- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോഡ്ജിന്റെ റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കാൻ ഉടമയോടെ കൈക്കൂലി വാങ്ങിയത് 1.5 ലക്ഷം രൂപ; കൂത്താട്ടുകുളത്ത് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിൽ; കറൻസി നോട്ടുകൾ കൈപ്പറ്റവേ അറസ്റ്റിലായി ഡി എസ് ബിജു
കൂത്താട്ടുകുളം: കൈക്കൂലിക്കാർക്കെതിരെ നടപടികൾ കർശനമാക്കുമ്പോഴും ചിലർ ഒന്നും കൂസാതെ മുന്നോട്ടു പോകുകയാണ്. അത്തരക്കാരിൽ ചിലർക്കും പിടിവീണു തുടങ്ങി. റദ്ദാക്കിയ ലൈസൻസ് പുനഃസ്ഥാപിക്കുന്നതിന് ലോഡ്ജ് ഉടമയോട് കൈക്കൂലി വാങ്ങിയ കേസിൽ കൂത്താട്ടുകുളം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ഡി.എസ്.ബിജുവിനെ വിജിലൻസ് സംഘം അറസ്റ്റു ചെയ്തു.
ഇന്നലെ രാത്രി ഹൈസ്‌കൂൾ റോഡിലെ വാടക മുറിയിൽ നിന്നാണ് ഡിവൈഎസ്‌പി മധു ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം സ്വദേശിയാണ് ബിജു.
ഓടയിലേക്ക് മാലിന്യം ഒഴുക്കിയ സംഭവത്തിൽ നഗരത്തിലെ ചില സ്ഥാപനങ്ങൾക്കെതിരെ നഗരസഭ നടപടി ആരംഭിച്ചിരുന്നു. ഇതിൽ ആരോഗ്യവിഭാഗം ചുമത്തിയ പിഴ വ്യത്യസ്തമാണെന്ന് ആക്ഷേപം ഉയർന്നു. മീഡിയ കവലയ്ക്കു സമീപമുള്ള ലോഡ്ജിന് എതിരായ നടപടി ഒഴിവാക്കാൻ ഉടമയെ താമസസ്ഥലത്തേക്ക് വിളിച്ചുവരുത്തി 1.5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു എന്നാണ് കേസ്.
തുക ഒരുമിച്ചു തരാൻ നിർവാഹമില്ലെന്ന് അറിയിച്ച ഉടമയോട് പകുതി തുകയുമായി എത്താൻ ഇദ്ദേഹം ആവശ്യപ്പെട്ടു. ബാക്കി തുകയ്ക്ക് 10 ദിവസം അവധിയും നൽകി. ലോഡ്ജ് ഉടമ വിജിലൻസിനെ അറിയിച്ച ശേഷം അവർ നൽകിയ കറൻസി നോട്ടുകളുമായി തുക കൈമാറുകയായിരുന്നു. വെളിയിൽ കാത്തുനിന്ന വിജിലൻസ് സംഘം താമസസ്ഥലം വളഞ്ഞ് ബിജുവിനെ പിടികൂടി. ഇയാളെ കോടതിയിൽ ഹാജരാക്കും.
മറുനാടന് മലയാളി ബ്യൂറോ