തിരുവനന്തപുരം: തൊണ്ടി മുതൽ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ആന്റണി രാജു ഹൈക്കോടതിയെ സമീപിച്ചു. നെടുമങ്ങാട് മജിസ്‌ട്രേട്ട് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ആന്റണി രാജു കോടതിയിൽ ഹർജി നൽകിയത്.

അതേസമയം കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നതിന് സർക്കാർ നടപടി ആരംഭിച്ചു. വിചാരണ വൈകുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച തൃശൂർ സ്വദേശി ജോർജ് വട്ടുകുളമാണ് സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണെമന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിച്ചത്.

കേസിൽ വിചാരണ നീണ്ടുപോയതിനെക്കുറിച്ച് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയോട് ഹൈക്കോടതി നേരത്തെ റിപ്പോർട്ട് തേടിയിരുന്നു. വ്യാഴാഴ്ച മജിസ്‌ട്രേറ്റ് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഹർജിക്കാരൻ മുഖ്യമന്ത്രിയെ സമീപിച്ചത്. കേസിൽ സർക്കാർ അഭിഭാഷകർ ഹാജരാകുന്നത് സുതാര്യമായ കേസ് നടത്തിപ്പിന് തടസമാകുമെന്ന് ചൂൺ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.

നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതിയിൽ ആന്റണി രാജുവിനെതിരെ ഹാജരാകുന്നത് അസി. പബ്ലിക് പ്രോസിക്യൂട്ടറാണ്. മന്ത്രിക്കെതിരായ കേസിൽ സർക്കാർ അഭിഭാഷകർ ഹാജരാകുന്നത് സുതാര്യമായ കേസ് നടത്തിപ്പിന് തടസ്സമാകുമെന്ന് ചൂണ്ടികാട്ടിയാണ് മുഖ്യമന്ത്രിക്ക് നിവേദനം നൽകിയത്.