- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലിഗ സ്ക്രെമേന കൊലക്കേസ് വിചാരണയിൽ നാടകീയ രംഗങ്ങൾ; മൃതദേഹത്തിന്റെ ഫോട്ടോകളിൽ ഒന്ന് കാണാനില്ല; പ്രതിഭാഗം അഭിഭാഷകർക്കാണ് ഉത്തരവാദിത്വമെന്ന് കോടതി; ഒടുവിൽ ഫോട്ടോ കിട്ടിയപ്പോൾ എല്ലാവർക്കും ആശ്വാസം
തിരുവനന്തപുരം: കോവളം ചെന്തിലാക്കരി കണ്ടൽക്കാട്ടിൽ ലാത്വിയൻ യുവതിയെ കൂട്ട ബലാൽസംഗത്തിനിരയാക്കിയ ശേഷം ക്രൂരമായി കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണയിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. വിസ്താര വേളയിൽ യുവതിയുടെ ശവശരീരത്തിന്റെ ഇൻക്വസ്റ്റിന്റെയും സീൻ മഹസറിന്റെയും വിവിധ ആങ്കിളിലെടുത്ത 38 ഫോട്ടോകളിൽ ഒന്ന് കാണാതായത് കോടതി ഹാളിൽ പരിഭ്രാന്തി പരത്തി.
ഫോട്ടോകൾ കൈയിലെടുത്ത് പ്രതിഭാഗം ക്രോസ് വിസ്താരം ആരംഭിച്ചപ്പോഴാണ് ഫോട്ടോകളിൽ 1 കുറവുള്ളത് ശ്രദ്ധയിൽ പെട്ടത്. തുടർന്ന് പ്രതിഭാഗം അഭിഭാഷകർക്കാണ് ഉത്തരവാദിത്വമെന്ന് കോടതി പറഞ്ഞതോടെ തങ്ങളെ വേണമെങ്കിൽ ദേഹ പരിശോധന നടത്തിക്കാള്ളാൻ പ്രതിഭാഗം അഭിഭാഷകർ ബോധിപ്പിച്ചു. വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതിയിലാണ് നാടകീയ രംഗങ്ങൾ നടന്നത്.
തുടർന്ന് ജഡ്ജിയുടെ ചേംബറിൽ നിന്ന് തന്നെ ഫോട്ടോ ലഭിച്ചതോടെയാണ് നാടകീയ രംഗങ്ങൾക്ക് തിരശീല വീണത്. ഉച്ച തിരിഞ്ഞ് 2.30 ന് വിചാരണ തുടർന്ന കോടതി ഫോട്ടോകൾ പ്രോസിക്യൂഷൻ ഭാഗം 3 എ മുതൽ 31 വരെയും 31 മുതൽ 41 എ വരെയുള്ള തെളിവുകളായി സ്വീകരിച്ചു. പ്രോസിക്യൂഷൻ ഭാഗം 28-ാം സാക്ഷിയായി തിരുവല്ലം മുൻ എസ് ഐ ആർ.ശിവകുമാറിനെ വിസ്തരിക്കുമ്പോഴാണ് നാടകീയ രംഗങ്ങൾക്ക് വഴിവച്ചത്.
ഇൻക്വസ്റ്റ് , സീൻ മഹസർ എന്നിവയുടെ വിവിധ ഫോട്ടോകൾ എടുത്ത് ഹാജരാക്കിയത് ജില്ലാ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ ഫോട്ടോഗ്രാഫർ ബിനുകുമാറായിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിലുണ്ടായിരുന്ന വഞ്ചിയൂർ സിഐ സുരേഷ്.വി.നായരും മൊഴി നൽകി. സിഐ പ്രതികളെയും തൊണ്ടിമുതലും കോടതിയിൽ തിരിച്ചറിഞ്ഞു.
മരണ കാരണം മുങ്ങി മരണമല്ലെന്നും യുവതിയെ കഴുത്തു ഞെരുക്കി തരുണാസ്ഥിക്കും തൈറോയിഡ് അസ്ഥിക്കും പൊട്ടൽ സംഭവിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയ ഡോ. ശശികല സാക്ഷിമൊഴി നൽകിയിരുന്നു. വിചാരണക്കോടതിയായ തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ.കെ. ബാലകൃഷ്ണൻ മുമ്പാകെയാണ് ഡോക്ടർ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഉദ്ധരിച്ച് മൊഴി നൽകിയത്. പോസ്റ്റ്‌മോർട്ടം സർട്ടിഫിക്കറ്റ് പ്രോസിക്യൂഷൻ ഭാഗം 26-ാം രേഖയാക്കി അക്കമിട്ട് കോടതി തെളിവിൽ സ്വീകരിച്ചു. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ഫോറൻസിക് വിഭാഗം ഡോക്ടറായിരിക്കെയാണ് താനും ഫോറൻസിക് ഡോ.ശരിജയും ചേർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്.
മൃതദേഹത്തിൽ ശുക്ലമോ പുരുഷ ബീജസങ്കലമോ കണ്ടെത്താത്തത് മൃതദേഹം 37 ദിവസം അഴുകി ദ്രവിച്ച് ചീഞ്ഞ് അസ്ഥിപഞ്ചരമായതിനാലാണ്. കഴുത്തിലെ എല്ലുകൾ 3 ദിവസം മാസെറേഷൻ (കുതിർത്ത്) കലകൾ മാറ്റി പരിശോധിച്ചപ്പോൾ കഴുത്തിൽ ബ്രൌൺ കളർ നിറവ്യത്യാസം കണ്ടത് കഴുത്തു ഞെരിച്ചതിന്റെ തെളിവാണെന്നും ഡോക്ടർ മൊഴി നൽകി. പക്ഷിമൃഗാദികൾ കൊത്തിത്തിന്ന നിലയിലായിരുന്നു ശരീരത്തിലെ പല ഭാഗങ്ങളുമെന്നും അവർ മൊഴി നൽകി.
ബോൺമാരോ (മജ്ജ,എല്ലുകാമ്പ്) യിൽ കാണപ്പെട്ടതും തോട്ടിലിമുള്ള വെള്ളം ഒന്നായതിന് കാരണം കഴുത്ത് ഞെക്കി പരിക്കേൽപ്പിച്ച ശേഷം മരണത്തിന് മുമ്പ് വെള്ളം കുടിച്ചാലോ കുടിപ്പിച്ചാലോ രക്തക്കുഴലുകൾ വഴി ഹൃദയത്തിലൂടെ എല്ലാ അയവങ്ങളിലും എത്തി ഒടുവിൽ വെള്ളത്തിലെ ഡയാറ്റം ( സൂക്ഷ്മജീവ ജനുസ്) ബോൺ മാരോയിലെത്തിയതിനാലെന്നും ഡോക്ടർ മൊഴി നൽകി. തുടയെല്ലിൽ കാണപ്പെട്ട പരിക്കുകൾ യുവതിയിൽ ആ ഭാഗത്ത് ബലപ്രയോഗം നടത്തിയതിനാലാണ്. കഴുത്തിലെ എല്ലുകൾ 3 ദിവസം കുതിർത്ത് പരിശോധിച്ചപ്പോൾ കഴുത്തിൽ ബ്രൌൺ കളർ നിറവ്യത്യാസം കണ്ടത് കഴുത്തുഞെരിച്ചതിന്റെ തെളിവാണെന്നും ഡോക്ടർ മൊഴി നൽകി.
ലിഗയുടെ സഹോദരി ഇൽസ കണ്ണുകൾ ഈറനണിഞ്ഞാണ് വിചാരണ കേട്ടത്.വിദേശ വനിതയെ മയക്കു മരുന്ന് ചേർത്ത സിഗരറ്റ് നൽകി വൈകിട്ട് 4 നും 5 നുമിടക്ക് മാറി മാറി പീഡിപ്പിച്ച ശേഷം 5.30 ക്ക് സ്വബോധം വീണ്ടെടുത്ത യുവതി കൃത്യ സ്ഥലത്ത് നിന്നും രക്ഷപ്പെടാൻ ശ്രമിക്കവേ ഒന്നാം പ്രതി യുവതിയുടെ കഴുത്തിൽ പുറകുവശത്തു നിന്നും കൈമുട്ടുമടക്കി ശക്തിയായി ഞെരിച്ചമർത്തി. തുടർന്ന് താഴെ വീണു ചലനമറ്റു കിടന്ന യുവതിയുടെ മുഖത്തും വായിലേക്കും സമീപത്തുള്ള ആറ്റിൽ നിന്നും രണ്ടാം പ്രതി ഒരു കുപ്പിയിൽ വെള്ളം ഒഴിച്ച് നോക്കിയും അതേ അവസ്ഥയിൽ തുടർന്ന യുവതിയുടെ മരണം ഉറപ്പിക്കുന്നതിനും കണ്ടാൽ ആത്മഹത്യയെന്ന് തോന്നൽ ഉണ്ടാക്കി എളുപ്പത്തിലാരും ശ്രദ്ധിക്കാത്ത വിധത്തിൽ ചാട്ടങ്ങ മരങ്ങൾക്കിടയിലേക്ക് പ്രതികൾ ചേർന്ന് എടുത്തു കൊണ്ടുപോയി വള്ളിയിൽ തറയിൽ നിന്നും 2 മീറ്റർ 48 സെ.മീ. ഉയരത്തിൽ വള്ളി ഭാഗത്ത് കുരുക്കുണ്ടാക്കി പ്രതികൾ ഒരുമിച്ച് കാട്ടു വള്ളിയിൽ കെട്ടി തൂക്കിയ ശേഷം യുവതിയുടെ ചെരിപ്പുകൾ ആറ്റിലേക്ക് വലിച്ചെറിഞ്ഞും അടിവസ്ത്രം സമീപത്തുള്ള ചതുപ്പിൽ ചവുട്ടി താഴ്‌ത്തിയും മൃതദേഹം കണ്ടൽക്കാട്ടിൽ ഒളിപ്പിച്ച് ദിവസങ്ങളോളം പുറത്തറിയാതെ അഴുകി ജീർണ്ണിച്ച് കിടന്ന് ശരീരഭാഗങ്ങൾ വേർപെട്ട് താഴേക്ക് വീണ് തെളിവുകൾ നശിപ്പിക്കുന്നതിന് ഇടവരുത്തിയും തെളിവുകൾ നശിപ്പിച്ചുവെന്ന കേസാണ് തലസ്ഥാനത്തെ വിചാരണ കോടതിയിൽ പുരോഗമിക്കുന്നത്. പേലീസ് 2 നീന്തൽകാരെ ഇറക്കി പ്രതികളുടെ സാന്നിധ്യത്തിൽ പരിശോധിച്ചെങ്കിലും തൊണ്ടി ചെരുപ്പുകൾ വീണ്ടെടുക്കാനായില്ല. അതേ സമയം പ്രതികളുടെ സാന്നിദ്ധ്യത്തിൽ പ്രതികൾ ചതുപ്പിൽ ചവിട്ടിത്താഴ്‌ത്തിയ അടിവസ്ത്രം പൊലീസ് വീണ്ടെടുത്ത് തൊണ്ടിയായി കോടതിയിൽ ഹാജരാക്കിയത് സഹോദരി കോടതിയിൽ തിരിച്ചറിഞ്ഞു.
2018 മാർച്ച് 14 ന് കൊലപ്പെടുത്തിയ യുവതിയുടെ മൃതദേഹം കണ്ടെത്തിയത് 37ദിവസം പിന്നിട്ട് ഏപ്രിൽ 20 ന് അഴുകി ജീർണിച്ച് ശരീരഭാഗങ്ങൾ വേർപെട്ട് താഴെ വീണ് തെളിവുകൾ നശിപ്പിക്കപ്പെട്ട നിലയിലാണ്.