തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിക്കുമെതിരെ കോടതിയിൽ ഹർജി. എകെജി സെന്റർ ആക്രമണവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങളിൽ കേസെടുക്കണമെന്നാണ് ആവശ്യം. പൊതുപ്രവർത്തകനായ പായ്ച്ചിറ നവാസാണ് ഹർജിക്കാരൻ. കലാപാഹ്വാനം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി ഇരുവർക്കുമെതിരെ കേസെടുക്കാൻ നിർദ്ദേശം നൽകണം എന്നാണ് ഹർജിയിലെ ആവശ്യം. തിരുവനന്തപുരം ജുഡീഷ്യൽ മൂന്നാം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹർജി നൽകിയത്. ഹർജിയിൽ കോടതി തിങ്കളാഴ്ച വാദം കേൾക്കും

ജൂൺ 30 രാത്രിയാണ് സ്‌കൂട്ടറിലെത്തിയ അജ്ഞാതൻ എ.കെ.ജി സെന്ററിന്റെ ഗേറ്റിലേക്ക് സ്‌ഫോടകവസ്തു വലിച്ചെറിഞ്ഞാണ് രക്ഷപ്പെട്ടത്. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി വിജയ് സാഖറെയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം അന്വേഷണം നടത്തിയെങ്കിലും നിർണായകമായ യാതൊരു വിവരവും ലഭിച്ചില്ല.

എ.കെ.ജി സെന്റർ ആക്രമണം ഇപി ജയരാജന്റെ സൃഷ്ടിയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആരോപിച്ചിരുന്നു. സംഭവത്തിന് ഒരു മാസം പിന്നിട്ടിട്ടും ആക്രമണത്തിനു പിന്നിലെ പ്രതികളെ പിടികൂടാൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് അന്വേഷണ പുരോഗതിയിലും വ്യക്തതയില്ല. പ്രത്യേക സംഘത്തിൽനിന്ന് അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് നിലവിൽ ശേഖരിച്ച തെളിവുകളും മൊഴികളും പരിശോധിക്കുകയാണ്.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഉടനെ ലഭിച്ചെങ്കിലും പ്രതിയെ മാത്രം പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇതിനോടകം പൊലീസ് അമ്പതോളം സിസിടിവി ദൃശ്യങ്ങളും ആയിരത്തോളം ഫോൺ രേഖകളും പരിശോധിച്ചു കഴിഞ്ഞു. എന്നാൽ, പടക്കമേറ് പ്രതീകാത്മകമായി ചിത്രീകരിച്ചുള്ള അന്വേഷണത്തിനുള്ള തയ്യാറെടുപ്പിലാണ് ക്രൈംബ്രാഞ്ച്. ക്രൈംബ്രാഞ്ച് എസ് പി എസ് മധുസൂദനനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ജലീൽ തോട്ടത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ. പ്രതിയെ കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു മാത്രമല്ല, തുടങ്ങിയ ഇടത്തു തന്നെ നിൽക്കുകയാണ് അന്വേഷണം.