തിരുവനന്തപുരം: ആചാരങ്ങളും വിശ്വാസങ്ങളും താന്ത്രിക വിദ്യകളും അതേപടി പിൻതുടരണമെന്ന് ആവശ്യം ശബരിമല സമരക്കാർ ആവർത്തിച്ച് ഉന്നയിക്കുമ്പോൾ ഉയരുന്ന ചോദ്യം, ഇതൊക്കെ അറിയുന്നവർ തന്ത്രിമാരിൽ എത്രപേർ ഉണ്ടെന്നും ഏതെല്ലാം ക്ഷേത്രങ്ങളിൽ വിധി പ്രകാരം ആരാധന നടക്കുന്നുവെന്നുമാണ്. പതിനൊന്ന് വർഷം മുമ്പ് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ക്രമക്കേടുകൾ അന്വേഷിക്കുന്ന ജസ്റ്റിസ് കെ.എസ് പരിപൂർണൻ കമ്മിഷന് ശബരിമല ക്ഷേത്രത്തിൽ രണ്ടു തവണ തന്ത്രിയായിരുന്ന കണ്ഠരര് മോഹനരെ വിചാരണ ചെയ്തതിന്റെ റിപ്പോർട്ട് വായിച്ചാൽ ഇക്കാര്യത്തിൽ വ്യക്തത വരും. ഒരു തന്ത്രിക്കുവേണ്ട പ്രത്യേക അറിവുകൾ പോയിട്ട് ശാന്തിപ്പണിയുടെ പ്രാഥമിക പാഠങ്ങൾപോലും മോഹനർക്ക് അറിയില്ലെന്നായിരുന്നു കമ്മീഷൻ റിപ്പോർട്ട്. കന്നട നടി ജയമാല ശബരിമല ക്ഷേത്രത്തിൽ കയറി വിഗ്രഹം തൊട്ടു എന്നും മറ്റുമുള്ള വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പരിപൂർണൻ കമീഷൻ വിചാരണ നടത്തിയത്. സംസ്‌കൃതവും വേദങ്ങളും പഠിച്ചിട്ടില്ല എന്ന് സമ്മതിച്ച അദ്ദേം മന്ത്രങ്ങളും ഭാഗ്യസൂക്തവും അറിയില്ല എന്നും സമ്മതിച്ചു. എന്തിന് ഗണപതിയുടെ നാൾ ഏതാണെന്നുപോലും അദ്ദേഹത്തിന് അറിയില്ലായിരുന്നു. സംസ്‌കൃതം അറിയാത്ത താങ്കൾ എങ്ങനെ ക്ഷേത്രപൂജാരികളെ തെരഞ്ഞെടുക്കുന്ന ഇന്റർവ്യു ബോർഡിലെ പ്രധാന അംഗമായി എന്ന ചോദ്യത്തിനും ഉത്തരമുണ്ടായിരുന്നില്ല. ശബരിമലയിൽ മേൽശാന്തി നിയമനത്തിന് അഭിമുഖം നടത്തിയ സംഘത്തിൽ മോഹനരുണ്ടായിരുന്നു. സംസ്‌കൃതത്തിന് 20 മാർക്കാണുള്ളത്. അഭിമുഖം നടത്താൻ സംസ്‌കൃതം അറിയുമോയെന്ന് കമ്മിഷന്റെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു മോഹനരുടെ മറുപടി.

ജസ്റ്റിസ് കെ. എസ്. പരിപൂർണന്റെ പല ചോദ്യങ്ങൾക്കും മോഹനരിൽ നിന്ന് ഉത്തരമുണ്ടായില്ല. ജസ്റ്റിസ് ബി. എം. തുളസീദാസ് കൂടി പങ്കെടുത്ത വിസ്താരത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

കമ്മീഷൻ: ശബരിമല ക്ഷേത്രത്തിലെ പൂജകളെല്ലാം വിധിപോലെ നടക്കുന്നുണ്ടോ?

തന്ത്രി: അതെല്ലാം മുറപോലെ നടക്കുന്നുണ്ട്.

കമ്മീഷൻ: താങ്കൾക്ക് സംസ്‌കൃതം അറിയാമോ?

തന്ത്രി: ഇല്ല.

കമ്മീഷൻ: പിന്നെ താങ്കളെങ്ങനെ ക്ഷേത്രപൂജാരികളെ തെരഞ്ഞെടുക്കുന്ന ഇന്റർവ്യു ബോർഡിലെ പ്രധാന അംഗമായി?

തന്ത്രി: ഞാൻ ഉദ്യോഗാർത്ഥികളുടെ പൂജകൾക്കു മാത്രമാണ് മാർക്ക് ഇടുന്നത്.

കമ്മീഷൻ: താങ്കൾ തന്ത്രങ്ങളും മന്ത്രങ്ങളും പഠിച്ചിട്ടുണ്ടോ?

തന്ത്രി: ഞങ്ങൾ പാരമ്പര്യമായി താന്ത്രിക കുടുംബമാണ്.

കമ്മീഷൻ: പാരമ്പര്യമൊക്കെ ശരി. പക്ഷെ അച്ഛൻ ആനപ്പുറത്തുകയറി എന്നതിനാൽ മകനു ആസനത്തിൽ തഴമ്പു കാണണമെന്നില്ലല്ലോ. താങ്കൾ വേദങ്ങൾ പഠിച്ചിട്ടുണ്ടോ?

തന്ത്രി: ഇല്ല.

കമ്മീഷൻ: താങ്കൾക്ക് വേദമന്ത്രങ്ങൾ അറിയുമോ?

തന്ത്രി: ഇല്ല.

കമ്മീഷൻ: താങ്കൾക്ക് ഭാഗ്യസൂക്തം അറിയാമോ?

തന്ത്രി: ഇല്ല.

കമ്മീഷൻ: പിന്നെങ്ങിനെയാണ് താങ്കൾ ശബരിമലയിൽ പൂജകൾ ചെയ്യുന്നത്?

തന്ത്രി: ഞങ്ങൾ പൂജ നടത്താൻ ഈ മന്ത്രങ്ങൾ ഉപയോഗിക്കാറില്ല.

കമ്മീഷൻ: അവിടെ നിങ്ങൾ ഗണപതിഹോമവും മറ്റു പൂജകളും ചെയ്യാറില്ലേ?

തന്ത്രി: മറ്റു ചില മന്ത്രങ്ങൾ ഉപയോഗിച്ചാണ് ഞാൻ പൂജകൾ ചെയ്യാറുള്ളത്.

കമ്മീഷൻ: പക്ഷേ, ഗണപതിഹോമം നടത്താൻ ഭാഗ്യസൂക്തം അനിവാര്യമാണല്ലോ. ശരി. അതുവിട്ടേക്കൂ. ഗണപതി ഭഗവാന്റെ ജന്മനക്ഷത്രം അറിയാമോ?

തന്ത്രി: ഇല്ല.

കമ്മീഷൻ: ഇത് അതിശയമായിരിക്കുന്നു. ഈ കാര്യങ്ങൾ പ്രശസ്തമായ ഈ ക്ഷേത്രത്തിലെ ഈശ്വരനും വിശ്വാസികളും തമ്മിലുള്ള അഭേദ്യബന്ധത്തെ ബാധിക്കുമല്ലോ. ഞങ്ങൾക്ക് കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് താങ്കളെ ബുദ്ധിമുട്ടിക്കാൻ ആഗ്രഹമില്ല. ശരിക്കും പറഞ്ഞാൽ ഇതുപോലുള്ള ചോദ്യങ്ങൾ താങ്കളോടു ചോദിക്കണമെന്നു മനപ്പൂർവം ഞങ്ങൾ ആഗ്രഹിച്ചിരുന്നില്ല. സാഹചര്യം ഞങ്ങളെ ഇവിടെ കൊണ്ടെത്തിക്കുകയായിരുന്നു.

ഈ രീതിയിലാണ് വിചാരണ പുരോഗമിച്ചത്. മോഹനർക്ക് മാത്രമല്ല നിരവധി തന്ത്രികൾക്കും എന്താണ് അവർ ചെയ്യുന്നതുപോലും അറിയില്ലെന്ന് കമ്മീഷൻ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘപരിവാറിലെ ശുദ്ധതാവാദികളും തീവ്ര നിലപാടുകാരും എക്കാലവും കണ്ഠരര് മോഹനരെ എതിർത്തിരുന്നു. പരിവാർ താത്വകനായ ടി ജി മോഹൻദാസ് ഈയിടെയും മോഹനരെ വിമർശിച്ചിരുന്നു. സമാനമായിരുന്നു ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷന്റെയും അനുഭവം. ഉത്തരേന്ത്യയിലെ പല പൂജാരിമാരോടും കമ്മീഷൻ സംസ്‌കൃതത്തിൽ സംസാരിച്ചപ്പോൾ അവർക്ക് സംസ്‌കൃതം അറിയില്ല എന്നായിരുന്നു മറുപടി കിട്ടിയതെന്ന് ജസ്്റ്റിസ് ശ്രീകൃഷ്ണയും എഴുതിയിട്ടുണ്ട്. അതായത് താന്ത്രിക വിദ്യകളും ആചാരങ്ങളും പൂജകളും കടുകുമണി മാറില്ല എന്നു പറയുമ്പോഴും അതൊന്നും പ്രായോഗത്തിൽ നടക്കാറില്ലെന്ന് വ്യക്തം