- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജുമാ നിസ്‌കാര വേളയിൽ മൈക്കിലൂടെ അപകീർത്തിപ്പെടുത്തൽ; ജമാ അത്ത് പ്രസിഡന്റ് പലിശസഹിതം 2 ലക്ഷം രൂപയും കോടതിച്ചെലവും നൽകാൻ മുൻസിഫ് കോടതി വിധി
തിരുവനന്തപുരം: ജുമാ നിസ്‌കാര ഹാളിൽ മൈക്കിലൂടെ അപകീർത്തിപ്പെടുത്തിയെന്ന മാന നഷ്ടക്കേസിൽ മണക്കാട് ജമാ അത്ത് പ്രസിഡന്റ് 2 ലക്ഷം രൂപയും അന്യായ തീയതിയായ 2017 മുതൽ 6% പലിശയും കോടതിച്ചെലവും സഹിതം നൽകാൻ തിരുവനന്തപുരം മുൻസിഫ് കോടതി വിധി പ്രസ്താവിച്ചു. മാനനഷ്ടക്കേസിൽ പ്രതിയായ തിരുവനന്തപുരം മണക്കാട് വലിയപള്ളി മുസ്ലിം ജമാ അത്ത് പ്രസിഡന്റ് കളിപ്പാൻകുളം സലാം മൻസിലിൽ അബ്ദുൾ ഖാദറിനെ (49) യാണ് കോടതി നഷ്ട പരിഹാര സിവിൽ കേസിൽ ശിക്ഷിച്ചത്.
മേലിൽ വാദിക്കെതിരെ അസത്യവും കളവെന്ന് വിശ്വസിക്കത്തക്കതോ ആയ യാതൊരു അപകീർത്തികരമായ പ്രസ്താവനയും പ്രചരിപ്പിക്കരുതെന്നും തിരുവനന്തപുരം ഒന്നാം അഡീ. മുൻസിഫ് ഏ.ആർ. കാർത്തിക വിധി ന്യായത്തിൽ ഉത്തരവിട്ടു. അസത്യമായതോ കളവെന്ന് വിശ്വസിക്കത്തതോ ആയ പ്രസ്താവനകൾ പ്രചരിപ്പിച്ച് ഒരാളുടെ മാനത്തെ അധിക്ഷേപിക്കാൻ ആർക്കും അവകാശമില്ലെന്ന് കോടതി വിധിന്യായയിൽ ചൂണ്ടിക്കാട്ടി.
മൈക്കിലൂടെ ആരോപിച്ച അപകീർത്തി പ്രസ്താവനകൾ സത്യമാണെന്ന് പ്രതിക്ക് തെളിയിക്കാനായില്ലെന്ന് വിധി ന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. അടച്ചിട്ട ഹാളിൽ വച്ചുള്ള പ്രസ്താവന മാന നഷ്ടക്കേസിന്റെ പരിധിയിൽ വരില്ലെന്ന പ്രതിയുടെ വാദവും തള്ളിക്കൊണ്ടാണ് മാന അധിക്ഷേപ നഷ്ടപരിഹാര കേസിൽ സുപ്രധാന വിധി വിചാരണക്കോടതി പുറപ്പെടുവിച്ചത്.
2017 ജൂലൈ 7 ന് വെള്ളിയാഴ്ച പള്ളി കൂടിയ വേളയിലാണ് സംഭവം നടന്നത്. മണക്കാട് വലിയ പള്ളിയിൽ ജുമാ നിസ്‌ക്കാര വേളയിൽ പ്രസിഡന്റ് അബ്ദുൾ ഖാദർ മൈക്ക് സെറ്റിലൂടെ പരാതിക്കാരനായ കല്ലാട്ടുമുക്ക് നീലാറ്റിൻകര സ്വദേശി അബ്ദുൾ അസീസ് (51) പുള്ളി സൂപ്പെന്ന വട്ടപ്പേരുകാരന്റെ മകനാണെന്നും കൂടാതെ സൈക്കോ നസീർ എന്നയാളിനൊപ്പം കുബേര കേസിലെ പ്രതിയാണെന്നും പിടിച്ചു പറിക്കാരനാണെന്നും തനി പലിശക്കാരനാണെന്നും ഉദ്ദേശം മൂവായിരത്തോളം മുസ്ലിം വിശ്വാസികൾ ജുമാ നിസ്‌ക്കാരത്തിന് ഹാളിൽ നിൽക്കവേ പള്ളി മൈക്കിലൂടെ പറഞ്ഞ് അപകീർത്തിപ്പെടുത്തി മാനഹാനിയും മനോവേദനയും ഉണ്ടാക്കിയെന്നാണ് കേസ്.