തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ സഹതടവുകാരനെ ആക്രമിച്ചതിന് ചന്ദ്രബാബു കൊലക്കേസിലെ ജീവപര്യന്തം ശിക്ഷാ പ്രതിയും ശതകോടീശ്വരനും കാജാ ബീഡി കമ്പനിയുടമയും വ്യവസായ പ്രമുഖനുമായ മൊഹമ്മദ് നിഷാമിനെതിരെ തിരുവനന്തപുരം അഡീ. ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതി മുമ്പാകെ എഫ് ഐ ആർ സമർപ്പിച്ചു.

ജയിൽ സന്ദർശനവും തടവുകാരുടെ പരാതി കേൾക്കാനും ചുമതലയുള്ള തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുടെ നിർദ്ദേശപ്രകാരം പൂജപ്പുര പൊലീസ് സർക്കിൾ ഇൻസ്‌പെക്ടറാണ് ഫയലിങ് കോടതിയും വിചാരണക്കോടതിയുമായ എ സി ജെ എം കോടതിയിൽ പ്രഥമ വിവര റിപ്പോർട്ടും പ്രഥമ വിവര മൊഴിയും സമർപ്പിച്ചത്. സംഭവം ജൂൺ 24 ന് നടന്നതായി കാണിച്ച് പരാതി ഓഗസ്റ്റ് 4 നാണ് സമർപ്പിച്ചത്. ജയിൽ സന്ദർശനവേളയിലാണ് ജില്ലാ ജഡ്ജിക്ക് പരാതി ബോധിപ്പിച്ചത്. ജില്ലയിലെ പൂജപ്പുര, അട്ടക്കുളങ്ങര, കരമന, കുഞ്ചാലുംമൂട്, നെട്ടുകാൽത്തേരി, ആറ്റിങ്ങൽ ജയിലുകളിൽ നിന്നും രണ്ടാഴ്ചയിലൊരിക്കൽ ജില്ലാ ജഡ്ജിക്ക് സമർപ്പിക്കുന്ന പരാതിപ്പെട്ടിയിലും തടവുകാർ പരാതി സമർപ്പിക്കാറുണ്ട്.

തൃശൂർ ശോഭാ സിറ്റി ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബാബുവിനെ (51) ഗേറ്റ് തുറക്കാൻ വൈകിയതിന് കഠിന ദേഹോപദ്രവമേൽപ്പിച്ചും ആഡംബര ഹമ്മർ ജീപ്പ് മോഡൽ കാറിടിപ്പിച്ചും 700 മീറ്റർ വലിച്ചിഴച്ചു കൊണ്ടു പോയും 'ഈ പട്ടി ചാകില്ല' എന്നും ആക്രോശിച്ച് മൃഗീയമായി കൊലപ്പെടുത്തിയ കേസിലെ ശിക്ഷാ പ്രതിയായ ബിസിനസ് ടൈക്കൂൺ മുഹമ്മദ് നിഷാമിനെതിരേയാണ് വീണ്ടും കേസ് വന്നത്. ജീവപര്യന്തം തടവുകൂടാതെ 24 വർഷം അധിക തടവും 74 ലക്ഷം രൂപ പിഴയ്ക്കും തൃശൂർ വിചാരണക്കോടതി ശിക്ഷിച്ചു. ജാമ്യഹർജി തള്ളിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2022 ജനുവരിയിൽ സുപ്രീം കോടതിയും ജാമ്യം നിരസിച്ചു.

ബിസിനസ് കാര്യങ്ങളിൽ ജയിലിൽ കിടന്ന് ബന്ധുക്കളെ ഫോണിൽ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. പൂജപ്പുര സെൻട്രൽ ജയിലിലെ സഹതടവുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിലാണ് കേസ്. ജയിൽ സന്ദർശനവേളയിൽ ജില്ലാജഡ്ജി മുമ്പാകെ കരകുളം സ്വദേശി നസീറെന്ന തടവുകാരൻ നൽകിയ പരാതിയിലാണ് പൂജപ്പുര പൊലീസ് നിഷാമിനും കൊലുസു ബിനുവെന്ന തടവുകാരനുമെതിരേ കേസെടുത്തത്. കൊലുസു ബിനു കോവളം കോവില്ലൂരിൽ വീട്ടമ്മയെ തലക്കടിച്ച് ജീവച്ഛവമാക്കി ബലാൽസംഗം ചെയ്ത് സ്വർണ്ണക്കവർച്ച നടത്തുകയും യുവതിയുടെ ഭർത്താവിനെ കൊലപ്പെടുത്തുകയും ചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷാ പ്രതിയുമാണ്.

നസീറിന്റെ കാലിൽ ബിനു രണ്ട് മാസം മുൻപ് ചൂടുവെള്ളമൊഴിച്ചു. നസീറിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജൂൺ 24 നാണ് സംഭവമെന്നാണ് നസീറിന്റെ മൊഴി. ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരി (സീനിയർ ശിക്ഷാ പ്രതിയായ തടവുകാരൻ) യാണ് കൊലക്കേസ് പ്രതിയായ നസീർ. നിഷാമിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് ബിനു നസീറിന്റെ കാലിൽ ചൂടുവെള്ളമൊഴിച്ചതെന്നാണ് ഇപ്പോഴത്തെ പരാതി. എന്നാൽ, ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികൾ വൃത്തിയാക്കാൻ വച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണെന്നാണ് പൊള്ളലേറ്റ സമയത്ത് നസീർ പറഞ്ഞത്. ഇത് ബിനുവിന്റെ കൈയിൽ നിന്നും അബദ്ധത്തിന് സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയതെന്നാണ് നസീർ പറയുന്നത്.

കഴിഞ്ഞയാഴ്ച അയ്യപ്പൻ എന്ന മറ്റൊരു പ്രതിയും നിഷാമുമായി തർക്കമുണ്ടായിരുന്നു. നസീറിനെ ആക്രമിക്കാനുള്ള ക്വട്ടേഷനെ സംബന്ധിച്ചായിരുന്നു തർക്കം. ഇതാണ് നിഷാമിന്റെ അടുപ്പക്കാരനായ ബിനു മനപ്പൂർവം ആക്രമിച്ചതാണെന്ന പരാതി നൽകാൻ കാരണം. നിഷാമും നസീറുമായി ചില തർക്കങ്ങളുണ്ടായിരുന്നതായും പൊലീസിന് സംശയമുണ്ട്. ജയിലിൽ അനധികൃത സൗകര്യങ്ങളൊരുക്കാൻ മേസ്തിരിയായ നസീർ നിഷാമിൽ നിന്നും പണം പറ്റിയത് സംബന്ധിച്ചാണ് തർക്കമെന്നാണ് സൂചന. നസീറിന്റെ പരാതിയിലെ ദുരൂഹതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലായിരുന്ന നിഷാമിനെ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചതായ രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്.