കൊച്ചി: മന്ത്രി ആന്റണി രാജു പ്രതിയായ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന കേസിൽ വിചാരണ നടപടികൾ എന്തുകൊണ്ടാണ് ഇത്രനാൾ നീണ്ടുപോയതെന്ന് ഹൈക്കോടതി. വിചാരണ നീണ്ടത് ഗൗരവതരമാണ്. വർഷങ്ങൾ പഴക്കമുള്ള കേസല്ലെ ഇതെന്നും കോടതി ചോദിച്ചു. മയക്കുമരുന്ന് കടത്തിയ കേസിൽ പ്രതിയെ രക്ഷിക്കാൻ തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചുവെന്ന കേസിൽ വിചാരണ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.

ഹർജിയിൽ പറയുന്ന കാര്യങ്ങൾ അവഗണിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫയൽ നമ്പർ ഇടുന്നതുമായി സാങ്കേതിക പ്രശ്നങ്ങൾ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചതിനെ തുടർന്ന് ഹർജി പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിവെച്ചു. പൊതുപ്രവർത്തകനായ ജോർജ് വട്ടുകുളമാണ് മന്ത്രിക്കെതിരായ വിചാരണ വൈകുന്നതിനെതിരെ ഹർജിയുമായി കോടതിയെ സമീപിച്ചത്. വിചാരണ കോടതിക്കെതിരെ അന്വേഷണം വേണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

1990 ഏപ്രിൽ നാലിനു തിരുവനന്തപുരം വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ പൗരൻ ആൻഡ്രൂ സാൽവദോർ ഉൾവസ്ത്രത്തിൽ ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയതിനു പിടിയിലായതാണ് കേസിനാസ്പദമായ സംഭവം. വഞ്ചിയൂർ സെഷൻസ് കോടതി 10 വർഷം തടവിനു ശിക്ഷിച്ചെങ്കിലും എന്നാൽ ലഹരിമരുന്ന് കടത്തിയെന്നു പറയുന്ന അടിവസ്ത്രം ഇയാൾക്കു പാകമല്ലെന്ന വാദം ശരിവച്ച് അപ്പീലിൽ ഹൈക്കോടതി വിട്ടയച്ചിരുന്നു.

ഓസ്‌ട്രേലിയയിലേക്കു മടങ്ങിയ സാൽവദോർ അവിടെ കൊലക്കേസിൽ പ്രതിയായി. ഓസ്‌ട്രേലിയൻ പൊലീസ് നടത്തിയ അന്വേഷണത്തിൽ ലഹരിമരുന്നു കേസിൽ കോടതി ജീവനക്കാരനു കൈക്കൂലി നൽകി തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയിരുന്നെന്ന് അറിഞ്ഞതിനെ തുടർന്ന് ഇന്റർപോൾ മുഖേന വിവരം ഇന്ത്യൻ അധികൃതർക്കു കൈമാറി. തൊണ്ടിമുതലിൽ കൃത്രിമം നടന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥനും പരാതിപ്പെട്ടു. തുടർന്ന് കോടതിയിലെ തൊണ്ടി ക്ലാർക്ക് ജോസ്, അന്ന് അഭിഭാഷകനായിരുന്ന ആന്റണി രാജു എന്നിവർക്കെതിരെ കേസെടുത്തെങ്കിലും വിചാരണ നീണ്ടു പോയി.

കേസ് വിചാരണയ്ക്ക് പരിഗണിക്കുമ്പോൾ ആന്റണി രാജു ഹാജരാക്കാത്തത് മൂലം നിരന്തരം മാറ്റിവെക്കേണ്ടി വരുകയാണെന്നും ആരോപണമുണ്ടായിരുന്നു.