- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചൽ രാമഭദ്രൻ കൊലക്കേസ്: രാഷ്ട്രീയ കൊലപാതകമെന്ന് ഭാര്യ ഇന്ദു; ഭർത്താവിനെ വെട്ടിക്കൊന്നത് തന്റെ കണ്മുമ്പിൽ വച്ച്; തന്റെ കഴുത്തിൽ അരിവാൾ വച്ച് അരിഞ്ഞു കളയുമെന്ന് ഭീഷണിപ്പെടുത്തി; സിബിഐ കോടതിയിൽ വിചാരണ തുടരുന്നു
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് അഞ്ചൽ രാമഭദ്രൻ കൊലപാതകക്കേസ് രാഷ്ട്രീയ കൊലപാതകമെന്ന് ഭാര്യ ഇന്ദു സാക്ഷി മൊഴി നൽകി. തിരുവനന്തപുരം സിബിഐ ജഡ്ജി കെ. സനിൽകുമാർ മുമ്പാകെ നടക്കുന്ന വിചാരണയിലാണ് മൂന്നാം സാക്ഷിയും കൊല്ലപ്പെട്ട രാമഭദ്രന്റെ ഭാര്യയുമായ ഇന്ദു നിർണ്ണായക മൊഴി നൽകിയത്.
2010 ഏപ്രിൽ 10 ന് രാത്രി 9 മണിക്കാണ് സംഭവം നടന്നത്. 10 ഓളം സി പി എം പ്രവർത്തകർ ജീപ്പിലെത്തി മരകായുധങ്ങളായ വാളുകൾ , വെട്ടുകത്തി , അരിവാൾ എന്നിവ സഹിതം വീട്ടിനുള്ളിൽ അതിക്രമിച്ചു കടന്ന് വന്ന് തന്റെ കൺമുന്നിലിട്ടാണ് ഭർത്താവിനെ തുരുതുരാ വെട്ടിയത്. കഴുത്തിലും നെഞ്ചിലും തലയിലുമായാണ് മാരകമായി വെട്ടിയത്. ഭർത്താവിന് സ്വയരക്ഷക്കായി പ്രതിരോധിക്കാനാവാത്ത വിധത്തിലാണ് പ്രതികൾ കൃത്യം നിർവ്വഹിച്ചത്.
വാളുകളുടെ അഗ്രം കുർത്ത് മേലോട്ട് വളഞ്ഞും കൈപ്പിടിയോടു കൂടിയതുമാണ്. പ്രതികൾ കൃത്യത്തിനുപയോഗിച്ച 6 വാളുകളും 1 വെട്ടുകത്തിയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞു. ഗൂഢാലോചനക്കാരടക്കം പ്രതിക്കൂട്ടിൽ നിന്ന 18 പ്രതികളിൽ കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത 7 പ്രതികളേയും സാക്ഷി കോടതിയിൽ തിരിച്ചറിഞ്ഞ് ജഡ്ജി സനിൽകുമാർ മുമ്പാകെ ചൂണ്ടിക്കാട്ടിയാണ് മൊഴി നൽകിയത്.
തന്റെ കഴുത്തിൽ അരിവാൾ വച്ച് അരിഞ്ഞു കളയുമെന്ന് ആക്രോശിച്ച് ഒരു പ്രതി ഭീഷണിപ്പെടുത്തി തനിക്ക് മരണഭയമുണ്ടാക്കിയതായും ഇന്ദു മൊഴി നൽകി. ഭർത്താവിനെ വെട്ടി ചേതനയറ്റ് വീണ് മൃത പ്രായനാക്കിയ ശേഷം പ്രതികൾ സ്റ്റാർട്ടാക്കി നിർത്തിയിരുന്ന ജീപ്പിൽ ആയുധങ്ങളുമായി ഓടിക്കയറി ' അവന്റെ കാര്യം കഴിഞ്ഞെടാ '' എന്ന് ആക്രോശിച്ച് കൊണ്ട് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
തുടർന്ന് രാമഭദ്രനെ ആദ്യം അഞ്ചൽ മിഷൻ ആശുപത്രിയിലേയ്ക്കും അവിടെ നിന്ന് വെഞ്ഞാറമൂട് ഗോകുലം മെഡിക്കൽ കോളേജിലേക്കും കൊണ്ടു പോയി. 11 ന് പുലർച്ചെ മരിച്ചു. ഏലൂർ എസ് ഐ , അഞ്ചൽ സി ഐ , ക്രൈംബ്രാഞ്ച് എന്നിവരുടെ അന്വേഷണം കേസ് അട്ടിമറിച്ച് പ്രതികളെ രക്ഷപ്പെടുത്തുന്ന രീതിയിലായതിനാൽ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയാണ് സിബിഐക്ക് അന്വേഷണം കൈമാറിയത്.
പുനലൂർ , അഞ്ചൽ മേഖലകളിലെ സി പി എം അനുഭാവികളും അണികളും മികച്ച സംഘാടകനായ രാമഭദ്രന്റെ സജീവ , സംശുദ്ധ രാഷ്ട്രീയ പ്രവർത്തന ഫലമായി സി പി എം വിട്ട് കോൺഗ്രസ് പാർട്ടിയിൽ ചേർന്നിരുന്നു. സിപിഎം പാർട്ടിയിൽ നിന്നും കോൺഗ്രസ് പാർട്ടിയിലേക്കുള്ള അണികളുടെ കൊഴിഞ്ഞു പോക്കിൽ നിന്നുടലെടുത്ത ഈ രാഷ്ട്രീയ പകയും വൈരാഗ്യവുമാണ് ഭർത്താവിന്റെ ജീവനെടുത്ത അരും കൊലക്ക് കാരണമായതെന്നും ഇന്ദു മൊഴി നൽകി.
ജൂലൈ ഒന്നിനാരംഭിച്ച വിചാരണ 16 വരെയാണ് കോടതി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. രേഖകളും തൊണ്ടിമുതലുകളുമായി 192 എണ്ണമുണ്ട്. 206 സാക്ഷികളും 10 മാസത്തിനകം വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് വിചാരണ ത്വരിതപ്പെടുത്താൻ കോടതി ഉത്തരവിട്ടത്. സുപ്രീം കോടതി 2021 ൽ പുറപ്പെടുവിച്ച മാർഗ്ഗ നിർദേശ പ്രകാരം പ്രോസിക്യൂട്ടർമാരുടെ ക്ലസ്റ്റർ രൂപീകരിക്കാനും സിബിഐ എസ്‌പി യോട് സി ബി ഐ ജഡ്ജി ഉത്തരവിട്ടു. കേസിന്റെ ചുമതലയുള്ള പ്രോസിക്യൂട്ടർക്ക് വിചാരണക്ക് ഹാജരാകാൻ അസൗകര്യമുണ്ടായാൽ വിചാരണ തടസ്സപ്പെടാതിരിക്കാനാണ് ഇപ്രകാരമുള്ള നിർദ്ദേശം സുപ്രീം കോടതി രാജ്യത്തെ വിചാരണ കോടതികൾക്ക് നൽകിയത്.
കേസിലെ പ്രതികൾക്ക് കർശന ഉപാധികളോടെയാണ് 2020 ൽ കോടതി ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ പ്രതികളുടെ സ്വന്തവും തുല്യ തുകക്കുള്ള രണ്ടാൾ ജാമ്യത്തിലുമാണ് ജാമ്യം നൽകിയത്. പാസ്‌പോർട്ട് കോടതിയിൽ കെട്ടി വക്കണം. പാസ്‌പോർട്ട് എടുത്തിട്ടില്ലായെങ്കിൽ വിവരത്തിന് സത്യവാങ്മൂലം സമർപ്പിക്കണം. സാക്ഷികളെ സ്വാധീനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്യരുത്. തെളിവുകൾ നശിപ്പിക്കരുത്. ജാമ്യ വ്യവസ്ഥ ലംഘിച്ചാൽ ജാമ്യം റദ്ദാക്കി വീണ്ടും കൽ തുറുങ്കിൽ അടക്കുമെന്നും ജാമ്യ ഉത്തരവിൽ സിബിഐ ജഡ്ജി സനിൽകുമാർ വ്യക്തമാക്കി. സംസ്ഥാന മന്ത്രി സഭയിലെ ഫിഷറീസ് വകുപ്പ് മുൻ മന്ത്രിയുടെ പി.എ അടക്കമുള്ള സി പി എം നേതാക്കളും അണികളുമായ 19 പ്രതികളാണ് വിചാരണ നേരിടേണ്ടത്.