മസ്‌ക്കറ്റ്: ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നതിന്റെ ഭാഗമായി ചുവപ്പ് സിഗ്നൽ അവഗണിച്ച പലർക്കും ജയിലിൽ പോകേണ്ടി വന്നതായി റോയൽ ഒമാൻ പൊലീസ്. ട്രാഫിക് നിയമം കർശനമാക്കുന്നുവെന്ന് ആഴ്ചകൾക്കു മുമ്പ് പൊലീസ് വ്യക്തമാക്കിയിരുന്നതാണ്. ഏതെങ്കിലും തരത്തിൽ ട്രാഫിക് നിയമം ലംഘിക്കുന്നവരെ ജയിലിൽ അയയ്ക്കുമെന്നും അന്ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് സിഗ്നലുകളിൽ ചുവപ്പ് ലൈറ്റ് അവഗണിച്ചവർക്ക് 48 മണിക്കൂർ വരെ ജയിലിൽ കഴിയേണ്ടി വന്നു.

എന്നാൽ ജയിൽ ശിക്ഷ വിധിച്ചവർക്ക് ശിക്ഷ അനുഭവിച്ചില്ലെങ്കിൽ രജിസ്‌ട്രേഷനുകൾ പുതുക്കി നൽകില്ലെന്നും പൊലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസവും 22 മുതൽ 25 പേർ ചുവപ്പ് സിഗ്നൽ അവഗണിക്കുന്ന കേസുകളിൽ പെടാറുണ്ട്. മിക്കവാറും വാഹന രജിസ്‌ട്രേഷൻ പുതുക്കാൻ എത്തുമ്പോഴോ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റാൻ എത്തുമ്പോഴോ ആണ് തങ്ങൾക്കെതിരേ  ശിക്ഷ വിധിച്ചിട്ടുണ്ടെന്നും മറ്റും അറിയുന്നത്. ട്രാഫിക് നിയമ ലംഘനത്തിന്റെ തോത് അനുസരിച്ച് കുറ്റവാളികൾക്ക് 50 റിയാലോ, 24 മണിക്കൂർ മുതൽ 48 മണിക്കൂർ വരെ ജയിൽ ശിക്ഷയോ അല്ലെങ്കിൽ രണ്ടാഴ്ചത്തേക്ക് കാർ പിടിച്ചുവയ്ക്കുകയോ ചെയ്യും.

ട്രാഫിക് നിയമങ്ങൾ കർശനമാക്കുക വഴി റോഡ് അപകടങ്ങൾ കുറയ്ക്കുക, അതുവഴിയുള്ള മരണങ്ങൾ കുറയ്ക്കുക എന്നതാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.