ന്യൂഡൽഹി : സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവർക്ക് നിയമസഹായം നൽകുന്ന ദ ലോ ട്രസ്റ്റ് എന്ന സംഘടനയുടെ 2020-ലെ ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ പുരസ്‌കാരത്തിലൂടെ ലഭിച്ച തുക നന്മയുടെ വഴിയിൽ ചെലവക്കാൻ സുപ്രീംകോടതി മുൻ ജസ്റ്റിസ് കുര്യൻ ജോസഫ്. പഠനവും ജോലിയും ഒരുമിച്ചു കൊണ്ടുപോയി മികച്ച മാതൃകയായ അനശ്വര എന്ന വിദ്യാർത്ഥിനിക്ക് 50000 രൂപ നൽകാനാണ് ജസ്റ്റിസ് കുര്യൻ ജോസഫിന്റെ തീരുമാനം.

സുപ്രീംകോടതി ജസ്റ്റിസ് സി.ടി. രവികുമാറാണ് പുരസ്‌കാരം നൽകിയത്. ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ കുമാർ മിശ്ര, കേരള ബാർ കൗൺസിൽ ചെയർമാൻ ജോസഫ് ജോൺ, ലോ ട്രസ്റ്റ് ചെയർമാൻ അഡ്വ. പി. സന്തോഷ് കുമാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. നീതിന്യായ വ്യവസ്ഥയിൽ വരേണ്ട കാലോചിത മാറ്റങ്ങളെ കുറിച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം കുര്യൻ ജോസഫ് സംസാരിച്ചിരുന്നു. പുരസ്‌കാര തുക അനശ്വരയ്ക്ക് നൽകാനും നിർദ്ദേശിച്ചു. ഈ കുട്ടിയുടെ കഥ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

അമ്മയെ എന്നും ജോലിയിൽ സഹായിച്ചു കഴിഞ്ഞതിന് ശേഷമാണ് അനശ്വര പഠനത്തിനായി പോവുന്നത്. ചെറിയൊരു ഹോട്ടലിന്റെ അടുക്കളയിൽ നിന്നും പൊറോട്ടയടിക്കുന്ന അനശ്വരയെന്ന പെൺകുട്ടിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലാകെ നിറഞ്ഞു നിന്നിരുന്നു. അനശ്വര ഒരു നിയമവിദ്യാർത്ഥിനിയാണ്. കാഞ്ഞിരപ്പള്ളി റോഡിലെ കുറുവാമൊഴിക്കാരിയാണ് അനശ്വര. അനശ്വരയുടെ അമ്മയും അമ്മയുടെ സഹോദരിയും ചേർന്ന് നടത്തുന്നതാണ് ആര്യ ഹോട്ടൽ .

അമ്മ സുബിക്ക് ഒരു സഹായം എന്നോണമാണ് അനശ്വര പൊറോട്ടയടിക്കാൻ തുടങ്ങിയത്. ഇപ്പോൾ പഠനവും പൊറാട്ടയടിയും ഉഷാറായി തന്നെ കൊണ്ടു പോകുകയാണ് അനശ്വര. വീടിനോട് ചേർന്നാണ് ഹോട്ടൽ. തൊടുപുഴ അൽ അസർ കോളജിലെ അവസാന വർഷ നിയമവിദ്യാർത്ഥിനിയാണ് അനശ്വര.

സമൂഹ മാധ്യമങ്ങളിലൂടെ വൈറലായതോടെ അനശ്വരയ്ക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തെത്തി. ഈ കഥ അറിഞ്ഞാണ് കൃഷ്ണയ്യർ പുരസ്‌കാര തുകയും ഈ പെൺകുട്ടിക്ക് നൽകാൻ ജസ്റ്റീസ് കുര്യൻ ജോസഫ് നിർദ്ദേശിച്ചത്.