തിരുവനന്തപുരം: വനിതാ പഞ്ചായത്ത് ഓവർസിയറെ കെണി വച്ച് കുടുക്കിയ വിജിലൻസ് കൈക്കൂലി ട്രാപ്പ് കേസിൽ ജൂലൈ 6 മുതൽ റിമാന്റിൽ കഴിഞ്ഞ വനിതാ ഓവർസിയർക്ക് തിരുവനന്തപുരം വിജിലൻസ് കോടതി കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കും വരെ എല്ലാ ബുധനാഴ്ചയും വിജിലൻസ് ഓഫീസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരായി ഒപ്പിടണം.

തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന്റെ അധികാര പരിധിയിൽ പ്രവേശിക്കരുത്. പാസ്‌പോർട്ട് കോടതിയിൽ കെട്ടി വക്കണം. പാസ്‌പോർട്ട് എടുത്തിട്ടില്ലെങ്കിൽ വിവരത്തിന് സത്യവാങ്മൂലം സമർപ്പിക്കണം. സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവുകൾ നശിപ്പിക്കരുതെന്നും വിജിലൻസ് ജഡ്ജി ജി. ഗോപകുമാർ ഉത്തരവിട്ടു. ജൂലൈ 6 നാണ് വിജിലൻസ് കെണിയൊരുക്കി വിളപ്പിൽ ഗ്രാമപഞ്ചായത്ത് ഓവർസിയർ ഗ്രേഡ് - 2 ശ്രീലതയെ കൈക്കൂലി ട്രാപ്പ് കേസിൽ അറസ്റ്റ് ചെയ്തത്. ജൂലൈ 6 മുതൽ റിമാന്റിൽ കഴിയുന്ന ഓവർസിയർക്ക് 12 -ാം ദിവസം 18 നാണ് ജാമ്യം അനുവദിച്ചത്.

താൻ നിരപരാധിയാണെന്നും പരാതിക്കാരൻ താൻ ആവശ്യപ്പെടാതെ നോട്ടുകൾ കൈയിൽ തിരുകി വച്ച് കേസിൽ കുടുക്കുകയാണെന്നാണ് ജാമ്യഹർജിയിൽ പ്രതി ബോധിപ്പിച്ചത്. ചട്ടലംഘനമുള്ളതിനാൽ അത് ക്ലിയർ ചെയ്താലേ മൂന്നാം നില കെട്ടിട പെർമിറ്റ് നൽകാൻ അനുകൂല റിപ്പോർട്ട് നൽകാനാവൂവെന്ന് താൻ ശഠിച്ചതിൽ വച്ചുള്ള വിരോധത്താൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്നും ജാമ്യഹർജിയിൽ ബോധിപ്പിച്ചു.