- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള കംപ്യൂട്ടർ ട്രെയിനിങ് തട്ടിപ്പ് കേസ്; ഡയറക്ടർ അടക്കം അഞ്ച് പ്രതികൾക്ക് രണ്ടുവർഷം തടവ്
തിരുവനന്തപുരം: പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള കംപ്യൂട്ടർ ട്രെയിനിങ് തട്ടിപ്പ് കേസിൽ പട്ടിക ജാതി ജില്ലാ വികസന ഡയറക്ടർ എ.ജെ. രാജൻ ഐ. എ. എസ് അടക്കം 5 പ്രതികൾക്ക് 2 വർഷം തടവും 5 ലക്ഷം പിഴയും തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷ വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം പ്രതികൾ 6 മാസത്തെ അധിക തടവനുഭവിക്കാനും വിജിലൻസ് ജഡ്ജി ജി.ഗോപകുമാർ വിധി ന്യായത്തിൽ ഉത്തരവിട്ടു.
സർക്കാർ അംഗീകാരമില്ലാത്ത സ്ഥാപനത്തിൽ ചേർത്ത് എൽ.ബി എസ് അംഗീകാരമില്ലാത്ത കോഴ്‌സിൽ ചേർത്ത് പട്ടികജാതിയിൽപ്പെട്ട പാവപ്പെട്ട വിദ്യാർത്ഥികളുടെ ഭാവി അനിശ്ചിതത്വത്തിലാക്കിയ പ്രതികൾക്ക് നല്ല നടപ്പു നിയമത്തിന്റെ ഔദാര്യത്തിന് അർഹതയില്ലെന്നും വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി.
തിരുവല്ല സ്വദേശി പട്ടികജാതിക്കാരൻ കൂടിയായ ഡയക്ടർ എ..ജെ. രാജൻ ഐ. എ. എസ് (71) , പട്ടികജാതി ജില്ലാ വികസന ഓഫീസ് മുൻ ഫിനാൻസ് ഓഫീസർ തിരുമല സ്വദേശി എൻ. ശ്രീകുമാർ (68) , പട്ടികജാതി മുൻ ജില്ലാ വികസന ഓഫീസർമാരും വർക്കല സ്വദേശികളുമായ സത്യദേവൻ (74) , സി. സുരേന്ദ്രൻ (66) , സ്വകാര്യ സ്ഥാപനമായ വർക്കല പൂർണ്ണാ സ്‌കൂൾ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ഉടമ വർക്കല ചെമ്മരുതി സ്വദേശി സുകുമാരൻ (86) എന്നീ 1 മുതൽ 5 വരെയുള്ള പ്രതികളെയാണ് ശിക്ഷിച്ചത്.
1 മുതൽ 4 വരെ പ്രതികളായ സർക്കാർ ഉദ്യോഗസ്ഥർ സ്വകാര്യ വ്യക്തിയായ അഞ്ചാം പ്രതിയുമായി ഗൂഢാലോചന നടത്തി പട്ടികജാതിക്കാരുടെ ഉന്നമനത്തിന് വേണ്ടി കേന്ദ്ര സർക്കാർ കേരള സർക്കാരിന് നൽകിയ ഫണ്ടിൽ നിന്നും തുകയെടുത്ത്, സർക്കാർ അംഗീകാരമില്ലാത്ത വർക്കല പൂർണ്ണ സ്‌ക്കൂൾ ഓഫ് ഇൻഫർമേഷൻ ടെക്‌നോളജിയെ തെരഞ്ഞെടുത്ത് കംപ്യൂട്ടർ ഹാർഡ് വെയർ കോഴ്‌സിന് 75% അഡ്വാൻസായി 2,32,500 രൂപ അനുവദിച്ചു നൽകി അവിഹിതമായി സഹായിച്ച് സർക്കാരിന് അന്യായ നഷ്ടം വരുത്തുകയും പട്ടികജാതി വകുപ്പിനെ വിശ്വാസ വഞ്ചന ചെയ്ത് ചതിച്ചുവെന്നുമാണ് കേസ്.
2002-03 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ്യത്തെ പട്ടിക ജാതി അംഗങ്ങളുടെ ഉന്നമനത്തിനായി കേന്ദ്ര സർക്കാർ പദ്ധതിയായി ലിങ്ക് ചെയ്തിട്ടുള്ളതാണ് എസ് സി എ - എസ് സി പി ( സ്‌പെഷ്യൽ സെൻട്രൽ അസിസ്റ്റൻസ് റ്റു കോംപൊണന്റ് പ്ലാൻ). ഒരു വിദ്യാർത്ഥിക്ക് 10,000 രൂപ വീതം 31 വിദ്യാർത്ഥികൾക്കുള്ള ഫീസായി ഫണ്ടിൽ നിന്ന് നൽകാനും 2,32,500 രൂപ അഡ്യാൻസായി ഡിമാന്റ് ഡ്രാഫ്റ്റ് ആയി നൽകാനും 2003 മാർച്ച് 31ന് ഡയറക്ടർ രാജൻ ഉത്തരവ് നൽകുകയായിരുന്നു.