- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്രം കൈകഴുകി; ഇനി എന്താണ് സംസ്ഥാനത്തിന്റെ നിലപാട്? പദ്ധതി എങ്ങനെ ഈ അവസ്ഥയിലായി എന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്ന് ഹൈക്കോടതി; പദ്ധതിയുടേത് മികച്ച ആശയം ആയിരുന്നെന്നും നടപ്പാക്കാൻ ധൃതി കാട്ടിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ
കൊച്ചി: സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ തൽസ്ഥിതി അറിയിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദ്ദേശം. സാമൂഹികാഘാത പഠനത്തെ കേന്ദ്ര സർക്കാർ തള്ളുകയോ കൊള്ളുകയോ ചെയ്തിട്ടില്ലെന്നും കേന്ദ്ര സർക്കാർ കൈ കഴുകുകയാണെന്നും കോടതി വ്യക്തമാക്കി. ഇനിയെന്താണ് സംസ്ഥാനത്തിന്റെ നിലപാടെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. സിൽവർ ലൈൻ സാമൂഹ്യ ആഘാത പഠനത്തെ ചോദ്യം ചെയ്തുള്ള ഹർജി പരിഗണിക്കുന്നതിടെയാണ് കോടതിയുടെ പരാമർശങ്ങൾ.
സിൽവർലൈൻ പദ്ധതിയുടേത് മികച്ച ആശയം ആയിരുന്നെന്നും എന്നാൽ നടപ്പാക്കാൻ ധൃതി കാട്ടിയെന്നും കോടതി അഭിപ്രായപ്പെട്ടു.പദ്ധതി നടപ്പാക്കാൻ സർക്കാർ അനാവശ്യ ധൃതി കാണിച്ചെന്നും, നല്ലൊരു പദ്ധതി എങ്ങനെ ഈ അവസ്ഥയിലായെന്ന് സർക്കാരും കെ റെയിലും ആലോചിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. മഞ്ഞകുറ്റി ഉപയോഗിച്ചുള്ള സർവ്വേ ഇനി ഉണ്ടാകില്ലെന്ന് സർക്കാർ അറിയിച്ചത് കോടതി രേഖപ്പെടുത്തി. കോടതി പറഞ്ഞത് സർക്കാർ ആദ്യം തന്നെ കേൾക്കണമായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. കോടതിയെ കുറ്റപ്പെടുത്താനാണ് എപ്പോഴും ശ്രമിച്ചത്. കോടതി ആരുടെയും ശത്രു അല്ല. ഇപ്പോൾ കേന്ദ്ര സർക്കാർ കൈ ഒഴിഞ്ഞില്ലെയെന്നും കോടതി ചോദിച്ചു.
സാമൂഹിക ആഘാത പഠനവും ജിയോ ടാഗിംഗുമായി മുന്നോട്ട് പോകുകയാണോ എന്ന് കോടതി സർക്കാരിനോട് ചോദിച്ചു. സാമൂഹികാഘാത പഠനത്തിന്റെ സ്റ്റാറ്റസ് എന്താണെന്ന് അറിയിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതിക്കു കേന്ദ്രാനുമതിയില്ലെന്നും സാമൂഹിക ആഘാത പഠനത്തിന്റെ ചെലവ് കെ റെയിൽ കോർപ്പറേഷൻ സ്വന്തം നിലയ്ക്കു കണ്ടെത്തണമെന്നും കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു.
വിഷയത്തിൽ നിലപാട് അറിയിക്കാൻ സർക്കാർ രണ്ടാഴ്ച കൂടി സാവകാശം തേടിയിട്ടുണ്ട്. കേസ് അടുത്ത മാസം 10 ന് വീണ്ടും പരിഗണിക്കും.