തിരുവനന്തപുരം: ബിജെപി സംസ്ഥാന കാര്യാലയം അടിച്ചു തകർത്ത കേസിൽ, ഡി വൈ എഫ് ഐ ക്കാരായ പ്രതികൾ വിചാരണ നേരിടണമെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. വിചാരണക്ക് മുന്നോടിയായി കുറ്റം ചുമത്തുന്നതിന് പ്രതികൾ സെപ്റ്റംബർ 14 ന് ഹാജരാകാനും കോടതി ഉത്തരവിട്ടു. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് സർക്കാർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് സി ജെ എം ആർ. രേഖയുടെ ഉത്തരവ്. മുങ്ങി നടക്കുന്ന രണ്ടാം പ്രതിക്കെതിരെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും കോടതി പുറപ്പെടുവിച്ചു.

കേസ് പിൻവലിക്കുന്നത് പൊതു നീതിക്കെതിരെന്ന് കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷൻ സ്വതന്ത്ര മനസ് അർപ്പിക്കാതെയാണ് പിൻവലിക്കൽ ഹർജി സമർപ്പിച്ചത്. സർക്കാർ ഹർജിക്ക് യാതൊരു ഉദ്ദേശ്യ ശുദ്ധിയുമില്ല. യാതൊരു ഉത്തമ വിശ്വാസവുമില്ലാതെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. കേസ് പിൻവലിക്കുന്നതുകൊണ്ട് യാതൊരു പൊതു താൽപര്യമോ പൊതുനന്മയോ സംരക്ഷിക്കുന്നില്ല. കുറ്റകൃത്യങ്ങൾക്ക് പ്രഥമ ദുഷ്ട്യാ തെളിവുള്ള കേസ് പിൻവലിക്കുന്നത് നീതി നടപ്പിലാക്കുന്നത് തടയുന്നതിനും അനീതിക്കും കാരണമാകും.

കേസ് അവസാനിപ്പിക്കുന്നതിനെക്കാളുപരി വിചാരണയോടു കൂടി പ്രോസിക്യൂഷൻ നടപടി തുടരുന്നതിലാണ് പൊതുതാൽപ്പര്യം സംരക്ഷിക്കപ്പെടുന്നത്. സർക്കാർ ഹർജിയിലെ ആവശ്യം നീതിന്യായ വ്യവസ്ഥയുടെ സുഗമമായ പ്രവർത്തനത്തിലുള്ള ശരിയല്ലാത്ത ഇടപെടലും നിയമത്തിന്റെ ദുരുപയോഗവുമാണ്. പിൻവലിക്കൽ ഹർജി നിയമ സാധുതയില്ലാത്ത കാരണങ്ങൾ കാട്ടിയുള്ളതും അക്കാരണങ്ങൾ സാധൂകരിക്കാൻ യാതൊരു വസ്തുതയും കോടതി മുമ്പാകെ ഹാജരാക്കിയിട്ടില്ലെന്നും കോടതി ഉത്തരവിൽ അക്കമിട്ട് നിരത്തിയാണ് സർക്കാർ ഹർജി തള്ളിയത്.

സി പി എം , ഡി വൈ എഫ് ഐ പ്രവർത്തകരായ ഐ.പി. ബിനു , പ്രതിൻ സാജ് കൃഷ്ണ , ജെറിൻ , സുകേഷ് എന്നിവരാണ് കേസിലെ 1 മുതൽ 4 വരെയുള്ള പ്രതികൾ. കോടതിയിൽ ഹാജരാകാതെ മുങ്ങി നടക്കുന്ന രണ്ടാം പ്രതിക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടും കോടതി പുറപ്പെടുവിച്ചു. പ്രതിയെ സെപ്റ്റംബർ 14 നകം അറസ്റ്റ് ചെയ്യാനും കോടതി ഉത്തരവിട്ടു.

2017 ലാണ് കുന്നുകുഴിയിലുള്ള ബിജെപി ആസ്ഥാന മന്ദിരം ആക്രമിക്കപ്പെട്ടത്. മന്ദിരത്തിൽ അതിക്രമിച്ചു കടന്ന് ഭവനഭേദനം നടത്തുകയും അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ജനൽചില്ലുകളും ഗൃഹോപകരണങ്ങളും ഫർണിച്ചറുകളും അടിച്ചു പൊട്ടിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തുവെന്നാണ് കേസ്. 2018 ജൂൺ 11 നാണ് മ്യൂസിയം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.