തിരുവനന്തപുരം; ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായ മൂന്നംഗ അന്വേഷണ കമ്മിഷന്റെ കാലാവധി 2022 ജനുവരി 1 മുതൽ ആറുമാസത്തേക്ക് ദീർഘിപ്പിക്കാൻ മന്ത്രിസഭ യോഗത്തിൽ തീരുമാനമായി എന്ന പത്രക്കുറിപ്പ് വന്നത് 2021 ഡിസംബറിലെ ആദ്യ ആഴ്ചയിലാണ്. പൊലീസ് വകുപ്പിന്റെ പർച്ചേസുകൾക്കും സേവനങ്ങൾ സ്വീകരിക്കുന്ന കരാറുകൾക്കും പ്രത്യേക ചട്ടങ്ങളും മാനദണ്ഡങ്ങളും രൂപീകരിക്കുന്നതിനായി നിയമിച്ചതാണ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ കമ്മിഷൻ. 2021 ഡിസംബറിൽ കാലാവധി നീട്ടികിട്ടി. അതനുസരിച്ച് ഈ മാസം അവസാനത്തോടെ കാലാവധി തീരും. അപ്പോഴേക്കും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർക്ക് പുതിയ ഉത്തരവാദിത്തം. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ശേഷം ഇത്രയേറെ തിരിക്കുള്ള ഔദ്യോഗിക ജീവിതം നയിച്ച മറ്റൊരു ജഡ്ജി കേരളത്തിൽ ഇല്ലെന്നതാണ് വസ്തുത.

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മിഷൻ അധ്യക്ഷനായി മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. മാണി വിതയത്തിൽ (എറണാകുളം), ജി.രതികുമാർ (കൊട്ടാരക്കര) എന്നിവരാണ് അംഗങ്ങൾ. മാണി വിതയത്തിലിന്റേയും രതി കുമാറിന്റേയും രാഷ്ട്രീയ നിയമനമാണ്. എന്നാൽ എൻഎസ്എസുമായി വലിയ അടുപ്പമില്ലാത്ത ജഡ്ജിയെ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള സംസ്ഥാന കമ്മിഷൻ അധ്യക്ഷനായി നിയമിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എൻ എസ് എസിനേയും സുകുമാരൻ നായരേയും പ്രകോപിപ്പിക്കാൻ മറ്റൊരു തീരുമാനവുമുണ്ട്. കഴിഞ്ഞ കമ്മിഷനിൽ ചെയർമാനും 2 അംഗങ്ങളും നായർ വിഭാഗത്തിൽനിന്ന് ആയിരുന്നുവെങ്കിൽ ഇത്തവണ ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് ഒരാളെ ഉൾപ്പെടുത്തി.

കമ്മിഷന്റെ പേര് സാമ്പത്തികമായി ദുർബല വിഭാഗങ്ങൾക്കുള്ള കമ്മിഷൻ എന്നു മാറ്റണമെന്നു നിയമപരിഷ്‌കരണ കമ്മിഷൻ സർക്കാരിനു ശുപാർശ നൽകിയിരുന്നു. കമ്മിഷനു ഭരണഘടനാ സാധുത ഉറപ്പാക്കുന്നതിനായി നിയമം കൊണ്ടുവരികയും പേരു മാറ്റുകയും ചെയ്തശേഷം പുതിയ നിയമനം നടത്തണമെന്നായിരുന്നു നിയമപരിഷ്‌കരണ കമ്മിഷന്റെ നിർദ്ദേശം. അങ്ങനെ ചെയ്യാതെ നിയമനം നടത്തിയാലും എത്രയും വേഗം നിയമം കൊണ്ടുവരണമെന്നും അവർ പറഞ്ഞിട്ടുണ്ട്. 164 മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കു വേണ്ടിയാണ് കമ്മിഷൻ രൂപീകരിച്ചത്. ഇതിന്റെ തലപ്പത്തേക്കാണ് പൊലീസ് വകുപ്പിലെ പർച്ചേസുകളെ കുറിച്ച് പഠിക്കുന്ന ജഡ്ജിയെ തന്നെ നിയോഗിച്ചത്. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ശേഷം എന്നും എന്തെങ്കിലും ഉത്തരവാദിത്തം ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർക്കുണ്ടായിരുന്നു.

വർഷത്തിലൊരിക്കൽ ശബരിമല അയ്യപ്പന് ചാർത്താനായി പന്തളം കൊട്ടാരത്തിൽ കാത്തുസൂക്ഷിക്കുന്ന തിരുവാഭരണത്തിന്റെ കണക്കെടുക്കാൻ നിർദ്ദേശിച്ചത് സുപ്രീം കോടതിയാണ്. ഇതിനായും ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരുടെ ഏകാംഗ കമ്മീഷനെയും നിയമിച്ചിരുന്നു സുപ്രീംകോടതി. ശമ്പള പരിഷ്‌കരണ കമ്മീഷനേയും മുമ്പ് നയിച്ചു. ഹാജർ രേഖപ്പെടുത്താൻ പഞ്ചിങ് ഏർപ്പെടുത്താനും വൈകി വന്നാൽ ശമ്പളം കൊടുക്കരുതമെന്നുമുള്ള നിർദ്ദേശങ്ങൾ സർക്കാരിന് നൽകി. 2015ലായിരുന്നു ഈ ഉത്തരവാദിത്തം ഏറ്റെടുത്തത്. ഡാം സേഫ്റ്റി ചുമതലയിൽ ഇരിക്കുമ്പോൾ പ്രളയ വിവാദത്തിൽ പിണറായി വിജയനെ രക്ഷിക്കുകയും ചെയ്തു.

അതിശക്തമായ മഴ മൂലമാണു സംസ്ഥാനത്തു പ്രളയമുണ്ടായതെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ പറഞ്ഞത് സർക്കാരിനും ആശ്വാസമായി. കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) സംഘടിപ്പിച്ച സെമിനാറിലായിരുന്നു സർക്കാരിനെ തുണയ്ക്കുന്ന പ്രസംഗം. ലോകത്തുണ്ടായ വലിയ ദുരന്തങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിലെ ജീവാപായം താരതമ്യേന കുറവാണ്. വെള്ളപ്പൊക്കത്തിൽപ്പെട്ടു സംഭവിച്ചതിനേക്കാൾ മരണം മണ്ണിടിച്ചിൽ മൂലമുണ്ടായി. ഓഗസ്റ്റ് 15നും 17നും ഇടയിലുണ്ടായ അതിശക്തമായ മഴമൂലം ഡാമുകളുടെ ഷട്ടറുകൾ തുറക്കാൻ കേന്ദ്ര ജല അഥോറിറ്റി സമ്മർദ്ദം ചെലുത്തി.

ഡാമുകൾ തുറക്കുന്ന കാര്യത്തിൽ കാലാവസ്ഥാ പ്രവചനത്തെ ആശ്രയിക്കാനാവില്ല. ഇനിയും ഒട്ടേറെ ഡാമുകൾ നിർമ്മിക്കാനുള്ള സാധ്യത കേരളത്തിലുണ്ടെങ്കിലും പരിസ്ഥിതി വാദികളുടെ എതിർപ്പുമൂലം സാധിക്കുന്നില്ലെന്നും അഭിപ്രായപ്പെട്ടിരുന്നു. ഇതെല്ലാം പ്രളയത്തിന് കാരണം സർക്കാരിന്റെ തല തിരിഞ്ഞ തീരുമാനമെന്ന വിമർശനത്തിന്റെ മുന ഒടിച്ചു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ അഴിമതി ആരോപണങ്ങൾ അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷനെ നയിച്ചതും ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായരാണ്.

കേരള ഹൈക്കോടതിയുടെ ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു സി.എൻ രാമചന്ദ്രൻ നായർ. കോട്ടയം മരങ്ങോളി സ്വദേശിയായ അദ്ദേഹം കുറവിലങ്ങാട് ദേവമാതാ കോളേജ്, തിരുവനന്തപുരം സെന്റ് സേവ്യേഴ്‌സ് കോളേജ്, ചേർത്തല എൻ.എസ്.എസ് കോളേജ് തുടങ്ങിയ കോളേജുകളിലെ പഠനശേഷം എറണാകുളം ഗവൺമെന്റ് ലോ കോളേജിൽ നിന്നും നിയമബിരുദമെടുത്തു. 1975 സെപ്റ്റംബർ 11 -ാം തീയതി അഭിഭാഷകനായി സന്നതെടുത്ത സി.എൻ രാമചന്ദ്രൻ നായർ എറണാകുളത്ത് പരിശീലനം ആരംഭിച്ചു. മേനോൻ ആൻഡ് പൈ എന്ന പ്രമുഖ അഭിഭാഷക സ്ഥാപനത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അദ്ദേഹം നികുതി, ക്രിമിനൽ അപ്പീൽ തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ദ്ധനായി.

2001 സെപ്റ്റംബർ 27 ന് അദ്ദേഹം കേരള ഹൈക്കോടതിയിലെ ജഡ്ജിയായി നിയമിതനായി. ജസ്റ്റിസ് ജെ. ചെലമേശ്വർ സുപ്രീംകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് കേരള ഹൈക്കോടതിയിലെ മുതിർന്ന ന്യായാധിപന്മാരിലൊരാളായ ജസ്റ്റിസ് രാമചന്ദ്രൻ നായരെ ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി അന്ന് നിയമിച്ചത്. വിരമിച്ച ശേഷം നിരവധി ജ്യൂഡീഷ്യൽ കമ്മീഷനുകളെയാണ് അദ്ദേഹം നയിച്ചത്.