തിരുവനന്തപുരം: ഭാര്യയെ അടിച്ചിറക്കി വിട്ട ശേഷം ഭാര്യയുടെ ചെക്കിൽ വ്യാജ ഒപ്പിട്ട് 4.72 ലക്ഷം രൂപ മാറിയെടുത്ത കേസിൽ ഗുജറാത്തുകാരനായ ഭർത്താവിനെതിരെ സിറ്റി ക്രൈം ബ്രാഞ്ച് തലസ്ഥാനത്തെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് സമർപ്പിച്ചത്. ഗുജറാത്ത് സൂററ്റ് ജില്ലയിൽ റണ്ടാർ ചാച്ചാ സ്ട്രീറ്റ് യൂസഫ് ബിൽഡിംഗിൽ അലി മുഹമ്മദ് ആലി യൂസഫ് ഹാൻസിയ എന്ന 62 കാരനാണ് കേസിലെ ഏക പ്രതി. മജിസ്ട്രേട്ട് അഭിനിമോൾ രാജേന്ദ്രൻ മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ തിരുവനന്തപുരം സിറ്റി ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് പൊലീസ് കമ്മീഷണറാണ് കുറ്റപത്രം സമർപ്പിച്ചത്.

ഭാര്യ ശീതൾ ഹേമന്ദ് എന്ന സാൽവ അലി മഹമ്മൂദ് ഹൻസിയയുടെ ചെക്കു ലീഫുകൾ കൈക്കലാക്കിയ പ്രതി അതിൽ ഭാര്യയുടെ കള്ള ഒപ്പിട്ട് ഭാര്യയുടെ അക്കൗണ്ടിൽ നിന്നും 7 ചെക്ക് ലീഫുകൾ ഉപയോഗിച്ച് പണം കൈക്കലാക്കിയെന്നാണ് പരാതി. 2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ശീതളിന്റെ മുൻ ഭർത്താവായ പ്രതി ഇവരുമായി പിണങ്ങിയതിനെ തുടർന്ന് പ്രതി താമസിച്ചിരുന്ന വീട്ടിൽ നിന്നും 2016 നവംബർ 6 ന് ഇറക്കിവിട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മ്യൂസിയം എൽ എം എസ് ബ്രാഞ്ചിലെ അക്കൗണ്ട് ഉൾപ്പെടെയുള്ള രേഖകൾ കൈക്കലാക്കി.

തുടർന്ന് 2017 ഫെബ്രുവരി 26 , മാർച്ച് 19 , ഏപ്രിൽ 2 , ഏപ്രിൽ 3 എന്നീ തീയതികൾ വച്ച് ഭാര്യയുടെ ഒപ്പുകൾ വ്യാജമായി ചമച്ച ചെക്കുകൾ യഥാക്രമം 90,000 , 93,000 , 50,000 , 22,000 എന്നീ തുകകൾക്കായി പ്രതിക്ക് അക്കൗണ്ടുള്ള മുംബൈ എച്ച് എസ് ബി സി ബാങ്ക് മുഖേന മാറിയെടുത്തും ഈ എൻ ആർ ഐ അക്കൗണ്ടിലെ 2017 മാർച്ച് 28 തീയതി വച്ചുള്ള 3 ചെക്കുകൾ യഥാക്രമം 93,000 , 90,000 , 34,000 എന്നീ തുകകൾ രേഖപ്പെടുത്തി ഭാര്യയുടെ വ്യാജ ഒപ്പിട്ട് മുംബൈ ബി ബി കെ ബാങ്കിൽ ഹാജരാക്കി പ്രതിയുടെ പേർക്കുള്ള അക്കൗണ്ട് മുഖേന പിൻവലിച്ചെടുത്തും ആകെ 4,72,000 രൂപ ഭാര്യയുടെ അറിവോ സമ്മതമോ കൂടാതെ ഒപ്പുകൾ വ്യാജമായി ചമച്ച് ആയത് അസ്സൽ ആണെന്ന വ്യാജേന , പണം കൈക്കലാക്കി ഭാര്യയെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നാണ് കേസ്.

ശീതളിന്റെയും അലിയുടെയും സമ്മതിക്കുന്ന സാമ്പിൾ ഒപ്പുകൾ , ബാങ്ക് രേഖകൾ , തർക്കിക്കുന്ന ചെക്കിലെ ഒപ്പുകൾ എന്നിവ കോടതി മുഖേന ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് താരതമ്യ റിപ്പോർട്ടിനായി അയച്ചിരുന്നു. എഫ് എസ് എൽ ഡറയക്ടറുടെ പരിശോധനയിൽ ഭാര്യ തർക്കിക്കുന്ന ചെക്കിലെ ഒപ്പുകൾ ഭാര്യയുടേതല്ലെന്ന റിപ്പോർട്ട് മുദ്ര വച്ച കവറിൽ കോടതിയിൽ സമർപ്പിക്കുകയായിരുന്നു.