കോഴിക്കോട്: എഴുത്തുകാരനും, സാമൂഹിക -സാംസ്‌കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരായ പീഡന പരാതിയിൽ മുൻകൂർ ജാമ്യ ഹർജിയിൽ വിധി പറയുന്നത് അടുത്ത മാസം രണ്ടിലേക്കു മാറ്റി. നേരത്തെ ഇന്നു വിധിയുണ്ടാവുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എസ് സി എസ് ടി ആക്ട് പ്രകാരമുള്ള കുറ്റങ്ങൾ നിലനിൽക്കുന്നതിനാലും കൂടുതൽ പരാതികളുള്ളതിനാലും ജാമ്യം നൽകുന്നത് പരിഗണിക്കരുതെന്ന പ്രോസിക്യൂഷൻ വാദം മുഖവിലയ്ക്കെടുത്താണ് കോഴിക്കോട് സെഷൻസ് കോടതി വിധിപറയുന്നത് അടുത്ത മാസം രണ്ടിലേക്കു മാറ്റിയത്.

കഴിഞ്ഞ ഏപ്രിലിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. കൊയിലാണ്ടിയുടെ സമീപ പ്രദേശമായ നന്തിയിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിനിടെ സിവിക് തന്നെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി കഴിഞ്ഞ ആഴ്ച കൊയിലാണ്ടി പൊലിസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയത്.

സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, പട്ടികജാതിക്കാർക്കെതിരേയുള്ള അതിക്രമം തടയൽ തുടങ്ങിയ വകുപ്പുകളാണ് സിവിക്കിനെതിരേ കൊയിലാണ്ടി പൊലിസ് ചുമത്തിയിരിക്കുന്നത്. ഈ കേസിൽ സിവിക്കിന്റെ അറസ്റ്റ് ഇന്നുവരെ കോടതി തടഞ്ഞിരുന്നു. അതേസമയം സിവിക്കിനെതിരേ ഒരു പീഡന പരാതികൂടി വരികയും കൊയിലാണ്ടി പൊലിസ് തന്നെ കേസ്സെടുക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യവും ജില്ലാ പ്രോസിക്യൂട്ടർ വാദത്തിനിടെ കോടതിയെ ധരിപ്പിച്ചിരുന്നു. വിശദമായി വാദം കേൾക്കേണ്ടതുണ്ടെന്നതിനാൽ കഴിഞ്ഞ ദിവസം മുൻകൂർ ജാമ്യാപേക്ഷയിൽ വാദംകേൾക്കുന്നത് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

2020 ഫെബ്രുവരിയിൽ തന്നെ പീഡിപ്പിക്കാൻ സിവിക് ചന്ദ്രൻ ശ്രമിച്ചെന്നു ആരോപിച്ച് യുവ എഴുത്തുകാരി നൽകിയ പരാതിയിലാണ് കൊയിലാണ്ടി പൊലിസ് സിവിക് ചന്ദ്രനെതിരേ ഇന്നലെ വീണ്ടുമൊരു കേസെടുത്തത്. ജാമ്യം ലഭിക്കുന്നതുവരെ ഒളിവിൽ കഴിയാൻ സിവിക്കിന് നിയമോപദേശം ലഭിച്ചതായാണ് പൊലീസിന്റെ നിഗമനം. എന്നിരുന്നാലും സിവികിനായുള്ള തിരച്ചിലിലാണ് കൊയിലാണ്ടി പൊലിസ്.