- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിഫ മെഹ്നുവിന്റെ മരണത്തിൽ ദുരൂഹത സംശയിക്കുന്നതായി പൊലീസ്; മാനസിക-ശാരീരിക പീഡനം റിഫയുടെ മരണത്തിനു കാരണമായെന്നും റിപ്പോർട്ട്; ഭർത്താവ് മെഹനാസ് മൊയ്ദുവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി
കൊച്ചി: വ്‌ലോഗർ റിഫ മെഹ്നുവിന്റെ ദുരൂഹ മരണത്തിൽ ഭർത്താവ് മെഹനാസ് മൊയ്ദുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. സംഭവത്തിൽ ദുരൂഹത സംശയിക്കുന്നതു ചൂണ്ടിക്കാട്ടി പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. പ്രതിക്കായി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. റിഫയെ മാർച്ച് ഒന്നിന് പുലർച്ചെയാണ് ദുബായ് ജാഹിലിയയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്.
മാനസികമായും ശാരീരികമായുമുള്ള പീഡനം റിഫയുടെ മരണത്തിനു കാരണമായതായി കാക്കൂർ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്നു സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ, ആത്മഹത്യ പ്രേരണ കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം മെഹനാസിനെതിരെ കേസെടുക്കുകയായിരുന്നു. 10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരിക്കുന്നത്.
ഇതിനു പിന്നാലെ വിവാഹസമയത്ത് വ്‌ലോഗറിന് പ്രായപൂർത്തിയായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി മറ്റൊരു കേസിൽ കോഴിക്കോട് കാക്കൂർ പൊലീസ് മെഹനാസിനെ അറസ്റ്റ് ചെയ്തിരുന്നു. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ഇരുവരും 3 വർഷം മുൻപായിരുന്നു വിവാഹിതരായത്. കാസർകോട് നീലേശ്വരം സ്വദേശിയാണ് മെഹ്നാസ്. കഴിഞ്ഞ ജനുവരി 24ന് ആയിരുന്നു റിഫ മെഹ്നു പർദ കമ്പനിയിൽ ജോലിക്കായി ദുബായിലെത്തിയത്. ഇവർക്ക് 2 വയസ്സുള്ള മകനുണ്ട്.
മാർച്ച് ഒന്നിനാണ് ദുബൈയിലെ ഫ്ളാറ്റിൽ റിഫയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിന് പിന്നാലെ നാട്ടിലെത്തിച്ച മൃതദേഹം ഉടനെ മറവുചെയ്യുകയായിരുന്നു. ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തിയിരുന്നു.