മനാമ: രാജ്യത്ത് കുറ്റകൃത്യം ചെയ്തത് രാജകുമാരൻ ആയാൽ പോലും നീതി നടപ്പിലാക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന് തെളിയിച്ചിരിക്കുകയാണ് സൗദിയിൽ. രാജ്യത്തെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പിക്കാനാണ് നീതി നടപ്പിലാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം ഇറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കുന്നു. നാട്ടുകാരനായ സുഹൃത്തിനെ വെടിവച്ചു കൊന്ന കുറ്റത്തിനാണ് സൗദി രാജകുമാരന്റെ തലവെട്ടിയത്. തുർകി ബിൻ സൗദ് ബിൻ തുർക്കി ബിൻ സൗദ് അൽ കബീർ രാജകുമാരനെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയത്.

മൂന്നു വർഷം മുമ്പ് നടന്ന കൊലക്കുറ്റത്തിലാണ് ഇപ്പോൾ വധശിക്ഷ നടപ്പാക്കിയത്. വഴക്കിനിടയിൽ സുഹൃത്തിനെ സൗദ് രാജകുമാരൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. റിയാദിലെ ദമാമിലാണ് സംഭവം ഉണ്ടായത്. കോടതിയിൽ അന്നുതന്നെ രാജകുമാരൻ കുറ്റം ഏറ്റുപറഞ്ഞിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും ഹൈക്കോടതിയും വധശിക്ഷ ശരിവച്ചതോടെയാണ് ശിക്ഷ നടപ്പാക്കാൻ തീരുമാനമായത്.

അദെൽ ബിൻ സൂലൈമാൻ ബിൻ അബ്ദുൾ കരീം അൽ മുഹമ്മദ് എന്നയാളെയാണ് രാജകുമാരൻ വെടിവച്ചു കൊന്നത്. തുടർന്ന് കോടതിയിൽ കുറ്റം ഏറ്റുപറഞ്ഞ അൽകബീർ രാജകുമാരനെ വധശിക്ഷയ്ക്ക് വിധേയനാക്കാൻ പ്രാദേശിക കോടതി വിധിച്ചു. ശിക്ഷയ്‌ക്കെതിരെ രാജകുമാരൻ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ശിക്ഷ ശരിവച്ചതോടെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ദയാഹർജി നൽകിയെങ്കിലും കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് ദയാഹർജിയും തള്ളി. ഇതോടെ ചൊവ്വാഴ്ച ശിക്ഷ നടപ്പാക്കുകയായിരുന്നു.

കബീറിനെ വധിച്ചെന്ന് വാർത്താകുറിപ്പിൽ പറഞ്ഞിട്ടുണ്ടെങ്കിലും എങ്ങിനെയാണ് രാജകുമാരനെ വധിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും സൗദിയിൽ സാധാരണഗതിയിൽ തലവെട്ടിയാണ് ശിക്ഷ നടപ്പാക്കാറുള്ളത്. സൗദിയിൽ രാജകുടുംബാംഗങ്ങളെ ശിക്ഷയ്ക്കിരയാക്കുന്നത് അപൂർവമായിട്ടാണ്. എന്നാൽ 1975-ൽ അമ്മാവൻ ഫൈസൽ രാജാവിനെ കൊന്നതിന്റെ പേരിൽ ഫൈസൽ ബിൻ മുസൈദ് അൽ സൗദിനെ വധശിക്ഷയ്ക്ക് വിധിക്കുകയും ശിക്ഷ നടപ്പാക്കുകയും ചെയ്തിരുന്നു.

വധശിക്ഷയുടെ കാര്യത്തിലും ലോകത്തിൽ ഏറ്റവും ക്രൂരമായ ശിക്ഷ നടപ്പാക്കുന്നു എന്നതിലും അന്താരാഷ്ട്ര തലത്തിൽ മനുഷ്യാവകാശ പ്രവർത്തകരുടെ വലിയ പഴി കേൾക്കേണ്ടി വരുന്നതിനിടയിലാണ് വധശിക്ഷയുടെ പുതിയ വർത്തമാനം സൗദി ആഭ്യന്തരമന്ത്രാലയം വാർത്താകുറിപ്പിലൂടെ പുറത്തു വിട്ടിരിക്കുന്നത്.