തിരുവനന്തപുരം: അനിയന്റെ കൊലപാതകത്തിന് ഉത്തരവാദികളായവരെ മാതൃകാപരമായി ശിക്ഷിക്കണം എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന ശ്രീജിത്തിന് പിന്തുണക്കാൻ നടൻ ടൊവിനോ തോമസ് എത്തിയപ്പോൾ സോഷ്യൽ മീഡിയാ കൂട്ടായ്മ ഊഷ്മളമായി സ്വീകരിച്ചു. രമേശ് ചെന്നിത്തല ശ്രീജിത്തിനെ സന്ദർശിച്ചപ്പോൾ ചിലർ പ്രതിഷേധം ഉയർത്തിയെങ്കിൽ ഏവരുടെയും കയ്യടി നേടിയാണ് ടൊവിനോ മടങ്ങിയത്.

സോഷ്യൽ മീഡിയ കൂട്ടായ്മ പ്രഖ്യാപിച്ച സമരാഹ്വാനം അറിഞ്ഞു കൊണ്ടാണ് ടൊവിനോയും സെക്രട്ടറിയേറ്റ് പടിക്കൽ എത്തിയത്. വി എം സുധീരൻ എത്തി ശ്രീജിത്തിനെ കണ്ട് മടങ്ങിയ ശേഷമാണ് ടൊവിനോ തോമസും സ്ഥലത്തെത്തിയത്. നീല ഷർട്ടും ജീൻസും ധരിച്ചെത്തിയ ടൊവിനോ ശ്രീജിത്തിന് ഒപ്പമിരുന്ന കാര്യങ്ങൾ തിരക്കി. സുഹൃത്തുക്കളോടാണ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചത്. തുടർന്ന് മാധ്യമങ്ങളോട് സംസാരിച്ച അദ്ദേഹം നിയമം അനുശാസിക്കുന്ന രീതിയിൽ പ്രതികൾക്ക് അർഹിക്കുന്ന ശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടു. അപ്പോൾ മാത്രമേ ഇന്ത്യൻ ഭരണഘടനയിലുള്ള വിശ്വാസം തിരിച്ചു പിടിക്കാൻ പറ്റുവെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയ ലാക്കോടു കുടിയല്ല വിഷയത്തിൽ ഇടപെടുന്നത്. തനിക്ക് രാഷ്ട്രീയമില്ല. ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണക്കുകയോ തള്ളിപ്പറയുകയോ ചെയ്യുന്നുമില്ല. െഎക്യത്തിന്റെ രാഷ്ട്രീയമാണ് തന്റെത്. ഏതെങ്കിലും ഒരു വിഭാഗം ആളുകളെ പീഡിപ്പിക്കുക എന്നതിനല്ല, ശ്രീജീവിന്റെ കസ്റ്റഡി മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടാണ് സമരം. ഇതിന്റെ പേരിൽ മുഴുവൻ പൊലീസ് സേനയെയും കുറ്റപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകരുത്, പോകുകയുമില്ല.

ഇവിടെ വന്നവർ സമാധാനപരമായാണ് സമരം ചെയ്യുന്നത്. ഇത് കാണേണ്ടവർ കാണുകയും ചെയ്യേണ്ടവർ വേണ്ടത് ചെയ്യുമെന്നും പ്രതീക്ഷിക്കുന്നു. ശ്രീജിത്തിന് തന്റെ ഭാഗത്തു നിന്ന് എല്ലാ പിന്തുണയുമുണ്ടാകുമെന്നും ടൊവിനൊ പറഞ്ഞു. നേരത്തെ നിവിൻ പോളി, ജൂഡ് ആന്റണി, അനു സിത്താര, ഹണി റോസ്, ജോയ് മാത്യു തുടങ്ങിയവർ തങ്ങളുടെ ഫേസ്‌ബുക്ക് പേജിലൂടെ ശ്രീജിത്തിന് പിന്തുണ അറിയിച്ചിരുന്നു.

764 ദിവസമായി സമരംചെയ്യുന്ന ശ്രീജിത്തിന്റെ ശാരീരികസ്ഥിതി മോശമായതിനെത്തുടർന്ന് നിരവധി പേരാണ് രംഗത്തെത്തുന്നത്. രണ്ടു ദിവസം മുമ്പാണ് ശ്രീജിത്തിന്റെ സമരത്തെ നവമാധ്യമങ്ങൾ ഏറ്റെടുത്തത്. 'നീതി വൈകുന്നതും നീതി നിഷേധമാണെന്ന' ഹാഷ് ടാഗിലൂടെയാണ് ശ്രീജിത്തിന്റെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുന്നത്.