- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോൾവാൾക്കർക്കെതിരെ പരാമർശം: വി.ഡി. സതീശനെതിരായ കേസ് ഒക്ടോബർ 19ലേക്ക് മാറ്റി; കക്ഷി ചേരാൻ എ.പി അബ്ദുള്ളക്കുട്ടി ഹർജി നൽകി
കണ്ണൂർ: ആർ.എസ്.എസ് സർസംഘചാലകായിരുന്ന എം.എസ്.ഗോൾവാൾക്കർക്കെതിരെ വിവാദപ്രസ്താവന നടത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരായ കേസ് ഒക്ടോബർ 19ലേക്ക് മാറ്റി. കണ്ണൂർ പ്രിൻസിപ്പൽ മുൻസിഫ് കോടതിയിൽ ആർഎസ്എസ് നൽകിയ കേസാണ് ഇന്ന്വി.ഡി. സതീശനുവേണ്ടി ഹാജരായ വക്കീലിന്റെ ആവശ്യപ്രകാരം മാറ്റിയത്. കേസിൽ ഇന്ന് കോടതിയിൽ ഹാജരാകാൻ വി.ഡി. സതീശനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സതീശനു വേണ്ടി അഡ്വ. അനൂപ് വി നായരാണ് ഹാജരായത്.
ഭരണഘടനയെ അധിക്ഷേപിച്ച സജി ചെറിയാന്റെ പ്രസംഗം ഗോൾവാൾക്കറുടെ പുസ്തകത്തിലേതിന് സമാനമാണെന്നായിരുന്നു സതീശന്റെ പ്രസ്താവന. ഒരിടത്തും ഗോൾവൾക്കർ ഇത്തരം പരാമർശം നടത്തിയിട്ടില്ലെന്നിരിക്കെ പ്രസ്താവന ആർഎസ്എസിനെ അപകീർത്തിപ്പെടുത്താനുള്ളതാണെന്നും പിൻവലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ടുമായിരുന്നു ആർ.എസ്.എസ് കോടതിയിൽ പരാതി നൽകിയത്. ആർ.എസ്.എസ് പ്രാന്ത സംഘ ചാലക് അഡ്വ. കെ.കെ. ബാലറാമായിരുന്നു കേസ് ഫയൽ ചെയ്തത്.
അതേസമയം വി.ഡി. സതീശന്റെ പ്രസ്താവനയ്‌ക്കെതിരായ കേസിൽ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് ബിജെപി ദേശീയ ഉപാധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയും കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി ഇ.ആർ. വിനോദും കോടതിയിൽ ഹർജി നൽകി. ഹരജി ഫയലിൽ സ്വീകരിച്ച കോടതി വാദം കേൾക്കാൻ ഒക്ടോബർ 19ലേക്ക് മാറ്റിയിട്ടുണ്ട്. സജി ചെറിയാൻ ഭരണഘടനയ്ക്കെതിരെ പ്രസംഗിച്ചതിന്റെ തുടർച്ചയായിട്ടായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആർ. എസ്. എസ് വിരുദ്ധപരാമർശം.




