കൊച്ചി: ഇന്നലെ എറണാകുളം മഹാരാജാസ് ഗ്രൗണ്ടിൽ ആരംഭിച്ച ഇരുപത്തിനാലാമത് ദക്ഷിണ മേഖലാ ജൂനിയർ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ കേരളം മികച്ച പ്രകടനവുമായി മുന്നിട്ടു നിൽക്കുന്നു. കേരളം 321.5 പോയന്റിൽ മുന്നിട്ടു നിൽക്കുമ്പോൾ 311 പോയന്റുമായി തമിഴ്‌നാട് തൊട്ടു പിറകിലുണ്ട്. മൂന്നാമതുള്ള കർണാടകത്തിന് 189.5 പോയന്റും നാലാം സ്ഥാനത്തുള്ള ആന്ധ്രപ്രദേശിന് 72 പോയന്റുമാണുള്ളത്. 25 പോയന്റുള്ള പോണ്ടിച്ചേരിയാണ് ഏറ്റവും പിന്നിൽ. ആദ്യ ദിനം തന്നെ അഞ്ചു മീറ്റ് റെക്കോഡുകൾ പിറന്നു. അഞ്ചു മീറ്റ് റെക്കോഡുകളിൽ രണ്ടെണ്ണം വീതം കേരളവും തമിഴ്‌നാടും പങ്കിട്ടപ്പോൾ ആന്ധ്രപ്രദേശ് ഒരു റെക്കോഡു സ്വന്തമാക്കി.


മൂന്നു ദിവസം നീളുന്ന മീറ്റ് മഹാരാജാസ് കോളജ് മൈതാനത്ത് മേയർ ടോണി ചമ്മിണിയാണ് ഉദ്ഘാടനം ചെയ്തത്. ഹൈബി ഈഡൻ എം എൽ എ അധ്യക്ഷനായിരുന്നു. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ നിന്നുള്ള 750 താരങ്ങളാണ് ജൂനിയർ അത്‌ലറ്റിക് മീറ്റിൽ മാറ്റുരക്കുന്നത്. അണ്ടർ 14, 16, 18, 20 എന്നീ വിഭാഗങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 148 ഇനങ്ങളിലാണ് മത്സരം.

ഗേൾസ് അണ്ടർ 18, 800 മീറ്ററിൽ കേരളത്തിന്റെ ജെസി ജോസഫാണ് 2 മിനുട്ട് 11. 04 സെക്കന്റുമായി പുതിയ മീറ്റ് റിക്കാർഡിട്ടത്. 2010ൽ കേരളത്തിന്റെ തന്നെ ഡിൻസി ഡേവിസിന്റെ 2 മിനിട്ട് 11. 7 സെക്കന്റെന്ന റിക്കാർഡാണ് ജെസി പഴങ്കഥയാക്കിയത്. മെൻ അണ്ടർ 20, ഷോട്ട്പുട്ടിൽ (ആറു കിലോഗ്രാം) കേരളത്തിനുവേണ്ടി വി.പി അൽഫിൻ 16. 48 മീറ്ററോടെ റിക്കോർഡ് എറിഞ്ഞിട്ടു. 2010ൽ തമിഴ്‌നാടിന്റെ എൻ. ശേഖരിന്റെ 16.43 മീറ്റർ എന്ന റിക്കാർഡാണ് തകർക്കപ്പെട്ടത്. ബോയ്‌സ് അണ്ടർ 16 ഷോട്ട്പുട്ട് (അഞ്ച് കിലോഗ്രാം) ഇനത്തിൽ 14.56 മീറ്ററിന്റെ പുതിയ ദൂരം താണ്ടി തമിഴ്‌നാടിന്റെ ബി സൂര്യ റിക്കാർഡിട്ടു. മെൻ അണ്ടർ 20 ലോംഗ് ജംപിൽ 7.52 മീറ്റർ ചാടിയാണ് തമിഴ്‌നാടിന്റെ കെ. പ്രേംകുമാർ പുതിയ റിക്കാർഡ് സ്ഥപിച്ചത്. ബോയ്‌സ് അണ്ടർ 14 ഹൈജംപിൽ ആന്ധ്രപ്രദേശിന്റെ ഷൈക്ക് ഹസിബാബ 1.82 മീറ്ററുമായി റിക്കാർഡിട്ടു. മെൻ അണ്ടർ 20, 1400 മീറ്റർ റിലേയിൽ ബാറ്റൺ കൈമാറാൻ വീഴ്ചവരുത്തിയതിന് കേരള ടീമിനെ അയോഗ്യരാക്കി.