തിരുവനന്തപുരം: വഴുതക്കാട് ചാർട്ട്‌സ് ക്യാപ്പിറ്റൽ ആൻഡ് സെക്യൂരിറ്റീസ് ലിമിറ്റഡ്, ഹെറിറ്റേജ് ഇന്ത്യ ടൂർ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്നീ തട്ടിപ്പു സ്ഥാപനങ്ങൾ തുടങ്ങി സ്ഥിര നിക്ഷേപങ്ങൾ സ്വീകരിച്ചും ഷെയർ സർട്ടിഫിക്കറ്റ് വിറ്റഴിച്ചും പണം സ്വരൂപിച്ച ശേഷം സ്ഥാപനങ്ങൾ പൂട്ടി ഒളിവിൽ പോയ വഞ്ചനാ കേസിൽ ടേം ഡെപ്പോസിറ്റ് രസീതുകളുമായി സാക്ഷികൾ ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.

നിക്ഷേപകരും മഹസർ സാക്ഷികളുമായ 3 സാക്ഷികൾ ജൂലൈ 3 ന് ഹാജരാകാനാണ് മജിസ്‌ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ ഉത്തരവിട്ടത്. സാക്ഷികളെ ഹാജരാക്കാൻ തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് നർക്കോട്ടിക് ആൻഡ് ഇക്കണോമിക് ഒഫൻസ് സെൽ ഡിറ്റക്ടീവ് ഇൻസ്‌പെക്ടറോടാണ് കോടതി ഉത്തരവിട്ടത്. നിക്ഷേപകരും ഔദ്യോഗിക സാക്ഷികളുമായി 26 സാക്ഷികളുള്ള കേസിൽ 2 മുതൽ 4 വരെയുള്ള സാക്ഷികളെയാണ് ജൂലൈ 13 ന് വിസ്തരിക്കുന്നത്.

തട്ടിപ്പു സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ ആലപ്പുഴ കരുവാറ്റ എസ്.എൻ. നഗറിൽ രത്‌നാ ഭവനിൽ ചിത്രൻ മകൻ അനിൽ രാജ്, ഇയാളുടെ ഭാര്യയും ഡയറക്ടറുമായ മാവേലിക്കര മുട്ടം സ്വദേശിനി പുഷ്പലത എന്നിവരാണ് വഞ്ചനാ കേസിൽ വിചാരണ നേരിടുന്ന ഒന്നും രണ്ടും പ്രതികൾ.

1999 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭാര്യാ ഭർത്താക്കന്മാരായ പ്രതികൾക്ക് ആവലാതിക്കാരനേയും മറ്റും ചതിച്ച് അവിഹിത മാർഗ്ഗത്തിലൂടെ പണ സമ്പാദനം നടത്തണമെന്ന ഉദ്ദേശ്യത്തോടും കരുതലോടും കൂടി കൂട്ടായി ആലോചിച്ചുറച്ച് ഒന്നാം പ്രതി മാനേജിങ് ഡയറക്ടറായും രണ്ടാം പ്രതി ഡയക്ടറായും പണമിടപാട് സ്ഥാപനം തുടങ്ങി ഉയർന്ന വാർഷിക പലിശ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരോട് 1996 ജൂലൈ 13 ന് സ്ഥാപനത്തിൽ വച്ച് പ്രതികൾ ചേർന്ന് വൻ തുകകൾ നിക്ഷേപങ്ങളായി വാങ്ങി അക്കൗണ്ട് നമ്പരുകൾ കാണിച്ച് ടേം ഡെപ്പോസിറ്റ് രസീതുകൾ ഒപ്പിട്ടു നൽകി പരാതിക്കാരെ പറഞ്ഞ് വിശ്വസിപ്പിച്ച പ്രകാരം നിക്ഷേപത്തിന് പലിശയോ കാലാവധി കഴിഞ്ഞ് നിക്ഷേപമോ മടക്കിക്കൊടുക്കാതെ തുകകൾ പ്രതികൾ സ്വന്തമായി സ്വകാര്യ ആവശ്യത്തിനെടുത്ത് നിക്ഷേപകരെ വഞ്ചിച്ച് പണം തട്ടിയെടുത്ത് 1997 ഡിസംബറോടെ വഴുതക്കാട്ടുള്ള സ്ഥാപനങ്ങൾ പൂട്ടി നിക്ഷേപകരെ ചതിച്ച് സ്ഥലം വിട്ടു പോയെന്നാണ് കേസ്.