തെലങ്കാന: വ്യത്യസ്ഥമായ ജാതിയിൽപെട്ട ആളാണെന്ന കാരണത്താൽ പ്രണയിച്ച് വിവാഹം കഴിച്ചയാളെ ഗർഭിണിയായ മകളുടെ മുന്നിൽ വച്ച് കൊലക്കത്തിക്കിരയാക്കിയ അച്ഛന് പരമാവധി ശിക്ഷ വാങ്ങി കൊടുക്കണമെന്ന ആവശ്യമാണ് നാലുപാടു നിന്നും ഉയരുന്നത്. ഇതിനിടെയാണ് കൊലപ്പെട്ട പ്രണയ്‌യുടെ ഭാര്യ അമൃതവർഷിണി ജസ്റ്റിസ് ഫോർ പ്രണയ് എന്ന ക്യാംപയിനുമായി നിയമ പോരാട്ടതിന് ഒരുങ്ങുന്നത്.

തിങ്കളാഴ്‌ച്ചയാണ് ജസ്റ്റിസ് ഫോർ പ്രണയ് എന്ന ഫേസ്‌ബുക്ക് പേജ് അമൃത ഉണ്ടാക്കിയത്.പ്രണയ്ക്ക് നീതി കിട്ടുന്നതിനായി പൊതു ജനങ്ങളുടെ പിന്തുണയോടെ പോരാട്ടം ഏകോപിപ്പിക്കാനാണ് അമൃതയുടെ ശ്രമം. പേജ് ആരംഭിച്ച് ഏതാനും മണിക്കൂറിനുള്ളിൽ ആറായിരം പേരാണ് ഇത് പിന്തുടർന്നത്. ഇപ്പോൾ 85,000ൽ അധികം ഫോളോവേഴ്‌സാണ് പേജിനുള്ളത്. ഒൻപത് മാസം മുമ്പായിരുന്നു പ്രണയ്‌യുടെയും അമൃതയുടേയും വിവാഹം.

ഇരുവരും വ്യത്യസ്ത ജാതിയിൽപ്പെട്ടവരായതിനാൽ വീട്ടുകാരുടെ എതിർപ്പിനെ മറികടന്നായിരുന്നു വിവാഹം. സവർണ വിഭാഗത്തിൽ പെടുന്ന അമൃത ദളിത് വിഭാഗത്തിലെ യുവാവിനെ വിവാഹം ചെയ്യുന്നതിനെതിരെ അമൃതയുടെ കുടുംബം രംഗത്തെത്തിയിരുന്നു.തെലങ്കാനയിലെ നാൽകൊണ്ട ജില്ലയിലെ മിർയൽഗൊണ്ടയിൽ വച്ചായിരുന്നു പ്രണയിയെ അമൃതയുടെ അച്ഛനും അമ്മാവനും കൊടുത്ത ക്വട്ടേഷൻ പ്രകാരം അക്രമി വെട്ടിക്കൊന്നത്.

10 ലക്ഷം രൂപയുടെ ക്വട്ടേഷൻ ആയിരുന്നു ഇതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.ജ്യോതി ആശുപത്രിയിൽ നിന്നും മെഡിക്കൽ ചെക്കപ്പിന് ശേഷം അമൃതയുമായി പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രണയിനെ പുറകിൽ നിന്നും വെട്ടിയത്. വെട്ടേറ്റു നിലത്തുവീണ പ്രണയിയിനെ അക്രമി വീണ്ടും ദേഹത്ത് വെട്ടുന്നത് ആശുപത്രിയുടെ സി.സി.ടി.വിയിൽ പതിഞ്ഞിരുന്നു.

 

ഗർഭഛിദ്രം നടത്താൻ പിതാവിന്റെ നിർബന്ധം

പ്രണയിനെ കൊലപ്പെടുത്തുന്നതിന് മുൻപ് ഗർഭഛിദ്രം നടത്താൻ പിതാവ് നിർബന്ധിച്ചിരുന്നതായി അമൃത കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഈ വർഷം ജനുവരിയിലാണ് അമൃതയും പ്രണയ്യും പ്രണയിച്ച് വിവാഹം കഴിച്ചത്. പ്രണയ് കൊല്ലപ്പെടുമ്പോൾ അമൃത മൂന്ന് മാസം ഗർഭിണിയായിരുന്നു.

വിവാഹത്തിന് ശേഷം അച്ഛൻ തന്നോട് അപൂർവമായി മാത്രമേ മിണ്ടിയിരുന്നുള്ളു എന്നും എപ്പോൾ വിളിച്ചാലും ഗർഭം അലസിപ്പിച്ച് വീട്ടിൽ മടങ്ങി വരണമെന്ന് അച്ഛൻ ആവശ്യപ്പെട്ടിരുന്നതായും അമൃത വെളിപ്പെടുത്തി.

മാധ്യമപ്രവർത്തകരോടാണ് അമൃത വർഷിണി ഇക്കാര്യം വെളിപ്പെടുത്തിയത്.പ്രണയിനെ തന്റെ പിതാവ് ക്വൊട്ടേഷൻ നൽകി കൊല്ലുന്നതിന് രണ്ട് ദിവസം മുമ്പ് ബുനാഴ്‌ച്ചയും ഗർഭഛിദ്രം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി അമൃത വെളിപ്പെടുത്തി.ഗർഭസ്ഥ ശിശുവിനെ അബോർഷൻ ചെയ്ത് ഇല്ലാതാക്കിയ ശേഷം പ്രണയിനെ കൊലപ്പെടുത്തി തന്നെ വീട്ടിലേക്ക് തിരികെ കൊണ്ടു പോകാനായിരുന്നു പിതാവിന്റെ ലക്ഷ്യമെന്നും അമൃത പറഞ്ഞു. ഇനി തന്റെ കുഞ്ഞിന് വേണ്ടി മാത്രമായിരിക്കും തന്റെ ജീവിതമെന്നും അമൃത കൂട്ടിച്ചേർത്തു.

പ്രണയിനെ വീട്ടുകാർ ആക്രമിക്കുമെന്ന് ഭയന്നിരുന്നു.എന്നാൽ പരസ്യമായി കൊല്ലുമെന്ന് കരുതിയില്ല. പ്രതികൾക്ക് ശിക്ഷ ലഭിക്കണം. ജയിൽ ശിക്ഷ ലഭിച്ചാൽ പോര പ്രണയിനെ കൊന്നത് പോലെ അവർക്കും മരണശിക്ഷ വിധിക്കണമെന്നും അമൃത പറഞ്ഞു.കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രണയിനെ പരസ്യമായി വെട്ടിക്കൊന്നത്. ഗർഭിണിയായ അമൃതയുമായി ആശുപത്രിയിൽ നിന്ന് ചെക്കപ്പ് കഴിഞ്ഞിറങ്ങിയപ്പോൾ അക്രമി വെട്ടിക്കൊല്ലുകയായിരുന്നു. അമൃതയുടെ പിതാവ് മാരുതി റാവു 10 ലക്ഷം രൂപയ്ക്ക് ക്വൊട്ടേഷൻ നൽകിയാണ് പ്രണയിനെ കൊലപ്പെടുത്തിയത്.

സംഭവുമായി ബന്ധപ്പെട്ട് മാരുതി റാവു, അമൃതയുടെ അമ്മാവൻ ശ്രാവൺ കുമാർ എന്നിവർ അറസ്റ്റിലായിട്ടുണ്ട്. അമൃത വൈശ്യ സമുദായക്കാരിയും കൊല്ലപ്പെട്ട പ്രണയ് ദളിത് ക്രിസ്ത്യൻ സമുദായക്കാരനുമാണ്. ഇതാണ് അമൃതയുടെ പിതാവിന്റെ വൈരാഗ്യത്തിന് കാരണം.