ഡൽഹി: രാജ്യത്തെ ഞെട്ടിച്ച ഡൽഹി കൂട്ടമാനഭംഗക്കേസിലെ മുഴുവൻ പ്രതികളുടേയും വധശിക്ഷ സുപ്രീംകോടതി ശരിവയ്ക്കുമ്പോൾ ആ കുട്ടിക്കുറ്റവാളി ചർച്ചകളിൽ വീണ്ടും നിറയുകയാണ്. നിർഭയയുടെ മരണമൊഴി പ്രകാരം ഓടുന്ന ബസിലിട്ട് ഏറ്റവും ക്രൂരമായി പീഡിപ്പിച്ചത് പ്രായപൂർത്തിയാകാത്ത പ്രതിയായിരുന്നു. ഇതോടെ അയാളെ കണ്ടെത്താനുള്ള ശ്രമം ദേശീയ മാധ്യമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല. അതേസമയം ദക്ഷിണേന്ത്യയിലെ ഏതോ ഹോട്ടലിലെ പാചകക്കാരനായി തുടരുന്ന ഇയാൾ കേരളത്തിലാണോയെന്ന സംശയവും ശക്തമായിട്ടുണ്ട്.

കേസിന്റെ വിചാരണയ്ക്കിടെ നിർഭയയുടെ മൊഴി കോടതിക്ക് ബോധ്യപ്പെട്ടെങ്കിലും കൊലപാതകം നടക്കുമ്പോൾ 17 വർഷവും ആറ് മാസവുമായിരുന്നു പ്രതിയുടെ പ്രായമെന്നത് പരിഗണിച്ച് ജുവനൈൽ ജസ്റ്റിസ് ബോർഡാണ് ഈ കുട്ടിക്കുറ്റാവാളിയെ വിചാരണ ചെയ്തത്.

വിചാരണയ്ക്കൊടുവിൽ ജുവൈനൽ നിയമപ്രകാരം നൽകാവുന്ന ഏറ്റവും ഉയർന്ന ശിക്ഷയായ മൂന്ന് വർഷം തടവ് മാത്രമാണ് കുട്ടിക്കുറ്റവാളിക്ക് ലഭിച്ചത്. അതും വിചാരണകാലയളവിൽ ജയിലിൽ കഴിഞ്ഞ എട്ട് മാസം കഴിഞ്ഞ് ശിഷ്ടകാലം മാത്രമേ പ്രതിക്ക് ജയിലിൽ കിടക്കേണ്ടി വന്നുള്ളൂ.

കേസിലെ അവശേഷിക്കുന്ന അഞ്ച് പ്രതികൾക്കും വിചാരണ നടത്തിയ ഡൽഹി സാകേത് കോടതി വധശിക്ഷ നൽകി. പിന്നീട് ഡൽഹി ഹൈക്കോടതിയും, സുപ്രീംകോടതിയും ആ വിധി ശരിവച്ചു. എന്നാൽ ഇതിനിടയിൽ തന്നെ കുട്ടിക്കുറ്റവാളിയുടെ ശിക്ഷാ കാലാവധി തീർന്നിരുന്നു. 2015 ഡിസംബറിൽ ശിക്ഷാകാലാവധി തീരുന്നതിനും ദിവസങ്ങൾ മുൻപ് അയാൾ ജയിൽ മോചിതനായി പുറത്തിറങ്ങി. ജീവന് ഭീഷണിയുണ്ടെന്നതിനാൽ പൊലീസ് രഹസ്യമായി ഇയാളെ ജയിലിൽ നിന്ന് പുറത്തെത്തിച്ച് ഒരു സന്നദ്ധസംഘടനയ്ക്ക് കൈമാറുകയായിരുന്നു.

പിന്നീടുള്ള കുറച്ചു കാലം ഈ സന്നദ്ധസംഘടനയാണ് ഇയാളെ സംരക്ഷിച്ചത്. മാധ്യമങ്ങളും പൊതുജനവും ഇയാളെ തേടിയെത്തും എന്നുറപ്പുള്ളതിനാൽ ഒരു വർഷം കഴിഞ്ഞ് സന്നദ്ധപ്രവർത്തകർ ഇയാളെ ദക്ഷിണേന്ത്യയിലേക്കയച്ചു. ഇപ്പോൾ ദക്ഷിണേന്ത്യയിലെ ഏതോ ഒരു റെസ്റ്റോറന്റിൽ കുക്കായി ജോലി നോക്കുകയാണ് ഇയാളെന്ന് കുട്ടിക്കുറ്റവാളിയുടെ പുനരധിവാസവുമായി സഹകരിച്ച ഒരു സാമൂഹിക പ്രവർത്തകൻ പറയുന്നു. അതേസമയം അന്യസംസ്ഥാനക്കാർ ഏറെയും ജോലി തേടിയെത്തുന്ന കേരളത്തിലെ ഏതോ റസ്‌റ്റോറന്റിലാണ് ഇയാൾ ജോലി ചെയ്യുന്നതെന്നും സൂചനയുണ്ട്.

തന്നെ ജനങ്ങൾ കൊല്ലുമെന്ന ഭയത്തോടെയായിരുന്നു ഇയാൾ ജയിലിൽ നിന്ന് പുറത്തേക്ക് വന്നത്. ഇപ്പോൾ 23 വയസ്സുള്ള അന്നത്തെ കുട്ടിക്കുറ്റവാളിക്ക് ഡൽഹിയിൽ തന്നെ തുടരാനുള്ള ധൈര്യമില്ലായിരുന്നു. എന്തായാലും ഡൽഹിക്കേസ് വീണ്ടും വാർത്തകളിൽ നിറയുമ്പോൾ ദേശീയമാധ്യമങ്ങൾക്ക് എളുപ്പം കണ്ടെത്താൻ സാധിക്കാത്ത ദൂരത്താണ് അയാൾ ഉള്ളത്.

ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഉടമയ്ക്കോ സഹപ്രവർത്തകർക്കോ ഇയാളുടെ ഭൂതകാലത്തെക്കുറിച്ച് അറിവൊന്നുമില്ലെന്ന് ഇയാളുമായി ബന്ധം പുലർത്തുന്ന സാമൂഹികപ്രവർത്തകർ പറയുന്നു. പുതിയ ജീവിതവുമായി അയാൾ പൊരുത്തപ്പെട്ടു കഴിഞ്ഞു.

11 വയസ്സുള്ളപ്പോൾ ആണ് ഉത്തർപ്രദേശിലെ ഗ്രാമത്തിൽ നിന്ന് ഇയാൾ ഒളിച്ചോടി ഡൽഹിയിലെത്തിയത്. കടുത്ത ദാരിദ്രമായിരുന്നു ഒരു ഒളിച്ചോട്ടത്തിലേക്ക് ഇയാളെ പ്രേരിപ്പിച്ചതെന്നാണ് ഇയാളെ അറിയുന്നവർ പറയുന്നത്. ജുവനൈൽ ഹോമിലെ മൂന്ന് വർഷത്തെ ജീവിതം കുട്ടിക്കുറ്റവാളിയെ കാര്യമായി സ്വാധീനിച്ചു. ഇടയ്ക്കിടെ അമ്മയുമായി ഫോണിൽ സംസാരിക്കാൻ തുടങ്ങിയ ഇയാൾ ആത്മീയകാര്യങ്ങളിലേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു. അഞ്ച് നേരം പ്രാർത്ഥിക്കാൻ സമയം കണ്ടെത്തി.

ജയിൽ ജീവിതത്തിൽ പൂർണഅച്ചടക്കവും മാന്യതയും ഇയാൾ പുലർത്തിയെന്ന് ജയിൽ ജീവനക്കാരും ഇയാളെ പരിശോധിച്ച കൗൺസിലർമാരും സാക്ഷ്യപ്പെടുത്തുന്നു. തുടക്കത്തിൽ മറ്റു തടവുകാരിൽ നിന്ന് അകറ്റി നിർത്തിയെങ്കിലും അവസാനക്കാലത്ത് ഇയാൾ ഹൈക്കോടതി ബോംബ് സ്ഫോടനക്കേസിലെ പ്രതിക്കൊപ്പമാണ് സെൽ പങ്കിട്ടത്.

ഈ സഹവാസം ഇയാളെ തീവ്രവാദത്തിലേക്ക് ആകർഷിച്ചെന്ന് സുബ്രഹ്മണ്യംസ്വാമി അടക്കമുള്ളവർ ആരോപിച്ചതോടെ ഇയാളെ വീണ്ടും മറ്റൊരു മുറിയിലേക്ക് മാറ്റി. പഠിക്കാൻ വലിയ താത്പാര്യം കാണിക്കാതിരുന്ന ഇയാൾക്ക് പാചകത്തിലായിരുന്നു കൂടുതൽ താത്പര്യം. വൈകാതെ ഇയാളുണ്ടാക്കുന്ന ഭക്ഷണം കഴിക്കാൻ സഹതടവുകാർ തന്നെ ഉത്സാഹം കാട്ടി തുടങ്ങി. ഒടുവിൽ പാചകം തന്നെ ജീവിതമാർഗ്ഗമാക്കി അയാൾ മാറ്റുകയും ചെയ്തു.

എന്തായാലും മാധ്യമങ്ങളുടെ കണ്ണിൽപ്പെടാതെ തെക്കേയിന്ത്യയിൽ സ്വസ്ഥമായി ജീവിക്കുന്നുവെങ്കിലും ഇയാൾ ഇപ്പോഴും ഇന്റലിജൻസ് ഏജൻസികളുടെ നിരീക്ഷണത്തിലാണെന്നാണ് റിപ്പോർട്ട്.

സാഹചര്യങ്ങളുടെ ഇരയാണ് ഈ കുട്ടിക്കുറ്റവാളിയെന്നാണ് ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രേയസ്സ് എന്ന സന്നദ്ധസംഘടനയുടെ തലവൻ അമോദ് കാന്ത് പറയുന്നത്. ഒൻപത് വയസ്സുള്ളപ്പോൾ ബാലവേല ചെയ്ത ജീവിക്കാൻ തുടങ്ങിയ ആളാണ് പ്രതിയെന്നും എന്നാൽ കഷ്ടപ്പാടും കുറ്റകൃത്യങ്ങളും നിറഞ്ഞ ഭൂതകാലത്തിനൊടുവിൽ ഇപ്പോൾ തീർത്തും സാധാരണമായ ജീവിതമാണ് അയാൾ നയിക്കുന്നതെന്നും അമോദ് കാന്ത് ചൂണ്ടിക്കാട്ടുന്നു.