- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൈംഗിക അതിക്രമക്കേസിൽ സിവിക് ചന്ദ്രന്റെ അറസ്റ്റ് തടഞ്ഞു; ഈ മാസം 30 ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും വരെ അറസ്റ്റ് അരുതെന്ന് കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി; സിവിക് നിലവിൽ ഒളിവിൽ
കോഴിക്കോട്: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ യുവ എഴുത്തുകാരി നൽകിയ ലൈംഗിക അതിക്രമ കേസിൽ അറസ്റ്റ് കോടതി ഈ മാസം 30 വരെ തടഞ്ഞു. ഇക്കഴിഞ്ഞ ഏപ്രിലിലാണ് സംഭവം. യുവതിയുടെ പുസ്തക പ്രകാശനത്തിന് കൊയിലാണ്ടിയിലെ ഒരു വീട്ടിൽ ഒത്തുകൂടിയിരുന്നു. പിറ്റേന്ന് രാവിലെ ഉറങ്ങുകയായിരുന്ന യുവതിയെ സിവിക് ചന്ദ്രൻ ബലമായി പിടിച്ച് ചുംബിച്ചുവെന്നുമാണ് പരാതി.
കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് എസ് കൃഷ്ണ കുമാറാണ് മുപ്പതിന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ടത്. യുവ എഴുത്തുകാരിയുടെ പരാതിയിൽ കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പൊലീസ് കേസെടുത്തത്. ബലാൽസംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പൊലീസ് അന്വേഷണം തുടങ്ങിയതോടെ അദ്ദേഹം ഒളിവിൽ പോയിരിക്കുകയാണ്.
കോഴിക്കോട് വെസ്റ്റ്ഹില്ലിലുള്ള വീട്ടിലേക്ക് പലതവണ അന്വേഷണസംഘം എത്തിയെങ്കിലും കണ്ടെത്താനായില്ല. ഫോൺ സ്വിച്ച്ഡ് ഓഫാണെന്നും ചെലവിവരങ്ങളുടെ അടിസ്ഥാനത്തിൽ അയൽ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
കേസെടുത്ത് ഒരാഴ്ച കഴിഞ്ഞിട്ടും സിവിക് ചന്ദ്രൻ എവിടെയുണ്ടെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ലെന്നും ഒരാഴ്ചക്കകം നടപടിയെടുത്തില്ലെങ്കിൽ ഉത്തരമേഖ ഐ.ജി ഓഫീസിന് മുന്നിൽ പ്രക്ഷോഭം തുടങ്ങുമെന്നും ദളിത് സംഘടനകൾ അറിയിച്ചു. ഐ.ജി.യുടെ ഓഫീസ് മുന്നിൽ കുടിൽകെട്ടി സമരം തുടങ്ങാനാണ് ദളിത് സംഘടനകളുടെ തീരുമാനം. പരാതിയിൽ നടപടി വൈകുന്നതിൽ ഇടപെടൽ ആവശ്യപ്പെട്ട് സാമൂഹിക സാംസ്‌കാരിക രംഗത്തെ 100 പേർ ഒപ്പുവെച്ച നിവേദനവും മുഖ്യമന്ത്രിക്ക് നൽകിയിട്ടുണ്ട്.
അതിനിടെയാണ് കോഴിക്കോട് ജില്ലാകോടതി വഴി സിവിക് ചന്ദ്രൻ മുൻകൂർ ജാമ്യാപേക്ഷയ്ക്ക് ശ്രമിച്ചത്. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈ.എസ്‌പി.യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രേഖപ്പെടുത്തി. സാക്ഷികളിൽനിന്നുള്ള മൊഴിയെടുപ്പ് പുരോഗമിക്കുകയാണ്. സംഭവ സ്ഥലത്ത് പരാതിക്കാരിയെ എത്തിച്ച് തെളിവെടുപ്പും പൊലീസ് പൂർത്തിയാക്കി. ഏപ്രിൽ 17-നാണ് പുസ്തക പ്രകാശനത്തിനായി കോഴിക്കോട് എത്തിയ എഴുത്തുകാരിക്കെതിരെ അതിക്രമം ഉണ്ടായത്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ വടകര ഡിവൈ.എസ്‌പി.ക്കാണ് അന്വേഷണ ചുമതല.
യുവതിയുടെ പുസ്തക പ്രകാശനത്തിനും പബ്ലിഷറെ കണ്ടെത്തുന്നതിനും യുവതി നേരത്തെ സിവിക് ചന്ദ്രനെ സമീപിച്ചിരുന്നു. അതിന് ശേഷം യുവതിയുടെ ഫോണിലേക്ക് വിളിച്ചും മെസേജുകൾ അയച്ചും യുവതിയെ നിരന്തരം ശല്യം ചെയ്തതായും പറയുന്നു. യുവതി പട്ടികജാതിക്കാരി ആയതിനാൽ ലൈംഗിക അതിക്രമത്തിന്റെ കൂടെ പട്ടികജാതിക്കെതിരെയുള്ള അതിക്രമത്തിനുള്ള ജാമ്യമില്ലാ വകുപ്പുകൾ കൂടി ചേർത്താണ് കേസ്സ് രജിസ്റ്റർ ചെയ്തത്.
വി ആർ സുധീഷിനും, കവി വി ടി ജയദേവനും പിന്നാലെയാണ് സിവിക്ക് ചന്ദ്രനുനേരെയാണ് ലൈംഗികാതിക്രമ പരാതി ഉയർന്നത്. സോഷ്യൽ മീഡിയാ ആക്റ്റീവിസ്റ്റുകൂടിയായ ഒരു യുവ കവയിത്രിയുടേതാണ് പരാതി. ഒറ്റപ്പെടുന്ന സ്ത്രീകളെ സ്നേഹ വാത്സല്യങ്ങളാൽ ചേർത്തുപിടിച്ച് വിശ്വാസം നേടി പറഞ്ഞുപറ്റിച്ച് നിർബന്ധിച്ച ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയാണ് ഇത്തരക്കാരുടെ രീതി എന്നാണ് യുവതി വിമർശനം ഉന്നിയിക്കുന്നത്.
കവിയും നാടകകൃത്തും മുൻ നക്സലൈറ്റുമായ സിവിക്ക് ചന്ദ്രൻ താൻ ഒരു തികഞ്ഞ സ്ത്രീപക്ഷ വാദിയാണെന്നാണ് അവകാശപ്പെടാറുള്ളത്. സിവിക്ക് എഡിറ്ററായ പാഠഭേദം മാസികയാവട്ടെ, ഇത്തരം വിഷയങ്ങൾ പ്രത്യേക ഫോക്കസ് കൊടുത്ത് അവതരിപ്പിക്കാറുണ്ട്. എന്നാൽ വേലി തന്നെ വിളവു തിന്നുന്നുവെന്ന രീതിയിൽ ഇപ്പോൾ ഇത്തരക്കാർക്കെതിരെ തന്നെ ലൈംഗികാതിക്രമ പരാതികൾ ഉയരുകയാണ്.