കൊച്ചി: നടി ജൂഹി റസ്തഗിയുടെ അമ്മയുടെ വിയോഗവാർത്ത ഉപ്പും മുളകിലെ സഹപ്രവർത്തകർക്ക് മാത്രമല്ല മലയാളിക്കാകെ നൊമ്പരമായി. ഇനി ജൂഹിക്ക് കൂട്ടായുള്ളത് സഹോദരൻ മാത്രമാണ്. അച്ഛൻ നേരത്തെ മരിച്ചിരുന്നു. അതിന് ശേഷം താങ്ങായി നിന്ന അമ്മയും. അതുകൊണ്ടാണ് താരത്തിന് വേദന ഉള്ളിൽ അടക്കാനാവാത്തത്. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പോലും ജൂഹിയെ ഇനിയും സമാധാനിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. നല്ലൊരു സുഹൃത്തുകൂടിയായിരുന്നു ജൂഹിക്ക് അമ്മ.

''സ്‌നേഹനിധിയായ ആന്റി. അൽസൂ എന്ന സ്‌നേഹത്തോടെയുള്ള ആ വിളി നിലച്ചു. ഈശ്വരൻ ഇഷ്ടമുള്ളവരെ വേഗം വിളിക്കും എന്നെപ്പോഴും ആന്റി പറഞ്ഞത് ഇതാണോ ?'' ഉപ്പം മുളകും പരമ്പരയിൽ ലച്ചുവിന്റെ സഹതാരമായിരുന്ന അൽസാബിത്തിന്റെ കുറിപ്പിലുണ്ട് ജുഹീയുടെ അമ്മയുടെ കരുതലും സ്‌നേഹവും. അതുകൊണ്ട് തന്നെ ജൂഹിയെ സ്‌നേഹിച്ച മിനിസ്‌ക്രീനിലെ പ്രേക്ഷകർക്കെല്ലാം മരണ വാർത്ത വേദനയായി. അച്ഛന്റെ മരണശേഷം ജൂഹിക്കും സഹോദരൻ ചിരാഗിനും കരുത്തായത് അമ്മ ഭാഗ്യലക്ഷ്മിയായിരുന്നു.

രാജസ്ഥാൻ സ്വദേശിയായ രഘുവീർ ശരൺ റസ്തഗി കേരളത്തോടുമുള്ള ഇഷ്ടം കൊണ്ട് മലയാളിയെ ജീവിത സഖിയാക്കുകയായിരുന്നു. കച്ചവടാവശ്യത്തിനാണ് ശരൺ കേരളത്തിലെത്തിയത്. ചോറ്റാനിക്കര സ്വദേശി ഭാഗ്യലക്ഷ്മിയെ ജീവിതസഖിയാക്കി. ജൂഹി ഒരു നടി ആകണമെന്ന് അച്ഛൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അതു യാഥാർഥ്യമാകും മുമ്പ് അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. അതിന് ശേഷം അമ്മയായിരുന്നു ആശ്രയം.

സംസ്‌കാര ചടങ്ങുകൾക്കായി ഭാഗ്യലക്ഷ്മിയുടെ മൃതദേഹം സൺറൈസ് ആശുപത്രി മോർച്ചറിയിൽ നിന്ന് ആംബുലൻസിൽ ചോറ്റാനിക്കരയിലെ വീട്ടിലേക്ക് എത്തിച്ചപ്പോൾ വികാരഭരിതരായി ജൂഹിയും ബന്ധുക്കളും കരച്ചിലടക്കാനാകാതെ വിങ്ങിപ്പൊട്ടി. കണ്ടുനിന്നവർക്കും കണ്ണീരടക്കാനായില്ല. ആംബുലൻസിൽ നിന്ന് ചോറ്റാനിക്കര കുരീക്കാടുള്ള അലൂർപറമ്പിൽ വീട്ടിലേക്ക് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം കൊണ്ടുവന്നപ്പോൾ വികാരഭരിതമായ രംഗങ്ങൾക്കാണ് അവിടെ കൂടി നിന്നവർ സാക്ഷ്യം വഹിച്ചത്. അമ്മയുടെ ചലനമറ്റ ശരീരം മുന്നിൽ കണ്ടതോടെ നിയന്ത്രണം വിട്ട് അലറിക്കരയുകയായിരുന്നു ജൂഹി. ഇത് കണ്ട് സഹിക്കാനാവാതെ കൂടി നിന്ന ബന്ധുക്കളും അയൽക്കാരും അലമുറയിട്ടു കരഞ്ഞു.

മൃതദേഹം വീട്ടുമുറ്റത്തു പന്തലിനുള്ളിൽ കിടത്തിയതോടെ ജൂഹിയെ ബന്ധുക്കൾ വട്ടം പിടിച്ചു. തന്നെ പിടിച്ചവരോട് വിടൂ എന്ന് പറഞ്ഞുകൊണ്ട് ജൂഹി കരഞ്ഞുകലങ്ങിയ കണ്ണുകളുമായി അമ്മയുടെ മൃതദേഹത്തിന് അടുത്തേക്ക് വരികയായിരുന്നു. ഇതോടെ കണ്ടുനിന്നവരും കണ്ണീരടക്കാൻ പണിപ്പെട്ടു. അമ്മയുടെ മുഖത്ത് കെട്ടിപിടിച്ച് തലയിൽ തടവിക്കൊണ്ട് കരയുകയായിരുന്നു ജൂഹി. ഞാനിനി എന്താ ചെയ്യണ്ടേ അമ്മേ, പറ അമ്മേ, എന്തിനാ അമ്മ പോയേ, എന്നെ ഒറ്റയ്ക്കാക്കി എന്തിനാ പോയേ, അമ്മയ്ക്ക് അറിയില്ലേ, കണ്ണ് തുറക്ക് അമ്മാ, അമ്മയുടെ ചേതനയറ്റ ശരീരത്തിന് സമീപം മുഖം ചേർത്തുവെച്ച് ജൂഹി കരഞ്ഞുകൊണ്ട് അതീവ വ്യസനത്തോടെ ചോദിച്ചുകൊണ്ടിരുന്നു.

എന്തിനാ അമ്മ പോയേ, ആരാ ഇനി എനിക്ക് ഉള്ളേ, ഞാനിനി ആരോടാ വഴക്കിടണ്ടേ, തല്ലുകൂടണ്ടേ, ഇതിനാണോ എല്ലാ ദിവസവും അമ്മ വിളക്ക് വെച്ച് പ്രാർത്ഥിച്ചേ, രാവിലെ എഴുന്നേറ്റ് വിളക്ക് വെച്ചേ, എന്നൊക്കെ ജൂഹി പറയുന്നുണ്ടായിരുന്നു. അമ്മയുടെ മുഖത്തിന് ചാരെയായിരുന്നു കൂടുതൽ സമയം ജൂഹി ഇരുന്നത്. ഒടുവിൽ അമ്മയുടെ കാൽക്കൽ പോയി കമിഴ്‌ന് കിടന്ന് കരഞ്ഞു. ഭാഗ്യലക്ഷ്മിയുടെ സഹോദരിയും മറ്റുബന്ധുക്കളും അടക്കമുള്ളവരും ജൂഹിയോടൊപ്പമുണ്ടായിരുന്നു. വൈകീട്ടാണ് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്.

യാദൃച്ഛികമായാണ് ജൂഹി അഭിനയരംഗത്തേക്ക് എത്തുന്നത്. ഒരിക്കൽ സുഹൃത്തിന്റെ വീട്ടിൽ ജന്മദിനാഘോഷത്തിനായി പോയപ്പോൾ, സുഹൃത്തിന്റെ അച്ഛനെ പരിചയപ്പെട്ടു. അദ്ദേഹം പുതിയതായി സംവിധാനം ചെയ്യുന്ന ഉപ്പും മുളകും പരമ്പരയിൽ ലച്ചു എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ ക്ഷണിക്കുകയായിരുന്നു. പരമ്പര ഹിറ്റാവുകയും ജൂഹി നിരവധി ആരാധകരെ നേടുകയും ചെയ്തു.

ഷൂട്ടിനും മറ്റു പരിപാടികൾക്കും അമ്മയാണ് ഒപ്പം വന്നിരുന്നത്. കൂടുതൽ ദൂരെയുള്ള പരിപാടിയാണെങ്കിൽ ചേട്ടൻ വരും. കുടുംബത്തിന്റെ പിന്തുണയാണ് കരിയറിൽ മുന്നേറാൻ ജൂഹിക്ക് കരുത്തായത്. സെപ്റ്റംബർ 11 ശനിയാഴ്ച രാവിലെ 11.45ഓടെ ഇരുമ്പനം സീപോർട്ട് എയർപോർട്ട് റോഡിൽ എച്ച്പിസിഎല്ലിന് മുന്നിലുണ്ടായ അപകടത്തിലാണ് ഭാഗ്യലക്ഷ്മി മരിച്ചത്. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ഭാഗ്യലക്ഷ്മിയെയും മകനെയും പിന്നാലെ വന്ന കുടിവെള്ള ടാങ്കർ ഇടിച്ചിടുകയായിരുന്നു.

സ്‌ക്കൂട്ടറിൽനിന്നു തെറിച്ചു വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി തൽക്ഷണം മരിച്ചു. തെറിച്ചു വീണ മകൻ ചിരാഗിന് കാര്യമായി പരുക്കേറ്റില്ല.