മെൽബൺ: കുട്ടികൾ ഓർമവയ്ക്കുന്ന സമയം മുതൽക്കു തന്നെ ഫേസ് ബുക്ക്‌ പോലുള്ള സോഷ്യൽമീഡിയകളിൽ സജീവമാകുന്ന കാലമാണിത്. ഈ പ്രവണതയെ  പരമാവധി മുതലാക്കാൻ  ജങ്ക് ഫുഡ് കമ്പനികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങിയിരിക്കുന്നു. ടിവി പരസ്യങ്ങൾ ഒഴിവാക്കിയ ഇത്തരം കമ്പനികൾ ഫേസ് ബുക്കിലൂടെ കുട്ടി ഉപഭോക്താക്കളെ ആകർഷിക്കാൻ ഇറങ്ങിയിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ നടത്തിയ ഒരു പഠനത്തിലൂടെയാണിക്കാര്യം വെളിവായിരിക്കുന്നത്. ചോക്കലേററ്, ഐസ്‌ക്രീം, സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയവയുടെ നിർമ്മാതാക്കളാണ് ഫേസ്‌ബുക്കിലൂടെ കുട്ടികളെ ആകർഷിക്കാൻ പുത്തൻ തന്ത്രങ്ങളുമായെത്തിയിരിക്കുന്നത്.

ഇത്തരം പ്രൊഡക്ടുകളുടെ പരസ്യങ്ങൾ കുട്ടികൾക്കായുള്ള ടിവി പ്രോഗ്രാമുകൾക്കിടയിൽ സംപ്രേഷണം ചെയ്യുന്നത് ദി ഓസ്‌ട്രേലിയൻ കമ്മ്യൂണിക്കേഷൻസ് ആൻഡ് മീഡിയ അഥോറിറ്റി(എസിഎംഎ) വിലക്കിയിരുന്നു. എന്നാൽ ഇന്റർനെറ്റിൽ അത്തരം വിലക്കുകൾ ഇല്ലാത്തതിനാലാണ് ഫേസ് ബുക്കിലൂടെ കുട്ടികളെ ലക്ഷ്യം വച്ചുള്ള പുതിയ മാർക്കറ്റിങ് തന്ത്രവുമായി കമ്പനികൾ എത്തിയിരിക്കുന്നത്.

മുന്നിട്ട് നിൽക്കുന്ന 27 ഫേസ് ബുക്ക്‌ പേജുകൾ ഇത്തരം കമ്പനികളുടേതാണെന്നാണ് യുണിവേഴ്‌സിറ്റി ഓഫ് സിഡ്‌നിയിലെ ഗവേഷകർ നടത്തിയ ഒരു വിശകലനത്തിലൂടെ കണ്ടെത്തിയിരിക്കുന്നത്. ആരോഗ്യകരമല്ലാത്ത ഭക്ഷ്യോൽപന്നങ്ങളുടെയും ഡ്രിങ്കുകളുടെയും ബ്രാൻഡുകളെ പ്രമോട്ട് ചെയ്യുന്നതിനുള്ള പേജുകളാണിവ. ഓസ്‌ട്രേലിയയിലുള്ള 13 ദശലക്ഷത്തോളം കുട്ടികളെ ഇത്തരം പേജുകൾ ആകർഷിക്കുന്നുണ്ടെന്നും ഒരു മാസം മുമ്പ് നടത്തിയ പഠനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. 

ബബിൾ ഓ ബിൽ ഐസ്‌ക്രീമിന്റെ പേജാണ് ഇതിൽ ഏറ്റവും ജനകീയമായിട്ടുള്ളത്. തെരുവുകളിൽ തികച്ചും അനാരോഗ്യകരമായ സാഹചര്യങ്ങളിൽ നിർമ്മിക്കുന്ന ഈ ഐസ്‌ക്രീമിന്റെ പേജിന് പത്ത് ലക്ഷം ലൈക്കുകളാണ് ലഭിച്ചിരിക്കുന്നത്. മാൾട്ടെസേർസ് ഓസ്‌ട്രേലിയ, കോൾഡ് റോക്ക് ഐസ് ക്രീമറി, സ്ലർപീ ഓസ്‌ട്രേലിയ, സബ് വേ ഓസ്‌ട്രേലിയ, കൊക്കക്കോള ഓസ്‌ട്രേലിയ എന്നീ ബ്രാൻഡുകളുടെ ഫേസ്‌ബുക്ക് പേജുകളാണ് 13 മുതൽ 17 വയസ്സു വരെയുള്ള കുട്ടികളെ കൂടുതലായി ആകർഷിക്കുന്ന മറ്റ് പേജുകൾ. കമ്പനിയ ഉടമയോ മറ്റ് പരസ്യ ഏജൻസികളോ നല്ല രീതിയിൽ അഡിമിനിസ്‌ട്രേറ്റ് ചെയ്യുന്ന പേജുകളാണ് ഇവയെന്ന് പഠനത്തിലൂടെ കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നു. സെലിബ്രിറ്റികൾ ഈ പേജുകൾ പ്രമോട്ട് ചെയ്യാൻ കുട്ടികളുടെ ആരാധനാ പാത്രങ്ങളായ സെലിബ്രിറ്റികൾ എത്തുന്നുമുണ്ട്. ഇത്തരം ഭക്ഷണങ്ങൾ കുട്ടികളിൽ പൊണ്ണത്തടി പോലുള്ള മാരകമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് പഠനത്തിന്റെ ലീഡ് ഓഥറായ യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ ഡോ. ബെക്കി ഫ്രീമാൻ പറയുന്നത്.