- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രധാന അദ്ധ്യാപകന് 79 വർഷം തടവും പിഴയും; ക്ലാസ് മുറിയിലെ പീഡനത്തിന് 50 കാരനെ ശിക്ഷിച്ചത് തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി
കണ്ണൂർ: ക്‌ളാസ് മുറിയിൽ വച്ച് വിദ്യാർത്ഥിനികളെ പീഡിപ്പിച്ച പ്രധാനഅദ്ധ്യാപകന് 79 വർഷം തടവും രണ്ടേമുക്കാൽ ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. പെരിങ്ങോം ആലപ്പടമ്പ് ചൂരലിലെ പുതുമന ഇല്ലത്ത് പി.ഇ.ഗോവിന്ദൻ നമ്പൂതിരിയെയാണ്(50)ശിക്ഷിച്ചത്. തളിപ്പറമ്പ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് മുജീബ് റഹ്മാന്റേതാണ് വിധി
2014 ലാണ് കേസിനാസ്പദമായ സംഭവം. പെരിങ്ങോം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു എയ്ഡഡ് സ്‌കൂളിലെ പ്രധാനാധ്യാപകനായിരുന്ന ഇയാൾ അഞ്ചു വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു എന്നാണ് കേസ്. അതിൽ ഒരു വിദ്യാർത്ഥിനി വിചാരണവേളയിൽ കൂറു മാറുകയും ബാക്കിയുള്ള നാല് കേസുകളിൽ വിചാരണ നടപ്പാക്കുകയും ആണ് ചെയ്തത്. ഗണിതം അദ്ധ്യാപകനായ ഇയാൾ വിദ്യാർത്ഥിനികളെ ക്ലാസ്മുറിയിൽ ലൈംഗികപീഡനത്തിന് വിധേയമാക്കിയെന്നാണ് കേസ്. കേസിൽ ഇയാൾക്ക് പുറമെ മൂന്ന് പ്രതികൾ ഉണ്ടായിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും അധികൃതരെ അറിയിച്ചില്ല എന്നതായിരുന്നു അവർക്കെതിരെയുള്ള കേസ്. എന്നാൽ അവരെ കോടതി വെറുതെ വിട്ടു.
പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകളിൽ 7 വർഷം വീതമാണ് ശിക്ഷ. 2014 ഫെബ്രുവരി 21 ന് എ.ഇ.ഒ അന്വേഷണം നടത്തി ഗോവിന്ദൻ നമ്പൂതിരിയെ സസ്പെന്റ് ചെയ്തിരുന്നു. 23 നാണ് പെരിങ്ങോം പൊലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് സർവീസിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തിരുന്നു. അന്നത്തെ പെരിങ്ങോം സിഐ സുഷീർ, എസ്‌ഐ പി.ബി.സജീവ് എന്നിവരാണ് കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ.ഷെറിമോൾ ജോസ് ഹാജരായി.