റ്റിൽ ഇല്ലെന്ന് കണ്ടെത്തിയതോടെയാണ് ഇവിടെ സൂക്ഷിച്ച മുഴുവൻ തൊണ്ടി ആഭരണങ്ങളും പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചത്. ഇതോടെ വൻതോതിൽ സ്വർണം നഷ്ടമായെന്നും ശ്രീകണ്ഠൻ നായരുടെ കാലത്താണ് മോഷണം നടന്നതെന്നും വകുപ്പുതല പരിശോധനയിൽ കണ്ടെത്തി.

2020 മാർച്ച് മുതൽ ഒരു വർഷത്തോളം തൊണ്ടിമുതൽ സൂക്ഷിക്കുന്ന ചെസ്റ്റിന്റെ ചുമതലയുള്ള സീനിയർ സൂ ലണ്ടായിരുന്നു പ്രതി. 2022 മെയ് 31നാണ് റിട്ടയർ ചെയ്തത്. സീനിയർ സൂപ്രണ്ടിന്റെ കൈവശത്തിലും സൂക്ഷിപ്പിലുള്ള ചെസ്റ്റിന് ഒരു താക്കോൽ മാത്രമാണുള്ളത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ബാലരാമപുരം, വിഴിഞ്ഞം, കുടപ്പനക്കുന്ന് എന്നിവിടങ്ങളിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനങ്ങളിൽ വൻതോതിൽ സ്വർണം പണയം വെച്ചതായും സ്വർണം വിറ്റതായും കണ്ടെത്തി. മോഷണ മുതലിന് പകരം മുക്കു പണ്ടം വച്ചതായും കണ്ടെത്തി.

അതേ സമയം 2010 മുതൽ 2017 വരെയുള്ള കാലയളവിലെ സ്വർണ്ണവും കാണാതായതായി കണ്ടെത്തി. 2018 മുതൽ 2021 വരെയുള്ള 25 പവനോളം സ്വർണ്ണ ഉരുപ്പടികൾക്ക് പകരം ഗോൾഡ് കവറിങ് ആഭരണങ്ങൾ വെച്ചിട്ടുണ്ട്.