ഹൈദരാബാദ്: വ്യത്യസ്തതകളാൽ എപ്പോഴും ആരാധകരുടെ മനം കവരുന്ന താരമാണ് തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ജൂനിയർ എൻടിആർ. അതിപ്പോ സ്‌റ്റൈൽ ആയാലും ഡ്രസ്സിങ് ആയാലും ചെയ്യുന്ന കഥാപാത്രങ്ങൾ ആയാലും, തന്റേതായ ഒരു എലമെന്റ് ഇപ്പോഴും നിലനിർത്തുന്ന താരം. ഇപ്പോൾ ഒരു സ്വപ്‌ന വാഹനം വാങ്ങിയതിന് പിന്നാലെ അതിന് ഫാൻസി നമ്പർ വാങ്ങുന്നതിനായി ലേലത്തിൽ താരം ചെലവിട്ട തുകയാണ് വാർത്തകളിൽ ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ ആദ്യത്തെ ലംബോർഗിനി ഉറൂസ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ ആണ് ജൂനിയർ സ്വന്തമാക്കിയത്.

പുതിയ ലംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ എഡിഷന് ഫാൻസി നമ്പർ സ്വന്തമാക്കാൻ 17 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ച് തെന്നിന്ത്യൻ സൂപ്പർതാരം ജൂനിയർ എൻടിആർ. ടിഎസ് 09 എഫ്എസ് 9999 എന്ന നമ്പർ സ്വന്തമാക്കാനാണ് താരം 17 ലക്ഷം രൂപയ്ക്ക് ലേലം വിളിച്ചത്. ജൂനിയർ എൻടിആറിന്റെ ബിഎംഡബ്ല്യുവിന്റെ നമ്പറും 9999 ആണ്.

 

ഇന്ത്യയിലെ ആദ്യത്തെ ലംബോർഗിനി ഉറുസ് ഗ്രാഫൈറ്റ് ക്യാപ്‌സ്യൂൾ എഡിഷൻ ഇന്ത്യൻ വിപണിയിലെത്തി രണ്ടാം ദിനം തന്നെ ജൂനിയർ എൻടിആർ സ്വന്തമാക്കിയിരുന്നു. നീറോ നോക്റ്റിസ് മാറ്റ് നിറത്തിലുള്ള ഉറുസ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷനാണ് ജൂനിയർ എൻടിആർ സ്വന്തമാക്കിയത്. ഉപഭോക്താവിന്റെ താൽപര്യത്തിന് അനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷൻ എത്തിയത്. ഗ്ലോസി ബ്ലാക്ക് നിറത്തിലുള്ള റിയർ സ്പോയ്ലർ, 23 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിനുണ്ട്.

ലംബോർഗിനിയുടെ ഇന്ത്യയിലെ ഏറ്റവും അധികം വിൽപനയുള്ള വാഹനമാണ് ഉറുസ്. നേരത്തെ പേൾ ക്യാപ്‌സ്യൂൾ എഡിഷൻ എന്ന് പ്രത്യേക പതിപ്പ് ബൊളിവുഡ് താരം രൺവീർ സിങ് സ്വന്തമാക്കയിരുന്നു. 478 കിലോ വാട്ട് കരുത്തുള്ള 4 ലീറ്റർ വി8 പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തേകുന്നത്.

പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ വെറും 3.6 സെക്കന്റുകൾ മാത്രം മതി ഈ കരുത്തന്. ഏകദേശം 3.15 കോടി രൂപയാണ് ഉറുസിന്റെ അടിസ്ഥാന മോഡലിന്റെ വില. ഉപഭോക്താക്കളുടെ ഇഷ്ടത്തിനുള്ള മാറ്റങ്ങൾ അനുസരിച്ച് ഏകദേശം 10 മുതൽ 20 ശതമാനം വരെ വില കൂടും ഗ്രാഫൈറ്റ് ക്യാപ്സ്യൂൾ എഡിഷന് എന്നാണ് കമ്പനി അറിയിക്കുന്നത്.

ഹൈദരാബാദിലെ ലംബോർഗിനി ഡീലർഷിപ്പാണ് വാഹനം വിതരണം ചെയ്തത്. വാഹനത്തോടൊപ്പമുള്ള ചിത്രം താരം നേരത്തെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. എസ്എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്‌മാണ്ഡ സിനിമയായ ആർആർആറിലാണ് ജൂനിയർ എൻടിആർ ഇപ്പോൾ അഭിനയിക്കുന്നത്.