കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജിയും സംസ്ഥാന വനിതാ കമ്മീഷൻ മുൻ അധ്യക്ഷുമായ ജസ്റ്റിസ് ഡി.ശ്രീദേവി (79) അന്തരിച്ചു. കലൂർ ആസാദ് റോഡിലെ വസതിയിൽ അന്ത്യം പുലർച്ചെ രണ്ടു മണിയോടെയായിരുന്നു അന്ത്യം. കരൾ രോഗത്തെത്തുടർന്ന് കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ഇന്നു വൈകിട്ട് അഞ്ചിന് എറണാകുളം രവിപുരം ശ്മശാനത്തിൽ നടക്കും.

സസ്യശാസ്ത്രത്തിൽ ബിരുദം നേടിയ ശേഷാണ് അവർ തിരുവനന്തപുരം ലോ കോളേജിൽ ചേർന്ന് നിയമ ബിരുദം നേടുന്നത്. 1962 ൽ തിരുവനന്തപുരത്ത് പ്രാക്ടീസ് ആരംഭിച്ചു. 1984 ലാണ് ജില്ലാ സെഷൻസ് ജഡ്ജി ആയി നിയമിക്കപ്പെട്ടത്. 1992-ൽ കുടുംബ കോടതിയിൽ ജഡ്ജി ആയി. 1997-ൽ കേരള ഹൈക്കോടതി ജഡ്ജി ആയി സേവനം ആരംഭിച്ചു.

2001-ൽ വിരമിച്ചപ്പോഴാണ് കേരളാ വനിതാ കമ്മീഷന്റെ അധ്യക്ഷയായത്. 2002 ൽ വിരമിച്ചു. പിന്നീട് 2007 മുതൽ 2012 വരെ വീണ്ടും വനിതാ കമ്മിഷന്റെ സംസ്ഥാന അധ്യക്ഷ ആയി. മികച്ച സാമൂഹിക പ്രവർത്തകർക്കുള്ള അക്കാമ്മ ചെറിയാൻ അവാർഡ് ലഭിച്ചിട്ടുണ്ട്. പ്രമുഖ അഭിഭാഷകൻ യു.ബാലാജിയാണ് ഭർത്താവ്. മുൻ ഗവ.പ്ലീഡർ ബസന്ത് ബാലാജി മകനാണ്.