തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ മൂന്നുദിവസം തുടർച്ചയായി ചോദ്യം ചെയ്തതതും, അറസ്റ്റ് വൈകിയതും പൊതുചർച്ചയായിരിക്കുകയാണ്. ഈ പശ്ചാത്തലത്തിൽ പൊലീസ് തെളിവുകളുണ്ടായിട്ടും ബിഷപ്പിന്റെ അറസ്റ്റ് വൈകിച്ചോ, നടപടിക്രമങ്ങൾ പാലിച്ചോ എന്നിങ്ങനെയുള്ള സംശയങ്ങൾ ഉയരുകയാണ്. ഫ്രാങ്കോയുടെ കൈയിൽ കൈവിലങ്ങ് വയ്‌ക്കേണ്ടി വരുമോ? ഇന്നുരാത്രി താമസം ജയിലിൽ ആയിരിക്കുമോ? പൊലീസ് കസ്റ്റഡിയിൽ വാങ്ങിയാൽ ഇവിടെ ലോക്കപ്പിൽ ഉറങ്ങേണ്ടി വരുമോ? കയ്യിൽ വിലങ്ങ് വച്ചായിരിക്കുമോ ഫ്രാങ്കോയെ കോട്ടയത്തേക്ക് കൊണ്ടുപോകേണ്ടി വരുന്നത്? ഇത്തരത്തിൽ നിരവധി സംശയങ്ങൾ പൊതുസമൂഹത്തിൽ ഉയരുന്നുണ്ട്. നിയമപരമായ നടപടിക്രമങ്ങൾ ജസ്റ്റിസ് കമാൽ പാഷ മറുനാടനോട് വിശദീകരിക്കുന്നു

അറസ്റ്റിന്റെ നടപടിക്രമങ്ങൾ ഇങ്ങനെ തന്നെയാണോ?

ആദ്യ ദിവസം ബിഷപ്പിനെ ഏഴുമണിക്കൂർ ചോദ്യം ചെയ്തു. രണ്ടാം ദിവസവും ഏഴുമണിക്കൂർ ചോദ്യം ചെയ്തു. ദിലീപിന്റെ കാര്യത്തിൽ 18 മണിക്കൂർ ചോദ്യം ചെയ്തു. ഇങ്ങനെ തന്നെയാണോ അറസ്റ്റിന്റെ നടപടിക്രമങ്ങൾ?

ഇതെല്ലാം പ്രത്യേക നടപടിയല്ലേ. നേരത്തെ തന്നെ അറസറ്റ് ചെയ്യേണ്ടതാണ്. തെളിവുണ്ടങ്കിൽ അറസ്റ്റ് ചെയ്യണം. മെഡിക്കൽ പരിശോധന നടത്തണം. മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കണം.അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിൽ 24 മണിക്കൂറിനകം പ്രതിയെ മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കണം. ഇതൊരു പ്രത്യേക രീതിയിലാണ് പൊയ്‌ക്കൊണ്ടിരുന്നത്. ഇത്രയും താമസിച്ചു പോയി അറസ്റ്റ്.

കുറ്റം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മജിസ്‌ട്രേറേറിന് മുമ്പിലല്ലേ പ്രതിയെ ഹാജരാക്കേണ്ടത്?

അതേ..ക്രൈം നടന്ന സ്ഥലത്തെ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മജിസ്‌ട്രേറ്റിന് മുമ്പിലാണ് ഹാജരാക്കേണ്ടത്. അതല്ലെങ്കിൽ, പകരം ചുമതലയുള്ള മജിസ്‌ട്രേറ്റിന് മുമ്പിൽ പ്രതിയെ ഹാജരാക്കണം.

പൊലീസ് പറയുന്നത് പോലെ ഇന്നുതന്നെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടാൽ നൽകുമോ?അങ്ങനെ കൊടുക്കാൻ സാധിക്കുമോ?

പ്രതിയുടെ വാദം കേട്ട ശേഷം കൊടുക്കാവുന്നതാണ്. സാധാരണ ആദ്യം തന്നെ കൊടുക്കാറില്ല.
ഉദാഹരണത്തിന് പ്രതി സമ്മതിച്ചാൽ പൊലീസ് കസ്റ്റഡിയിൽ വിട്ടുകൊടുക്കുവുന്നതാണ്.

കസ്റ്റഡിയിൽ വിട്ടുകൊടുത്താൽ എവിടെയായിരിക്കും പ്രതിയെ പാർപ്പിക്കുന്നത്. പൊലീസ് സ്റ്റേഷനിലായിരിക്കുമോ?

രണ്ടോ മൂന്നോ ദിവസം കസ്റ്റഡിയിൽ കൊടുത്താൽ അത് പൊലീസിന്റെ സംരക്ഷണയിലാണ് പ്രതി താമസിക്കുന്നത്. ഹോട്ടലിലൊന്നും താമസിപ്പിക്കാറില്ല. എന്നാൽ പൊലീസിന്റെ കസ്റ്റഡിയിൽ തന്നെയായിരിക്കും. മൂന്നുദിവസം ചോദ്യം ചെയ്ത പ്രതിയിൽ നിന്ന് റെക്കോഡെന്തെങ്കിലും വേണമെങ്കിൽ മാത്രമേ കസ്റ്റഡിയിൽ ആവശ്യപ്പെടേണ്ട കാര്യമുള്ളു.

തെളിവെടുപ്പിന് കൊണ്ടുപോകേണ്ടി വരുമ്പോഴുള്ള നടപടിക്രമങ്ങൾ

ഇന്ത്യൻ എവിഡൻസ് ആക്റ്റിലെ 27 ാം വകുപ്പനുസരിച്ച് ഏതെങ്കിലും വസ്തുതകൾ റിക്കവർ ചെയ്യണമെങ്കിൽ, പ്രതിയെ സ്ഥ്‌ലത്തുകൊണ്ടുപോയുള്ള തെളിവെടുപ്പ് ആവശ്യമാണ്.

ഈ സന്ദർഭത്തിൽ കൈവിലങ്ങ് വെക്കണമെന്ന് നിർബന്ധമുണ്ടോ?

അയ്യോ അങ്ങനെയൊന്നുമില്ല. കൈവിലങ്ങ് വയ്ക്കണമെന്ന് നിർബന്ധമൊന്നുമില്ല. ബിഷപ്പ് അങ്ങനെ ഓടിപ്പോകുന്ന ആളൊന്നുമല്ലല്ലോ.

ബിഷപ്പിന്റെ കഴുത്തിലെ നീളമുള്ള കുരിശൊക്കെ അഴിച്ചുമാറ്റേണ്ടി വരില്ലേ?

സാധാരണഗതിയിൽ അറസ്റ്റിന്റെ സമയത്ത് ഇത്തരം കാര്യങ്ങളൊക്കെ സൂക്ഷ്മതയോടെയാണ് നിർവഹിക്കുക. ആത്മഹത്യ പോലുള്ളവ ഒഴിവാക്കാൻ സാധാരണ കരുതലെടുക്കാറുണ്ട്. ഇതൊക്കെ പൊലീസിന്റെ ബാധ്യതയിൽ വരുന്ന കാര്യങ്ങളല്ലേ?