- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രദ്ധനേടിയത് മുംബൈ സ്ഫോടനക്കേസിലെ വിധിപ്രസ്താവത്തോടെ; പരമോന്നത നീതി പീഠത്തിലെത്തിയത് മധ്യപ്രദേശ് ഹൈക്കോടതിയിൽ നിന്നും; ഒബിസി റിസർവേഷൻ, കൃഷ്ണ ഗോദാവരി തർക്കം തുടങ്ങിയയ കേസിലും ബെഞ്ചിന്റെ ഭാഗമായി; പെഗസ്സസ് മൂന്നംഗ സമിതിയുടെ തലവൻ ജസ്റ്റീസ് ആർ വി രവീന്ദ്രന്റെ സുപ്രധാന വിധി പ്രഖ്യാപനങ്ങൾ
ന്യൂഡൽഹി: പെഗസ്സസ് വിവാദത്തിൽ കേന്ദ്രത്തിന് തിരിച്ചടി നൽകി മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുകയാണ് സുപ്രീംകോടതി.സുപ്രീംകോടതി മുൻ ജസ്റ്റീസ് ആർ വി രവീന്ദ്രന്റെ അധ്യക്ഷതയിലാണ് മൂന്നംഗ സമിതി കേസിൽ അന്വേഷണം നടത്തുക.ഇത്രയും സുപ്രധാനമായ കേസിൽ അന്വേഷണസംഘത്തിന്റെ തലപ്പത്തേക്കെത്തിയ വ്യക്തിയെക്കുറിച്ചാണ് ഇപ്പോൾ ചർച്ചകൾ സജീവമാകുന്നത്.സുപ്രീംകോടി മുൻ ജസ്റ്റീസ് എന്നതിനപ്പുറം നിരവധി പ്രമാദമായ കേസുകളിൽ വിധി പറഞ്ഞ പശ്ചാത്തലവും രവീന്ദ്രന് ഉണ്ട്.വിവാദപരമായ നിരവധി സംഭവങ്ങളിൽ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ വിധി പ്രസ്താവം തന്നെയാണ് പെഗസ്സസിന്റെയും അന്വേഷണസംഘത്തിന്റെ മേധവി തലപ്പത്തേക്ക് അദ്ദേഹത്തെ നയിച്ചത്.
1993ലെ ബോംബൈ സ്‌ഫോടന കേസിൽ ആർ വി രവീന്ദ്രൻ അടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. 1993 മാർച്ച് 12ന് മുംബൈയിലെ 12 ഇടങ്ങളിൽ നടന്ന ബോംബ് സ്‌ഫോടനത്തിൽ 257 പേരാണ് കൊല്ലപ്പെട്ടത്. 1400ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ദാവൂദ് ഇബ്രാഹിമിന്റെ നേതൃത്വത്തിലാണ് സ്‌ഫോടനം നടത്തിയതെന്നായിരുന്നു റിപ്പോർട്ട്.സ്‌ഫോടനവുമായി ബന്ധപ്പെട്ട് ബോളിവുഡ് താരം സഞ്ജയ് ദത്തിനെയും അറസ്റ്റ് ചെയ്തിരുന്നു. തീവ്രവാദ ബന്ധവും ആയുധം കൈവശം വക്കുന്നതിനും കുറ്റം ചുമത്തിയാണ് അദ്ദേഹത്തെ അഴിക്കുള്ളിലാക്കിയത്. ജയിൽ ശിക്ഷ ലഭിച്ച ഇദ്ദേഹത്തിന് പിന്നീട് ഓഗസ്റ്റ് 20, 2007 ന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.
2005ൽ സുപ്രീം കോടതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രവീന്ദ്രൻ 1968ലാണ് നിയമ ബിരുദം നേടിയത്. 1993ൽ കർണാടക ഹൈകോർട്ടിൽ പ്രവേശിച്ചു. 2004ൽ അദ്ദേഹം മധ്യപ്രദേശ് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി.ഇവിടുന്നാണ് പരമോന്നത നീതി പീഠത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. മുംബൈ സ്‌ഫോടനത്തിന് പുറമെ മറ്റനവധി നിർണ്ണായക കേസുകളുടെ വിധി പ്രസ്താവത്തിലും രവീന്ദ്രന്റെ കൈയൊപ്പ് ഉണ്ടായിരുന്നു.
ഒബിസി റിസർവേഷൻ, കൃഷ്ണ ഗോദാവരി തർക്കം തുടങ്ങിയ നിരവധി കേസുകളിൽ മേൽനോട്ടച്ചുമതലയുള്ള ആളായിരുന്നു ആർവി രവീന്ദ്രൻ. കേരളത്തിൽ ഏറെ വിവാദമായ ഹാദിയ കേസിലും സുപ്രീം കോടതി അദ്ദേഹത്തെ മേൽനോട്ട ചുമതല ഏൽപ്പിച്ചിരുന്നെങ്കിലും അദ്ദേഹം താൽപ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. ഹാദിയ കേസ് എൻഐഎ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിരമിച്ച ജഡ്ജിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിരുന്നു. തുടർന്ന് കേസിന്റെ മേൽനോട്ടം വഹിക്കാൻ ആർവി രവീന്ദ്രനെ തിരഞ്ഞെടുത്തു. എന്നാൽ പിന്നീട് കേസിന് മേൽനോട്ടം വഹിക്കാൻ താൽപര്യമില്ലെന്ന് ആർവി രവീന്ദ്രൻ വ്യക്തമാക്കുകയായിരുന്നു.
പെഗസ്സസ് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിന് വിദഗ്ദ സമിതി വേണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ജസ്റ്റിസ് ആർ.വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കേസ് അന്വേഷിക്കുകയെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ വിധി പ്രസ്താവത്തിൽ വ്യക്തമാക്കുകയായിരുന്നു.ആറംഗ സമിതിയിൽ മൂന്ന് പേർ സാങ്കേതിക വിദഗ്ദരായിരിക്കും. സൈബർ വിദഗ്ദനായ നവീൻ ചൗധരി (അമൃത വിശ്വാവിദ്യാപീഠം കൊല്ലം), ഡോ. പ്രഭാകരൻ, ഡോ. അശ്വിനി ഗുപ്‌തെ (ഐഐടി ബോംബെ) എന്നിവരാണ് സാങ്കേതിക വിദഗ്ദർ. റോ മുൻ മേധാവി അലോക് ജോഷിയാണ് സമിതിയിലെ മറ്റൊരു അംഗം. സമിതി കേന്ദ്ര സർക്കാർ രൂപീകരിക്കാമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയെ അറിയിച്ചെങ്കിലും കോടതി ഇത് തള്ളുകയായിരുന്നു.
മറുനാടന് മലയാളി ബ്യൂറോ