- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പോക്‌സോ കേസ് പ്രതിയെ ഹാജരാക്കാൻ രണ്ടുതവണ ആവശ്യപ്പെട്ടിട്ടും അനുസരിച്ചില്ല; 19 കാരനായ പ്രതിയെ ശ്രീകാര്യം സിഐ നേരിട്ട് ഹാജരാക്കാൻ പോക്‌സോ കോടതി ഉത്തരവ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫോണിൽ ശല്യം ചെയ്യുകയും രാത്രിയിൽ വീട്ടിൽ അതിക്രമിച്ച് കടക്കുകയും ചെയ്‌തെന്ന കേസിലെ പ്രതിയെ ഹാജരാക്കാൻ പോക്‌സോ കോടതി ഉത്തരവ്. 19 കാരനായ പിറവം സ്വദേശിയെ ഹാജരാക്കാത്ത ശ്രീകാര്യം പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ നേരിട്ടു ഹാജരാകാനാണ് തലസ്ഥാനത്ത ജില്ലാ പോക്‌സോ കോടതി ഉത്തരവിട്ടത്.
മനപ്പൂർവ്വമായ അനുസരണക്കേടിന് നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനും സിഐയോട് കോടതി ഉത്തരവിട്ടു. പ്രതിയെ ഹാജരാക്കാൻ ജൂൺ 13, ജൂൺ 29 തീയതികളിലായി രണ്ടു തവണ ആവശ്യപ്പെട്ടിട്ടും ഉത്തരവ് പാലിക്കുകയോ പാലിക്കാത്ത കാരണം ബോധിപ്പിച്ചുള്ള റിപ്പോർട്ട് സമർപ്പിക്കുകയോ ചെയ്യാത്തതിനാലാണ് സി ഐ നേരിട്ടു ഹാജരാകാൻ പോക്‌സോ ജഡ്ജി എംപി. ഷിബു ഉത്തരവിട്ടത്.
കോടതി ഉത്തരവുകൾക്ക് വില കൽപ്പിക്കാത്ത സി ഐ യുടെ നിഷ്‌ക്രിയത്വം, നിരുത്തരവാദിത്വവും ഗുരുതരമായ കൃത്യ വിലോപവും ബോധപൂർവ്വമായ അനുസരണക്കേടുമാണെന്ന് കോടതി നിരീക്ഷിച്ചു. കേരള പൊലീസ് നിയമത്തിൽ പൊലീസിന്റെ ഡ്യൂട്ടികളിൽ നിഷ്‌ക്കർശിക്കുന്ന പരമ പ്രധാന ഡ്യൂട്ടി കോടതിയുടെ സമൻസ്, വാറണ്ടുത്തരവുകൾ നടപ്പിലാക്കലാണെന്നും കോടതി നിരീക്ഷിച്ചു.
ഓഡിയോ ക്ലിപ്പുകൾ, ശബ്ദ സാമ്പിളുകൾ, മൊബൈൽ ഫോണുകൾ എന്നിവയുടെ ഫോറൻസിക് സയൻസ് ലബോറട്ടറി പരിശോധനാ റിപ്പോർട്ട് ഒക്ടോബർ 29 ന് ഹാജരാക്കാൻ എഫ് എസ് എൽ ഡയറക്ടറോടും കോടതി ഉത്തരവിട്ടു. എറണാകുളം പിറവം സ്വദേശി റിജോഷിനെ ഒക്ടോബർ 29 ന് ഹാജരാക്കാനും കോടതി ഉത്തരവിട്ടു. സമൂഹമാധ്യമം വഴിപരിചയപ്പെട്ട പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശങ്ങൾ അയച്ച് ശല്യപ്പെടുത്തുകയും രാത്രി പതുങ്ങിയിരുന്ന് ഭവന കൈയേറ്റം നടത്തിയെന്നുമാണ് കേസ്.
2021 ഒക്ടോബർ 19 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പൗഡിക്കോണം സ്വദേശിനിയായ 15 കാരി പഠനത്തിനായി ഉപയോഗിച്ചിരുന്ന ഫോണിൽ റിജോഷ് നിരന്തരം സന്ദേശം അയച്ച് പരിചയപ്പെടുകയും തുടർന്ന് അശ്ലീല സന്ദേശങ്ങൾ അയക്കുകയും വിളിച്ച് ശല്യപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന കൈയേറ്റം നടത്തിയെന്നും കാട്ടി വീട്ടുകാർ നൽകിയ പരാതിയിലാണ് പോക്‌സോ കേസ്. 19 നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354 - ഡി ( ഒരു സ്ത്രീ ഇന്റർനെറ്റോ ഇ-മെയിലോ മറ്റ് ഇലക്ട്രോണിക് വിനിമയ രൂപമോ ഉപയോഗിക്കുന്നത് നിരീക്ഷിച്ചു കൊണ്ടുള്ള പൂവാലശല്യക്കുറ്റം) , 457 ( രാത്രി പതുങ്ങിയിരുന്നു കൊണ്ടുള്ള ഭവന കൈയേറ്റവും ഭവനഭേദനവും) , പോക്‌സോ നിയമത്തിലെ 12 , 11 (4) എന്നീ വകുപ്പുകൾ പ്രകാരമാണ് കോടതി കേസെടുത്തത്.