കൊച്ചി: ഇതു അതിനിർണ്ണായക ഉത്തരവ്. വ്യക്തിയുടെ ജനന സർട്ടിഫിക്കറ്റിലും തിരിച്ചറിയൽ രേഖകളിലും അമ്മയുടെ പേരു മാത്രം ഉൾപ്പെടുത്താൻ പൗരന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. പ്രായപൂർത്തിയാകുന്നതിനു മുൻപേ അമ്മയായ ഒരു സ്ത്രീയുടെ മകൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. ജനന സർട്ടിഫിക്കറ്റിലും സ്‌കൂൾ രേഖകളിലും പാസ്‌പോർട്ടിലുമുള്ള പിതാവിന്റെ പേരു നീക്കം ചെയ്ത് അമ്മയുടെ പേരു മാത്രം ചേർത്തു നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജിക്കാരൻ കോടതിയിലെത്തിയത്. വാദങ്ങൾ കേട്ട ശേഷം നീതി ഉറപ്പാക്കേണ്ടതിന്റെ സാമൂഹിക സാഹചര്യം വിശദീകരിച്ചാണ് ഉത്തരവ്.

കുന്തി വെളിപ്പെടുത്തുന്നതുവരെ മാതാപിതാക്കളാരെന്നറിയാത്ത കർണൻ അനുഭവിക്കുന്ന മനോവിഷമം വേദവ്യാസൻ മഹാഭാരതത്തിൽ വിവരിക്കുന്നുണ്ട്. ഈ കഥയെ ആസ്പദമാക്കി മാലി മാധവൻ നായർ രചിച്ച 'കർണശപഥം' ആട്ടക്കഥയിലെ ''എന്തിഹ മന്മാനസേ... '' എന്നു തുടങ്ങുന്ന പദത്തിൽ കർണന്റെ മാനസിക സംഘർഷം വിവരിച്ചിട്ടുണ്ട്. ഈ പദം കലാമണ്ഡലം ഹൈദരാലി പാടി കലാമണ്ഡലം ഗോപി അവതരിപ്പിക്കുമ്പോൾ കഥകളി പ്രേമികളല്ലാത്തവർപ്പോലും കണ്ണീരണിയും-കോടതി വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് നിർണ്ണായകമായ ഉത്തരവ്.

ഹർജിക്കാരന്റെ തിരിച്ചറിയൽ രേഖകളിൽ ഓരോന്നിലും പിതാവിന്റെ പേര് വ്യത്യസ്തമായാണു രേഖപ്പെടുത്തിയിരുന്നത്. ദുരൂഹ സാഹചര്യത്തിൽ, അജ്ഞാതനായ വ്യക്തി പീഡിപ്പിച്ചതിനെ തുടർന്നാണു ജന്മം നൽകിയ മാതാവ് ഗർഭിണിയാതെന്നു ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഈ വസ്തുത ഉൾക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. മലയാളിയെ അത്ഭുതപ്പെടുത്തിയ നടനായിരുന്ന ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഇളയ മകനാണ് പിവി കുഞ്ഞികൃഷ്ണൻ. 'ദേശാടന'ത്തിലെ മുത്തശ്ശനായി തുടങ്ങി ഇരുപത്തഞ്ചോളം മലയാളം, തമിഴ് ചലച്ചിത്രങ്ങളിലഭിനയിച്ച താരമാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരി. ഇതിനോടകം നിരവധി നിർണ്ണായക ഉത്തരവുകൾ പുറപ്പെടുവിച്ചു കഴിഞ്ഞു കുഞ്ഞികൃഷ്ണൻ.

അദ്ദേഹത്തിന്റെ നീതിന്യായ ബോധത്തിന്റെ നേർചിത്രമാണ് ഈ ഉത്തരവും. അവിവാഹിതയായ അമ്മയുടെ കുട്ടി രാജ്യത്തിന്റെ പൗരനാണെന്നും ആർക്കും ഭരണഘടന ഉറപ്പു നൽകുന്ന അവകാശം ഹനിക്കാനാവില്ലെന്നും കോടതി വിശദീകരിച്ചു. അതിജീവിതകളുടെയും അവിവാഹിതകളുടെയും മക്കളുടെ സ്വകാര്യത, അന്തസ്സ്, സ്വാതന്ത്ര്യം തുടങ്ങിയ അവകാശങ്ങൾ നിഷേധിക്കാൻ അധികൃതർക്ക് കഴിയില്ല. സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുമ്പോൾ അവർ അനുഭവിക്കുന്ന മനോവ്യഥയെക്കുറിച്ച് ആലോചിക്കണം.

മാതാപിതാക്കൾ ആരെന്നറിയാതെ അപമാനിതനായതിന്റെ പേരിൽ സ്വന്തം ജന്മത്തെ ശപിക്കുന്ന കർണന്മാരില്ലാത്ത സമൂഹമാണ് നമുക്കു വേണ്ടത്. ഭരണഘടനയും ഭരണഘടനാ കോടതികളും സംരക്ഷിക്കുമെന്നതിനാൽ പുതിയ കാലത്തെ കർണന്മാർക്ക് മറ്റുള്ളവരെപ്പോലെ അന്തസ്സോടെ ജീവിക്കാനാവുമെന്നും കോടതി പറഞ്ഞു. സത്യം മുഖത്ത് നോക്കി പറയുന്ന ജഡ്ജിയാണ് കുഞ്ഞികൃഷ്ണൻ. വ്യക്തികളുടെ രാഷ്ട്രീയം നിയമനങ്ങളിൽ തടസ്സമാകരുതെന്നു ജഡ്ജിയായി ചുമതലയേറ്റ ശേഷം ജസ്റ്റിസ് പി. വി. കുഞ്ഞിക്കൃഷ്ണൻ പറഞ്ഞിരുന്നു. മുൻ ജഡ്ജിമാരുടെ പുസ്തകങ്ങളും കോടതി വിധികളും ഉദ്ധരിച്ചാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ഹൈക്കോടതി തന്റെ നിയമനത്തിനു ശുപാർശ ചെയ്ത ശേഷം നിയമനം കിട്ടാൻ രണ്ടുവർഷം നീണ്ട കാത്തിരിപ്പു വേണ്ടിവന്നതിന്റെ വേദനയും അദ്ദേഹം മറച്ചുവച്ചില്ല. ഭരണഘടനാ സ്ഥാനങ്ങളിൽ നിയമനങ്ങൾക്ക് അതിന്റേതായ സമയം വേണ്ടിവരും. എന്നാലും ഇത്രയേറെ കാത്തിരിപ്പ് വേദനാജനകമാണ്; കാരണം അറിയാതിരിക്കുമ്പോൾ പ്രത്യേകിച്ചും - അദ്ദേഹം പറഞ്ഞു. ഹൈക്കോടതിയിൽ കാൽനൂറ്റാണ്ടു പിന്നിട്ട അഭിഭാഷക ജീവിതത്തിനു ശേഷമാണു പി. വി. കുഞ്ഞിക്കൃഷ്ണൻ ജഡ്ജിയായത്.

ഗണിതശാസ്ത്രത്തിലുള്ള ഇഷ്ടംകാരണം അതിൽ ബിരുദമെടുക്കാൻ കുഞ്ഞികൃഷ്ണൻ, പയ്യന്നൂർ കോളജിൽ ചേരുകയുണ്ടായി. ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ജ്യേഷ്ഠനും കാസർകോട്ടെ പ്രമുഖ അഭിഭാഷകനുമായ പി.വി.കെ. നമ്പൂതിരിയുടെ വിയോഗമാണ് കുഞ്ഞികൃഷ്ണനെ അഭിഭാഷക ജോലിയിലേയ്ക്ക് തിരിക്കുന്നത്. തിരുവനന്തപുരത്തെ നിയമപഠനത്തിനു ശേഷം പയ്യന്നൂരിൽ പ്രാക്ടീസ് തുടങ്ങാനൊരുങ്ങിയപ്പോൾ കോഴിക്കോട്ട് ജില്ലാ ആസ്ഥാനത്ത് മതിയെന്ന് ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണു നിർദേശിച്ചത്. മൂന്നുകൊല്ലം കഴിഞ്ഞപ്പോൾ ഇനി ഹൈക്കോടതിയിലേക്കു മാറിക്കൂടേ എന്നായി ചോദ്യം.

അച്ഛന്റെ മനസ്സും കരുതലുമാണ് തന്നെ ഈ പദവിയിലെത്തിച്ചതെന്നും ചടങ്ങിൽ അച്ഛനെത്തിയതിൽ സന്തോഷമുണ്ടെന്നും സത്യപ്രതിജ്ഞയ്ക്കു ശേഷമുള്ള പ്രസംഗത്തിൽ ജസ്റ്റിസ് കുഞ്ഞികൃഷ്ണൻ പറഞ്ഞിരുന്നു.