ന്യൂഡൽഹി: കരുത്തരായ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഇന്ത്യ ജൂനിയർ ഹോക്കി ലോകകപ്പിന്റെ ഫൈനലിൽ. മുഴുവൻ സമയത്ത് 2-2ന് തുല്യത പാലിച്ച മത്സരത്തിന്റെ വിധി നിർണ്ണയിച്ചത് ഷൂട്ടൗട്ടിലൂടെയാണ്. ഷൂട്ടൗട്ടിൽ 4-2 എന്ന സ്‌കോറിന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യ നേടിയത്.

ഫൈനലിൽ ഇന്ത്യ ബെൽജിയത്തെ നേരിടും. ജർമനിയെ സെമിയിൽ പരാജയപ്പെടുത്തിയാണ് ബെൽജിയം ഫൈനലിൽ എത്തിയത്. ഞായാറാഴ്ചയാണ് ഫൈനൽ. മത്സരത്തിൽ ആദ്യഗോൾ നേടിയത് ഓസ്ട്രേലിയയ ആയിരുന്നു. രണ്ടാം പകുതിയിൽ ശക്തമായ തിരിച്ചുവരവാണ് ഇന്ത്യ നടത്തിയത്.

14-ാം മിനിറ്റിൽ പെനാൽറ്റി കോർണറിലൂടെ ടോം ക്രെയ്ഗ് ഓസ്ട്രേലിയക്കായി ആദ്യ ഗോൾ സ്‌കോർ ചെയ്തു. ഗുർജന്ത് സിങ് 42-ാം മിനിറ്റിൽ ഉജ്വലമായ പന്ത് ഓസ്ട്രേലിയൻ പോസ്റ്റിലെത്തിച്ച് സ്‌കോർ സമനിലയിലെത്തിച്ചു. ആദ്യ ഗോൾ വഴങ്ങിയതിന്റെ നിരാശ ഓസ്ട്രേലിയൻ താരങ്ങളിൽ കെട്ടടങ്ങും മുമ്പ് മന്ദീപ് സിങ് അടുത്ത ആഘാതം നൽകി. സ്‌കോർ 2-1. എന്നാൽ 57-ാം മിനിറ്റിൽ ഓസ്ട്രേലിയ ഒരു ഗോൾ കൂടി നേടി ഓസീസ് സമനില പിടിച്ചു.

സുമിത്, ഹർമൻപ്രീത്, ഹർജീത്, മൻപ്രീത് എന്നിവരാണ് ഇന്ത്യക്കായി ഷൂട്ടൗട്ടിൽ ലക്ഷ്യം കണ്ടത്. ഷൂട്ടൗട്ടിൽ ഓസ്ട്രേലിയ രണ്ടു കിക്കുകൾ തട്ടിതെറിപ്പിച്ച ഗോൾ കീപ്പർ വികാസ് ദാഹിയയാണ് ഇന്ത്യയുടെ വിജയശിൽപി