പെരുമ്പാവൂർ: റവന്യുവകുപ്പ് അധികൃതരുടെ നപടിയിൽ മനംനൊന്ത് ലൈല മൂന്ന് നിലകെട്ടിടത്തിന് മുകളിൽക്കയറി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്കൊരുങ്ങി. ഇതറിഞ്ഞ് കളക്ടറും ജനപ്രതിനിധികളുമെല്ലാം ഇടപെട്ട് തന്റെ ഭൂമി പ്രശ്‌നം പരിഹരിക്കാമെന്ന് ഉറപ്പും നൽകി.ഇപ്പോൾ ഒരു വർഷം പിന്നിട്ടു. ചോദിച്ച 5 ലക്ഷം രൂപ നൽകാത്തതിന്റെ പേരിൽ ഇതിലേയ്ക്കായി പൂർത്തീകരിച്ചിരുന്ന നടപടികളെല്ലാം അഡീഷൽ തഹസീൽദാർ റദ്ദാക്കി. ഉദ്യോഗസ്ഥരുടെ പിന്നാലെ നടന്ന് മടുത്തു.. മുഖ്യമന്തിയുൾപ്പെടെയുള്ളവർ ഇടപെട്ട് നീതി ലഭ്യമാക്കണം.

പിതൃസ്വത്തായി കിട്ടിയ 52 സെന്റ് സ്ഥലത്തിന്റെ കരമടയ്ക്കാനെത്തിയപ്പോൾ രേഖകളിൽ കണ്ട പിഴവ് പരിഹരിച്ച് കിട്ടുന്നതിനായി ഒരു ദശാബ്ദത്തോളമായി താൻ നടത്തി വരുന്ന 'സഹനസമര'ത്തെക്കുറിച്ച് പെരുമ്പാവൂർ അല്ലപ്ര വെള്ളേക്കാട്ടിൽ പരേതനായ അബുബക്കറിന്റെ മകൾ ലൈല പറയുന്നത് ഇങ്ങനെ.രേഖകൾ ശരിയാക്കി നൽകാൻ കുന്നത്തുനാട് താലൂക്ക് ഓഫീസിന്റെ ചുമതലയുള്ള അഡീഷണൽ തഹസീൽദാർ പുഷ്പകുമാരിയമ്മ 5 ലക്ഷ രൂപ ആവശ്യപ്പെട്ടെന്നാണ് ലൈല മറുനാടനുമായി നടത്തിയ അഭിമുഖത്തിൽ ആരോപിച്ചിട്ടുള്ളത്.

റീസർവ്വേ നടന്നപ്പോൾ അബുബക്കറിന്റെ കൈവശത്തിലിരുന്ന ജയഭാരത് കോളേജിന് സമീപത്തെ ഓണംവേലി മലയിലെ 52 സെന്റ് സ്ഥലം അധികൃതർ പുറംപോക്ക് എന്ന് എഴുതിച്ചേർത്തെന്നും ഇതുമൂലം തനിക്ക് കരം അടയ്ക്കാനാവുന്നില്ലെന്നും ഇത് തിരുത്തിനൽകണമെന്നും ആവശ്യപ്പെട്ടാണ് ലൈല അധികൃതരെ സമീപിച്ചത്.1995 -ൽ പി എഫ് 61/75 നമ്പറായി 50 സെന്റ് സ്ഥലത്തിന് അബുബക്കറിന്റെ പേരിൽ പട്ടയം ലഭിച്ചിരുന്നതായി രേഖകളിൽ നിന്നും വ്യക്തമാണ്.എന്നാൽ ഈ വസ്തു പോക്കുവരവ് ചെയ്തിരുന്നില്ല.

1988-ൽ അബുബക്കർ മരണപ്പെട്ടു.ഈ സ്ഥിതി നിലനിൽക്കേ വസ്തുവിന്റെ കരമടയ്ക്കാൻ വില്ലേജിലെത്തിയപ്പോഴാണ് റീ സർവ്വേയിലെ വിവരങ്ങൾ അധികൃതർ ലൈലയെ ബോദ്ധ്യപ്പെടുത്തുന്നത്.ഇത് പരിഹരിച്ച് കരമടയ്ക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ ലൈല വില്ലേജിലും താലൂക്കിലും കളക്‌ട്രേറ്റിലും കയറി ഇറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി.

2016 ഒക്ടോബർ 26-ന് ഇതേ ആവശ്യവുമായി താലൂക്ക് ഓഫീലെത്തിയപ്പോൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ലക്ഷങ്ങൾ കൈക്കൂലി ആവശ്യപ്പെട്ടു.നിയന്ത്രണം വിട്ട ലൈല ഒപ്പമുണ്ടായിരുന്ന ഭർത്താവിനെയും മാതാവിനെയും വെട്ടിച്ച് എതിർവശത്തെ മൂന്നുനില കെട്ടിടത്തിന് മുകളിലെത്തി കൈയിൽക്കരുതിയിരുന്ന കുപ്പിയിലെ മണ്ണെണ്ണ ദേഹത്തൊഴിച്ചു.തന്റെ പരാതിക്ക് പരിഹാരമുണ്ടായില്ലങ്കിൽ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഇവർ വിളിച്ചുപറയുന്നുണ്ടായിരുന്നു.വിവരമറിഞ്ഞ് വൻ ജനക്കൂട്ടമെത്തി.ഫയർഫോഴ്‌സ് തന്ത്രപരമായ നീക്കത്തിലൂടെ ഇവരെ പിടികൂടി താഴെ എത്തിച്ചതോടെയാണ് മണിക്കൂറുകൾ നഗരത്തെ പരിഭ്രാന്തിയിലാഴ്‌ത്തിയ സംഭവപരമ്പരകൾക്ക് പരിസമാപ്തിയായത്.

ഇതേത്തുടർന്ന് ജില്ലാ കളക്ടറും ജനപ്രതിനിധികളുമെല്ലാം ഈ വിഷയത്തിൽ സജീവമായി ഇടപെട്ടെന്നും ഇതിനിടയിലാണ് അഡീഷണൽ തഹസീൽദാർ വൻതുക കൈക്കൂലി ആവശ്യപ്പെട്ടതെന്നും ഇത് നൽകാത്തതിന്റെ പേരിൽ തന്റെ അപേക്ഷയിൽ നടന്നുവന്നിരുന്ന എല്ലാപ്രവർത്തനങ്ങളും റദ്ദാക്കിയതായി രേഖാമൂലം ഇവർ തങ്ങളേ അറിയിച്ചതായിട്ടുമാണ് ലൈലയുടെ വെളിപ്പെടുത്തൽ. ഈ കാര്യത്തിലേയ്ക്കായി പലവട്ടം ഓഫീസിലെത്തി അഡീഷൽ തഹസീർദാരെ കണ്ടു.ഫയലുമായി വീട്ടിൽ വന്ന് കണ്ടാൽ കാര്യങ്ങൾ ശരിയാക്കാമെന്ന് അവസാനമായി കണ്ടപ്പോൾ അവർ പറഞ്ഞു.സാർ എന്താണ് ഉദ്ദേശി്ക്കുന്നത് എന്നു ചോദിച്ചപ്പോൾ 5 വിരലുകളും നിവർത്തി അവർ കൈപൊക്കി.അഞ്ച് ലക്ഷമോ എന്ന് ചോദിച്ചപ്പോൾ അവർ തലയാട്ടി.നിങ്ങളുടെ ഭൂമിയുടെ വിലവച്ചു നോക്കിയാൽ ഇതൊന്നുമല്ലന്നും അവർ പറഞ്ഞു.ഇതാണ് കൈക്കൂലി ആവശ്യപ്പെട്ടുള്ള അഡീഷണൽ തഹീൽദാരുടെ 'മുദ്രാ'പ്രയോഗത്തെക്കുറിച്ച് ലൈല നൽകുന്ന വിവരണം.

അറയ്ക്കപ്പടി വില്ലേജ് ഓഫീസ് പരിധിയിലാണ് ഓണംവേലിമല സ്ഥിതി ചെയ്യുന്നത്.അറയ്ക്കപ്പടി വില്ലേജ് ഓഫീസർ പി.വി നിഷ തയ്യാറാക്കിയ റിപ്പോർട്ട് പ്രകാരമാണ് ലൈലയുടെ അപേക്ഷയയിൽ നടന്നുവന്നിരുന്ന നടപടികളെല്ലാം അഡീഷണൽ തഹസീൽദാർ റദ്ദാക്കിയിട്ടുള്ളത്.അഡീഷണൽ തഹസീൽദാർ നൽകിയ ഫോണിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് താൻ റിപ്പോർട്ട് തയ്യാറാക്കുന്നതെന്ന് താലൂക്ക് ഓഫീസിലേയ്ക്കുള്ള റിപ്പോർട്ടിന്റെ പകർപ്പിൽ അറയ്ക്കപ്പടി വില്ലേജ് ഓഫീസർ വ്യക്തമാക്കിയിട്ടുണ്ട്.സ്ഥലം പ്രദേശവാസിയായ മറ്റൊരാളുടെ കൈവശത്തിലാണെന്നാണ് ഇവർ നൽകിയ റിപ്പോർട്ടിലെ പ്രധാന സൂചന.

യഥാർത്ഥ വസ്തുതകളുമായി പുലബന്ധമില്ലാത്ത ഈ റിപ്പോർട്ട് തങ്ങളുടെ വിശദീകരണം തേടാതെ, ചോദിച്ച പണം നൽകാത്തതിലുള്ള ശത്രുത കണക്കിലെടുത്ത് അഡീഷണൽ തഹസീൽദാർ മുൻകൈ എടുത്ത് തയ്യാറാക്കിയതാണെന്നും ഇത് പരിശോധിച്ച് ഇവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാവണമെന്നും ലൈല ആവശ്യപ്പെട്ടു.

സർവ്വേ സൂപ്രണ്ടും ഹെഡ് സർവ്വയറും സ്ഥലം അളന്ന് തിട്ടപ്പെടുത്തുകയും രണ്ട് സെന്റ് പുറം പോക്ക് ഒഴിവാക്കി സെക്ച്ചും പ്ലാനും തയ്യാറാക്കിയിരുന്നെന്നും ഈ രേഖകൾ പ്രകാരം സ്ഥലം തങ്ങളുടെ കൈവശമാണെന്ന് വ്യക്തമാണെന്നും ഇതെല്ലാം അവഗണിച്ചാണ് അഡീഷണൽ തഹസീൽദാർ നടപടികൾ റദ്ദാക്കിയിട്ടുള്ളതെന്നും ലൈല അറിയിച്ചു.

വിവാഹിതയും മൂന്ന് മക്കളുടെ മാതാവുമാണ്.ആകെയുള്ള സമ്പാദ്യമാണ് ഈ സ്ഥലം.ഇത് ന്യായമായും എനിക്ക് അവകാശപ്പെട്ടതാണ്.ചോദിക്കുന്ന പണം നൽകിയില്ലെങ്കിൽ ഒരു ഫോൺകോൾകൊണ്ട് എതിർക്കുന്നവരെ തറപറ്റിക്കുന്ന അഡീഷണൽ തഹസീൽദാരുടെ ധാർഷ്ട്യം അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായില്ലങ്കിൽ തന്നെപ്പോലെ കഷ്ടത അനുഭവിക്കുന്നവർ മനംമടുത്ത് ജീവിതം അവസാനിപ്പിക്കുന്ന സാഹചര്യം ഇനിയും ഉണ്ടാകുമെന്നും ഇവർ കൂട്ടിച്ചേർത്തു.