തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ ദുരൂഹ വാഹനാപകട മരണക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിൽ തുടർവാദം പൂർത്തിയായി. തുടരന്വേഷണം വേണമോ അതോ നിലവിലെ കുറ്റപത്രത്തിലെ ഏക പ്രതിയായ ഡ്രൈവർ അർജുനെ മാത്രം വച്ച് വിചാരണ ചെയ്യണമോയെന്ന് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി 22 ന് ഉത്തരവ് പ്രഖ്യാപിക്കും.

തെളിവുകൾ ശേഖരിക്കാതെ അപൂർണ്ണമായ കുറ്റപത്രമാണ് സി ബി ഐ സമർപ്പിച്ചതെന്ന് ബോധ്യപ്പെട്ടാൽ കോടതി തുടരന്വേഷണത്തിന് ഉത്തരവിടും. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 173 (8) പ്രകാരമാണ് കോടതി തുടരന്വേഷണ ഉത്തരവ് പുറപ്പെടുവിക്കുന്നത്. കൃത്യ സ്ഥലത്തെ ചിലരുടെ സാന്നിധ്യം, കൃത്യ സ്ഥലത്ത് നിന്നും കണ്ടെത്തിയ ബാലഭാസ്‌ക്കറിന്റെയും പ്രകാശൻ തമ്പിയുടെയും മൊബെൽ ഫോണിലെ വിശദാംശങ്ങൾ സിബി ഐ, ഫോറൻസിക്, സൈബർ ഹൈടെക് സെൽ പരിശോധനക്ക് വിധേയമാക്കി തെളിവുകൾ ശേഖരിച്ചില്ല , ആശുപത്രി ഐ സി യു വിൽ ചിലരുടെ നീക്കങ്ങൾ സംശയാസ്പദം തുടങ്ങിയ കാര്യങ്ങൾ സി ബി ഐ അന്വേഷിക്കാത്തതിനാൽ സത്യം കണ്ടെത്താൻ തുടരന്വേഷണം വേണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.

അതേ സമയം മരണം കൊലപാതകമല്ലെന്നും സാധാരണ റോഡപകട മരണം മാത്രമെന്നും സിബിഐ കോടതിയിൽ ആവർത്തിച്ചു. റോഡ് ട്രാഫിക് ആക്‌സിഡന്റ് മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികളിന്മേലുള്ള തുടർവാദം വ്യാഴാഴ്ച കേൾക്കാനിരിക്കെ കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി. ഉണ്ണി, മാതാവ് ശാന്ത കുമാരി, കലാഭവൻ മിമിക്രി ട്രൂപ്പ് മാനേജർ കലാഭവൻ സോബി എന്നിവർ കോടതിയിൽ വാദമുഖങ്ങൾ രേഖാമൂലം ആർഗുമെന്റ് നോട്ടായി സമർപ്പിച്ചു.

തുടരന്വേഷണം ആവശ്യമില്ലെന്ന് സി ബി ഐ നേരത്തേ കോടതി മുമ്പാകെ കൗണ്ടർ ആക്ഷേപം സമർപ്പിച്ചിട്ടുണ്ട്. ഹർജിക്കാർ സമർപ്പിച്ച തുടരന്വേഷണ ഹർജിക്കെതിരെ സി ബി ഐ സമർപ്പിച്ച കൗണ്ടർ ഒബ്ജക്ഷനിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തുടരന്വേഷണഹർജിയിൽ സിബിഐ നിലപാടറിയിക്കാൻ കോടതി അന്വേഷണ ഉദ്യാഗസ്ഥനായ സിബിഐ തിരുവനന്തപുരം യൂണിറ്റ് എസ്. പിയോട് ഉത്തരവിട്ടിരുന്നു. ഉത്തരവ് പ്രകാരമാണ് സി ബി ഐ. കൗണ്ടർ ഫയൽ ചെയ്തത്. അതേ സമയം ഉപേക്ഷയാലുള്ള വാഹന അപകട മരണ കുറ്റമായ ഐ പി സി 304 (എ) വകുപ്പ് മാത്രം ചുമത്തി സിബിഐ കുറ്റപത്രം സമർപ്പിച്ച കേസിലെ പ്രതിയായ ഡ്രൈവർ അർജുൻ. കെ.നാരായണൻ കോടതിയിൽ ഹാജരായില്ല.

ബാലഭാസ്‌കറും കുടുംബവും തിരുവനന്തപുരം പള്ളിപ്പുറത്ത് വാഹനാപകടത്തിൽപ്പെട്ടുവെന്ന ഞെട്ടിക്കുന്ന വാർത്ത കേട്ടുകൊണ്ടാണ് 2018 സെപ്റ്റംബർ 25ന് കേരളം ഉണർന്നത്. ഒക്ടോബർ രണ്ടിന് നാടിനെ കണ്ണീരണിയിച്ചുകൊണ്ട് ബാലഭാസ്‌കർ വിടവാങ്ങുകയായിരുന്നു.