നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവത്തിനു പിന്നിലെ ഗൂഢാലോചന കേസിൽ അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനു വേണ്ടി സഹോദരൻ അനൂപ് ജഡ്ജിഅമ്മാവന്റെ അനുഗ്രഹം തേടി ചെറുവള്ളി അമ്പലത്തിലെത്തി. ദിലീപിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് സഹോദരൻ അനൂപ് ജഡ്ജിയമ്മാവൻ കോവിലിലെത്തിയത്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ ചില സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കുമൊപ്പം എത്തിയ അനൂപ് ജഡ്ജിയമ്മാവന്റെ പ്രീതിക്കായി അടവഴിപാടും കഴിച്ചാണ് മടങ്ങിയത്. സംഘത്തിൽ ഒരു സ്ത്രീയടക്കം അഞ്ച് പേർ ഉണ്ടായിരുന്നു. പ്രത്യേക പ്രാർത്ഥനകൾക്കും പൂജകൾക്കും ശേഷം രാത്രി പത്തരയോടെയാണ് ഇവർ മടങ്ങിയത്. അധികമാരെയും അറിയിക്കാതെയായിരുന്നു ക്ഷേത്രദർശനം.

കഴിഞ്ഞദിവസം അനൂപിന്റെ സുഹൃത്ത് ക്ഷേത്രത്തിലെത്തി വഴിപാട് രസീത് എടുത്തിരുന്നു. തുടർന്നാണ് അനൂപ് ഇന്നലെ വൈകിട്ടോടെ ക്ഷേത്രത്തിലെത്തിയത്. കോടതി വ്യവഹാരങ്ങളിൽപ്പെട്ട ഉഴലുന്നവർ ഈ ഉപദേവാലയ നടയിലെത്തി പ്രാർത്ഥിച്ചാൽ നീതി ലഭിക്കുമെന്നാണ് വിശ്വാസം. പ്രശസ്തരായ അഭിഭാഷകരും ന്യായാധിപന്മാരും മാത്രമല്ല, രാഷ്ട്രീയ-സമൂഹിക-കായിക രംഗത്തെ പ്രമുഖരും നിയമവഴികളിൽ നീതി തേടി ഇവിടെയെത്താറുണ്ട്. ജാമ്യം ലഭിച്ചാൽ ഉടൻ തന്നെ ദിലീപും ഇവിടെയെത്തുമെന്ന ഉറപ്പും ക്ഷേത്രം ഭാരവാഹികൾക്ക് അനൂപ് നൽകിയിട്ടുണ്ട്.

കള്ളന്മാർക്കും ക്രിമിനലുകൾക്കും കേസിൽപ്പെട്ടവർക്കും വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവരുമാണ് ജഡ്ജിയമ്മാവൻ ക്ഷേത്രത്തിൽ എത്താറുള്ളത്. ഈ അമ്പലത്തിൽ എത്തിയാൽ കേസുകളിൽ വിജയിക്കാനാകുമെന്നാണ് വിശ്വാസം. ക്രിമിനൽ കേസിൽ പെട്ടവരും വ്യവഹാരങ്ങളിൽ ഉൾപ്പെട്ടവരും കേസുകളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാരും പൊലീസുദ്യോഗസ്ഥന്മാരും ഒക്കെയാണ് ഈ അമ്പലത്തിൽ പ്രാർത്ഥിക്കാനെത്തുന്നത്. അമ്പലത്തിലെ പ്രതിഷ്ഠയുടെ പേരാണ് ജഡ്ജിയമ്മാവൻ. പത്തനംതിട്ട ജില്ലയിൽ റാന്നി മണിമല പൊൻകുന്നം റൂട്ടിലാണ് ജഡ്ജിയമ്മാവന്റെ അമ്പലം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള കാവുംഭാഗം ചെറുവള്ളി മേജർ ദേവീക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ഠയാണ് ജഡ്ജി അമ്മാവന്റേത്.

150 വർഷത്തിലേറെ പഴക്കമുണ്ട് ജഡ്ജിയമ്മാവന്റെ കഥയ്ക്ക്. രാജഭരണകാലത്തിന്റെ അവസാനം ജീവിച്ചിരുന്ന പി. ഗോവിന്ദപ്പിള്ള എന്ന ജഡ്ജിയാണ് മരണശേഷം ജഡ്ജിയമ്മാവൻ എന്ന ദൈവമായത്. അന്നത്തെ സർദാർ കോടതി (ഇന്നത്തെ ഹൈക്കോടതിക്ക് തുല്യം) യിലെ ജഡ്ജിയായിരുന്നു ഗോവിന്ദപ്പിള്ള. സത്യസന്ധതയ്ക്ക് പേരുകേട്ട അദ്ദേഹം ഒട്ടേറെ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായി. അങ്ങനെയിരിക്കെ ഒരുദിവസം ഗോവിന്ദപ്പിള്ളയ്ക്ക് ചില തെറ്റിദ്ധാരണകൾ തുടങ്ങി. ഭാര്യയെക്കുറിച്ച് സംശയങ്ങൾ ഉടലെടുത്തു. തന്റെ ഭാര്യയും അനന്തരവൻ പത്മനാഭപിള്ളയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നായിരുന്നു ജഡ്ജിയുടെ സംശയം. സംശയം ബലപ്പെട്ടതോടെ ജഡ്ജി അനന്തരവനെ അവിഹിതബന്ധത്തിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിച്ചു. വിധി നടപ്പാക്കി കാലം കഴിഞ്ഞപ്പോൾ ജഡ്ജിക്ക് ഒരുകാര്യം ബോധ്യമായി.

ഭാര്യയും അനന്തരവനും തമ്മിൽ ഒരുബന്ധവും ഇല്ലായിരുന്നു. സംശയിച്ചത് വെറുതെ. അനന്തരവനെ തൂക്കിക്കൊല്ലാനുള്ള വിധിന്യായം തെറ്റായിപ്പോയി. ഗോവിന്ദപ്പിള്ളയെന്ന ജഡ്ജി പശ്ചാപത്തിന്റെ തടവറയിലായി. കടുത്ത മാനസിക സംഘർഷവും മനപ്രയാസവും അദ്ദേഹത്തെ അലട്ടി. ജീവിക്കണം എന്ന ചിന്തതന്നെ നഷ്ടപ്പെട്ടു. ഒടുവിൽ അദ്ദേഹം മരിക്കാൻ തീരുമാനിച്ചു. അങ്ങനെ ജഡ്ജി രാജാവിനെ പോയിക്കണ്ടു. തന്റെ തെറ്റായ വിധിന്യായത്തെക്കുറിച്ച് രാജാവിനോട് പറഞ്ഞു. താൻ ചെയ്ത തെറ്റിന് തന്നെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. രാജാവ് വഴങ്ങിയില്ല. അങ്ങനെ രാജാവും ജഡ്ജിയും തമ്മിൽ തർക്കമായി. ഒടുവിൽ രാജാവ് ഒരു തീരുമാനം പറഞ്ഞു. ജഡ്ജിക്ക് സ്വയം ശിക്ഷവിധിക്കാം. ഭടന്മാരെവിട്ട് താൻ അത് നടപ്പാക്കിക്കൊള്ളാം. ഗോവിന്ദപ്പിള്ള അത് അംഗീകരിച്ചു. അങ്ങനെ അദ്ദേഹം സ്വന്തം കോടതിയിലെത്തി സ്വയം ശിക്ഷവിധിച്ചു. രണ്ടുകാലും മുറിച്ചുമാറ്റി തൂക്കിക്കൊല്ലാനായിരുന്നു ജഡ്ജിയുടെ ശിക്ഷാവിധി. രാജാവിന്റെ ഭടന്മാരെത്തി. ജഡ്ജിയുടെ കാലുകൾ മുറിച്ചു. ശേഷം തൂക്കിക്കൊന്നു. ജഡ്ജി ഗോവിന്ദപ്പിള്ള അങ്ങനെ സ്വയം ശിക്ഷവിധിച്ച ജഡ്ജിയായി ചരിത്രത്തിലേക്ക് നടന്നു.

ആലപ്പുഴയ്ക്കടുത്ത് തലവടി എന്ന സ്ഥലത്താണ് ജഡ്ജി ഗോവിന്ദപ്പിള്ള താമസിച്ചിരുന്നത്. അദ്ദേഹത്തിന്റെ മൂലകുടുംബം പത്തനംതിട്ടയിലെ കാവുംഭാഗം ചെറുവള്ളിയിലായിരുന്നു. ചെറുവള്ളിയിൽ നിന്ന് തലവടിയിലേക്ക് കുടിയേറിപ്പാർത്തവരാണ് ജഡ്ജിയുടെ പൂർവ്വികർ. ജഡ്ജിയുടെ ദാരുണമായ മരണത്തിന് ശേഷം തലവടിയിൽ പലവിധ പ്രശ്നങ്ങൾ ഉണ്ടായതായാണ് ഐതിഹ്യം. നാട്ടുകാർക്ക് മുഴുവൻ പ്രശ്നങ്ങൾ. പെടുമരണങ്ങൾ. ദുരിതങ്ങൾ. അങ്ങനെ പലതും നാട്ടിൽ നടന്നു. ഒടുവിൽ നാട്ടുകാരെല്ലാവരും ചേർന്ന് ഒരു ജോത്സ്യനെപ്പോയിക്കണ്ടു. ജ്യോത്സ്യൻ കാരണം കണ്ടെത്തി. അറുകൊല സംഭവിച്ച ജഡ്ജിയുടെ ആത്മാവാണ് പ്രശ്നം. ആത്മാവിനെ നാട്ടിൽനിന്ന് അകറ്റണം. ആത്മാവിനെ ആവാഹിച്ച് ജഡ്ജിയുടെ മൂലകുടുംബം സ്ഥിതി ചെയ്യുന്ന ചെറുവള്ളിയിലെ ക്ഷേത്രത്തിൽ കുടിയിരുത്തണം. എന്നാലേ നാട്ടിലെ അനർത്ഥങ്ങൾ മാറൂ. അങ്ങനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ജഡ്ജിയുടെ ആത്മാവിനെ ആവാഹിച്ച് പത്തനംതിട്ട കാവുംഭാഗം ചെറുവള്ളിയിലെ ദേവീക്ഷേത്രത്തിൽ കുടിയിരുത്തി. ഈ പ്രതിഷ്ഠയാണ് ജഡ്ജിയമ്മാവൻ.

ജഡ്ജിയമ്മാവന്റെ മുന്നിൽ ചെന്ന് പ്രാർത്ഥിച്ചാൽ ഏത് കേസും ജയിക്കാമെന്നാണ് വിശ്വാസം. അതുകൊണ്ടുതന്നെ വിവിധ കേസിൽപ്പെട്ടവരുടെ പ്രവാഹമാണ് ഈ അമ്പലത്തിലേക്ക്. വി.വി.ഐ.പികൾ മുതൽ പെരുങ്കള്ളന്മാർ വരെ ജഡ്ജിയമ്മാവന്റെ മുന്നിൽ പ്രാർത്ഥിക്കാനെത്തുന്നു. ഇടമലയാർ കേസിൽപ്പെട്ട സമയത്ത് ആർ ബാലകൃഷ്ണപിള്ള ജഡ്ജിയമ്മാവനെ കാണാനെത്തിയിരുന്നു. ആ സമയത്താണ് ആദ്യകേസിൽ പിള്ള ജയിക്കുന്നതെന്ന് ദേവസ്വം സെക്രട്ടറി മോഹനദാസൻ നായർ പറയുന്നു.

ക്രിക്കറ്റ് വാതുവെയ്‌പ്പ് കേസിൽപെട്ട ശ്രീശാന്ത് ജഡ്ജിയമ്മാവനെ തൊഴുത് വഴിപാട് നടത്തി. പിറ്റേദിവസമാണ് കേസിൽ ജാമ്യം ലഭിക്കുന്നതെന്നാണ് മോഹനദാസൻ പറയുന്നത്. സോളാർകേസിൽപ്പെട്ട ശാലൂമേനോൻ, പ്രിയദർശനുമായി വിവാഹമോചനക്കേസ് നടക്കുന്ന സമയത്ത് ഭാര്യ ലിസി തുടങ്ങീ ഒട്ടേറെ പ്രമുഖർ ജഡ്ജിയമ്മാവനെ തൊഴാനെത്തിയിട്ടുണ്ട്. ഇവർക്കു പിന്നാലെയാണ് ദിലീപിന്റെ മോചനത്തിനു വേണ്ടി പ്രാർത്ഥിക്കാനായി സഹോദരൻ അനൂപും ബന്ധുക്കളും ജഡ്ജിയമ്മാവനെ തേടിയെത്തിയത്.