കോഴിക്കോട്: കമ്മത്തി ലൈനിലെ ജൂവലറിയിൽ പട്ടാപ്പകൽ കവർച്ച നടത്തിയ സംഭവത്തിൽ കടയിലെ ജോലിക്കാരനും സർക്കാർ ഉദ്യോഗസ്ഥരുമടക്കം നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണക്കടവ് സ്വദേശി പി.പ്രണവ് (29), ചക്കുംകടവ് സ്വദേശി കെ.പി.സർഫാസ് അലി (22), കിഴക്കുംമുറി സ്വദേശി എം.എം.സുബീഷ് (29), പടിഞ്ഞാറ്റുംമുറി സ്വദേശി പി.വി.അഖിൽ (28) എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സർഫാസാണ് കടയിലെ ജീവനക്കാരൻ.പ്രണവും സുബീഷും തപാൽ വകുപ്പിൽ താൽക്കാലിക ജോലിക്കാരാണ്.

സമീപത്തെ സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാൻ സഹായകമായത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്.സംഭവം ഇങ്ങനെ; ഉച്ചയ്ക്കു പള്ളിയിൽ പോകുന്നതിനായി കട അടച്ചിട്ട സമയത്താണു മോഷണം നടത്തിയത്.രണ്ടു മാസം മുൻപ് കടയുടെ താക്കോൽ നഷ്ടപ്പെട്ടെന്ന് കടയുടമയെ സർഫാസ് വിശ്വസിപ്പിച്ചു.

തുടർന്ന് താക്കോലിന്റെ പകർപ്പ് ഉപയോഗിച്ചാണ് ഉടമ കട തുറന്നിരുന്നത്.കടയുടമയുടെ വിശ്വസ്തനായി നടിച്ച് സർഫാസ് കടയുടമ സ്വർണം വയ്ക്കുന്ന സ്ഥലവും പണം വയ്ക്കുന്ന സ്ഥലവും ക്യാമറയുടെ ഡിവിആറിന്റെ സ്ഥാനവും കൃത്യമായി മനസ്സിലാക്കി.

എല്ലാ ദിവസത്തെയും ക്യാമറാ ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണു മോഷണം നടത്താൻ വെള്ളിയാഴ്ച പകൽ തിരഞ്ഞെടുത്ത്.സിസിടിവി ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വെള്ളിയാഴ്ച ദിവസങ്ങളിൽ കമ്മത്തി ലെയ്‌നിൽ അനേകം പേർ വെളുത്ത വസ്ത്രം ധരിക്കുമെന്നും വെള്ള വസ്ത്രക്കാരെ ക്യാമറ ദൃശ്യത്തിൽ തിരിച്ചറിയാൻ പ്രയാസമായിരിക്കുമെന്നും മനസ്സിലാക്കി. മോഷണത്തിനുള്ള പദ്ധതി തയാറാക്കി സുഹൃത്തുക്കളെ അറിയിച്ചു.

തുടർന്ന് കൂടുതൽ പണവും സ്വർണവും എത്തുന്നതുവരെ കാത്തിരിക്കാൻ സർഫാസ് സംഘാംഗങ്ങൾക്കു നിർദ്ദേശം നൽകി. സംഭവ ദിവസം രാവിലെ പ്രണവിന്റെ കാർ കടയുടെ മുന്നിൽ പാർക്ക് ചെയ്തിരുന്നു. തൊട്ടടുത്ത കടയിൽ ഗ്യാരണ്ടി ആഭരണങ്ങൾ വിൽക്കാനുണ്ടെന്നു പറഞ്ഞ് കടക്കാരുടെ ശ്രദ്ധ തിരിക്കാൻ സുബീഷ് ശ്രമിച്ചു.

കമ്മത്തി ലെയ്‌നിൽ അധികമാർക്കും പരിചയമില്ലാത്ത അഖിലാണ് കടയിൽ കയറി മുൻകൂട്ടി തീരുമാനിച്ചതു പ്രകാരമുള്ള സ്ഥലത്തെ സാധനങ്ങൾ മാത്രം മോഷ്ടിച്ചത്. സംഭവസമയം ഫോൺ ഉപയോഗിക്കാതിരിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു. പെട്ടെന്ന് പണമുണ്ടാക്കാനാണു മോഷണം നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.രണ്ടു മാസത്തെ ആസൂത്രണത്തിനൊടുവിലാണു മോഷണമെന്നു പൊലീസ് വ്യക്തമാക്കി.