തിരുവനന്തപുരം: പൊലീസ് മർദനത്തെത്തുടർന്ന് മരിച്ച ശ്രീജിവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയേറുകയാണ്. മലയാള സിനിമാ ലോകം കൂട്ടമായി വിനീതിന് പിന്തുണയുമായി എത്തിയപ്പോൾ കേരള ബ്ലാസ്‌റ്റേഴ്‌സ് താരം വിനീതും റിനോയും കൂടെ നിന്നു.

സെക്രട്ടേറിയേറ്റ് പടിക്കൽ കഴിഞ്ഞ ദിവസം കണ്ടത് പുതിയ ഒരു തലമുറയുടെ ആവേശമായിരുന്നു. സോഷ്യൽ മീഡിയയിൽ പിന്തുണയർപ്പിച്ചവർ നേരിട്ട് തന്നെ സമരാഹ്വാനവുമായി എത്തിയപ്പോൾ സിനിമാ ലോകത്ത് നിന്ന് യുവതാരങ്ങളിൽ ശ്രദ്ധേയനായ ടോവിനോ തോമസും പ്രിയങ്കയും നേരിട്ട് തന്നെയെത്തി തങ്ങളുടെ പൂർണ പിന്തുണ അറിയിച്ചു.രമേശ് ചെന്നിത്തല ശ്രീജിത്തിനെ സന്ദർശിച്ചപ്പോൾ ചിലർ പ്രതിഷേധം ഉയർത്തിയെങ്കിൽ ഏവരുടെയും കയ്യടി നേടിയാണ് ടൊവിനോ മടങ്ങിയത്.

നീല ഷർട്ടും ജീൻസും ധരിച്ചെത്തിയ ടൊവിനോ ശ്രീജിത്തിന് ഒപ്പമിരുന്ന കാര്യങ്ങൾ തിരക്കി. സുഹൃത്തുക്കളോടാണ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചത്. തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം നിയമം അനുശാസിക്കുന്ന രീതിയിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ മാത്രമേ ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസം തിരിച്ചു പിടിക്കാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലാക്കോടു കുടിയല്ല വിഷയത്തിൽ ഇടപെടുന്നത്. തനിക്ക് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നുമില്ല.ഐക്യത്തിന്റെ രാഷ്ട്രീയമാണ് തന്റെത്. ഏതെങ്കിലും ഒരു വിഭാഗം ആളുകളെ പീഡിപ്പിക്കുക എന്നതിനല്ല, ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ പേരിൽ മുഴുവൻ പൊലീസ് സേനയെയും കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകരുത്, പോകുകയുമില്ല.ഇവിടെ വന്നവർ സമാധാനപരമായാണ് സമരം ചെയ്യുന്നത്. ഇത് കാണേണ്ടവർ കാണുകയും ചെയ്യേണ്ടവർ വേണ്ടത് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന് തന്റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ടൊവിനൊ സമര മുഖത്ത് പറഞ്ഞു.

ഫേസ്‌ബുക്ക് വഴിയാണ് പൃഥ്വിരാജ് രംഗത്തെത്തിയത്. നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നിൽ പ്രതീക്ഷയുടെ ആൾരൂപമായി മാറുകയാണ് നിങ്ങൾ ചെയ്തത് എന്ന് പൃഥ്വിരാജ് പറഞ്ഞു.'നിങ്ങൾ ഒറ്റയ്ക്ക് പ്രതിനിധാനം ചെയ്യുന്നത് നമുക്ക് അതിവേഗം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, നമ്മൾ വിലകൽപിക്കാത്ത, ആധുനിക കാലത്തെ മനുഷ്യന്റെ ഏറ്റവും വിലപ്പെട്ട മൂല്യമാണ്. സത്യത്തിനുവേണ്ടിയുള്ള ത്വരയാണത്. കള്ളമെന്ന് ഉറപ്പുള്ളതിനോട് സന്ധി ചെയ്യാനുള്ള വിസമ്മതിക്കലാണ്.

ഇത് നിങ്ങൾ ചെയ്യുന്നത് സ്വന്തം കുടുംബത്തിനും സഹോദരനും വേണ്ടിയായിരിക്കാം. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തെ പോരാട്ടം നിങ്ങൾ, നിശബ്ദതയും സമാധാനപരമായ സമരങ്ങളും മറന്ന ഒരു തലമുറയ്ക്ക് മുന്നിൽ പ്രതീക്ഷയുടെ ആൾരൂപമായി മാറുകയാണ് നിങ്ങൾ ചെയ്തത്. നന്ദി സഹോദര. നിങ്ങൾക്ക് ചുറ്റുള്ള സമൂഹ മനസാക്ഷിയെ തൊട്ടുണർത്തിയതിന്. നിങ്ങൾ തേടിക്കൊണ്ടിരിക്കുന്ന സത്യം കൈവരിക്കുമാറാവട്ടെ. നിങ്ങൾ അർഹിക്കുന്ന നീതി നിങ്ങൾക്ക് ലഭ്യമാവട്ടെ. നിങ്ങളിൽ നിന്ന് അകലുന്ന സമാധാനം കണ്ടെത്താനും കഴിയട്ടെ'-പൃഥ്വി ഫേസ്‌ബുക്കിൽ കുറിച്ചു.

പാർവതിയും ശ്രീജിത്തിന് അനുകൂലമായി രംഗത്തെത്തി. നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ലെന്ന് പാർവതി പറഞ്ഞു.സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്‌നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്‌നേഹം. ബഹുമാനം. ഐക്യം.

കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി സൂപ്പർ താരം സി.കെ വിനീതും ശ്രീജിത്തിന് അനുകൂലമായി രംഗത്തെത്തി. റിനോ ആന്റണിയോടപ്പമുള്ള ഫോട്ടോ പങ്ക് വച്ചാണ് വിനീത് പിന്തുണയർപ്പിച്ചത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഞങ്ങളും പങ്ക് ചേരുന്നു. നീതി ലഭിക്കുന്നത് വരെ നമുക്ക് പോരാടാം എന്നും ഈ സമരത്തിൽ വിജയം നിങ്ങളുടെ കൂടെ ആയിരിക്കുമെന്നും വിനീത് പറയുന്നു. നേരത്തെ നിവിൻ പോളി, ജൂഡ് ആന്റണി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവർ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു.