- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം പണവും സ്വർണവും തട്ടിയെടുത്ത കേസ്; സ്വകാര്യ ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; എട്ടോളം യുവതികളെ ചൂഷണം ചെയ്തതായി കേസ്
തിരുവനന്തപുരം: യുവതികളെ വിവാഹം വാഗ്ദാനം ചെയ്തു പീഡിപ്പിക്കുകയും പണവും സ്വർണ്ണവും തട്ടിയെടുക്കുകയും ചെയ്യുന്ന സ്വകാര്യ ബസ് ഡ്രൈവറെ തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജൂലൈ 2 മുതൽ റിമാൻഡിൽ കഴിയുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വെച്ച് ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായാണ് ആറ്റിങ്ങൽ ഡിവൈഎസ്‌പിയുടെ കസ്റ്റഡിയിൽ വിട്ടത്. ചിറയിൻകീഴ് ആൽത്തറമൂട് സ്വദേശി രാജേഷിനെയാണ് (35) ജുഡീഷ്യൽ കസ്റ്റഡിയിൽ നിന്നും പൊലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തത്.
യുവതികളിൽ നിന്ന് വഞ്ചനയിലൂടെ തട്ടിയെടുത്ത പണമുപയോഗിച്ച് ഇയാൾ 2 സ്വകാര്യ ബസുകൾ, ബ്രാൻഡ് ന്യൂ ബുള്ളറ്റ്, വസ്തുവകകൾ എന്നിവ വാങ്ങി ബസ് മുതലാളിയായി വിലസുമ്പോഴാണ് നിയമത്തിന്റെ കരവലയങ്ങളിൽ പെട്ട് ഇരുമ്പഴിക്കുള്ളിലായത്. ഒരു വനിതാ പൊലീസും ഇയാളുടെ തട്ടിപ്പിനിരയായി.
കൊല്ലം, തിരുവനന്തപുരം ജില്ലയിലുള്ള വിവാഹിതരും വിദേശത്ത് ഭർത്താക്കന്മാരുമുള്ള സ്ത്രീകളുമാണ് ഇയാൾ ഇരകകളാക്കിയത്. സ്വകാര്യ ബസിലെ ഡ്രൈവറായ ഇയാൾ യാത്രക്കാരുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിക്കുകയും, തുടർന്ന് പണവും, സ്വർണ്ണവും തട്ടിയെടുക്കുകയുമായിരുന്നു. ഇത്തരത്തിൽ എട്ടോളം യുവതികളെ ഇയാൾ ചൂഷണം ചെയ്തുവെന്ന് പൊലീസ് കസ്റ്റഡി അപേക്ഷയിൽ പറയുന്നു..
ഇയാളുടെ അക്കൗണ്ടിൽ 22 ലക്ഷം രൂപയുള്ളത് മരവിപ്പിക്കാൻ പൊലീസ് ബാങ്കിന് കത്ത് നൽകി ഫ്രീസ് ചെയ്തിട്ടുണ്ട്. ആറ്റിങ്ങൽ സ്വദേശിയായ യുവതിയിൽ നിന്നും 25 ലക്ഷം രൂപയും, സ്വർണ്ണവും ഉൾപ്പെടെ തട്ടിയെടുത്ത പരാതിയിൽ പൊലീസ് കേസ് എടുത്തിരുന്നു. പിന്നാലെ ഒളിവിലായിരുന്ന പ്രതി നൽകിയ മുൻകൂർ ജാമ്യം പരിഗണിക്കവെ പ്രതിയോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടു. തുടർന്നാണ് കോടതി പ്രതിയെ റിമാന്റ് ചെയ്തത്. ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജി തള്ളിയതിനെ തുടർന്നാണ് ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യഹർജി സമർപ്പിച്ചത്.