തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ പ്രവർത്തനം ഉടൻ നിശ്ചലമാകാൻ സാധ്യത. ഈ മാസം പതിവ് പോലെ ജീവനക്കാർക്ക് ശമ്പളം നൽകാനും കഴിയാത്ത സാഹചര്യമാണുണ്ടാകുന്നത്. ശബരിമലയിലെ നഷ്ടകണക്ക് കൂടിയാകുമ്പോൾ എല്ലാം അവതാളത്തിലാകും. ചെറിയ പലിശയ്ക്ക് ലോൺ നൽകാൻ പല ബാങ്കുകളും തയ്യാറാണ്. എന്നാൽ കെ എസ് ആർ ടി സിയെ അതിന് സർക്കാർ അനുവദിക്കുന്നുമില്ല. അതുകൊണ്ട് തന്നെ വായ്പകൾ തിരിച്ചടയ്ക്കും വരെ കൂടുതൽ ഫണ്ട് അനുവദിക്കില്ലെന്ന കെടിഡിഎഫ്‌സിയുടെ തീരുമാനം കെഎസ്ആർടിസിക്ക് വൻ തിരിച്ചടിയാകും.

അടച്ച് തീർക്കാനുള്ള 480 കോടി രൂപയുടെ വായ്പ ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്നും കോർപ്പറേഷൻ എടുത്ത വായ്പ പോലെ എസ്‌ക്രോ അക്കൗണ്ടിൽ നിന്നും ഇഎംഐ ആയി അടയ്ക്കണം എന്നും എങ്കിൽ മാത്രമെ കൂടുതൽ ഫണ്ട് അനുവദിക്കുകയുള്ളു എന്നുമാണ് ധനകാര്യ വകുപ്പ് അണ്ടർ സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഗതാഗത സെക്രട്ടറി ജ്യോതിലാലും കെ എസ് ആർ ടി സി എംഡിയുമായി ശീത സമരത്തിലാണ്. ഇതിന് സമാനമായ ഗതാഗത സെക്രട്ടറിയുടെ ഉത്തരവുകളെല്ലാം തച്ചങ്കരി ഇടപെട്ട് പൊളിച്ചിരുന്നു. ഇതോടെയാണ് ധനകാര്യ വകുപ്പിനെ കൊണ്ട് ഉത്തരവ് ഇറക്കിയത്. വലിയ പ്രതിസന്ധിയിലേക്ക് കാര്യങ്ങളെത്തിക്കും. കൺസോർഷ്യത്തിൽ നിന്ന് വായ്പ തിരിച്ചടിച്ചാലും കെ എസ് ആർ ടി സി തകരും. ഇപ്പോൾ നൽകുന്ന ഫ്രീ സർവ്വീസുകൾക്ക് ഉൾപ്പടെ നഷ്ട പരിഹാര ഇനത്തിൽ ഒന്നും തന്നെ അനുവദിക്കാതെ ഇരട്ടി പലിശയ്ക്കാണ് കെടിഡിഎഫ്‌സി ലോൺ നൽകുന്നത്.എട്ടര ശതമാനത്തിന് ബാങ്കുകളിൽ നിന്ന് ലഭിക്കുന്ന തുക 13 മുതൽ 16 ശതമാനം വരെ പലിശയ്ക്കാണ് കെഎസ്ആർടിസ്‌ക്ക് നൽകുന്നത്.

കെ എസ് എഫ് ഇയിൽ നിന്ന് എട്ട് ശതമാനം പലിശയ്ക്കാണ് കെറ്റിഡിഎഫ്സി വായ്പ എടുക്കുന്നത്. ഇതാണ് കെ എസ് ആർ ടി സിക്ക് പന്ത്രണ്ടര ശതമാനത്തിന് നൽകുന്നത്. കെ എസ് ആർ ടി സിയെ രക്ഷിക്കാനായി തുടങ്ങിയ ധനകാര്യ സ്ഥാപനമാണ് കെറ്റിഡിഎഫ്സി. എന്നാൽ ആനവണ്ടിയെ തകർക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തുകയാണ്. എങ്ങനേയും കെ എസ് ആർ ടി സിയെ രക്ഷിക്കാനിറങ്ങിയ തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിക്കുകയാണ് യൂണിയൻകാരുടെ ലക്ഷ്യം. ഇതിന് ഗതാഗത സെക്രട്ടറി ജ്യോതിലാലിന്റെ പിന്തുണയുമുണ്ട്. ഇതാണ് ഇപ്പോഴത്തെ പ്രശ്നത്തിന് കാരണം. എങ്ങനേയും തച്ചങ്കരിക്ക് ഫണ്ട് കിട്ടില്ലെന്ന് ഉറപ്പാക്കാനാണ് നീക്കം. ഇതിലൂടെ ആനവണ്ടിയിൽ നിന്നും തച്ചങ്കരിയെ പുകച്ച് പുറത്ത് ചാടിക്കുകയാണ് ലക്ഷ്യം.

3100 കോടിയിൽ കെടിഡിഎഫ്‌സിക്ക് ലോൺ അടയ്ക്കുന്നതിന് പുറമെയാണ് ഇപ്പോൾ 480 കോടിയുടെ കണക്ക് പറയുന്നത്. ഇതിൽ തന്നെ കള്ളപ്പലിശയാണ് എഴുതിയിരിക്കുന്നത് എന്ന ആക്ഷേപവുമുണ്ട്. പിഴ പിഴപലിശ എന്ന കണക്കിലാക്കി ദിവസവും ഒരു കോടി രൂപ വീതമെടുത്താൽ ഒരു മാസം 30 കോടി രൂപ ഈടാകും. അങ്ങനെ സംഭവിച്ചാൽ ഡീസൽ ഉൾപ്പടെയുള്ള കാര്യങ്ങൾ പ്രതിസന്ധിയിലാകും എന്നാണ് മൈനേജ്‌മെന്റ് പറയുന്നത്. 20 കോടി മാത്രം മാസം തന്നിട്ട് അതിന് പകരം പിഴപ്പലിശ ഇനത്തിൽ 30 കോടി അടയക്കണം എന്ന് പറയുന്നു. എന്നാൽ ഈ 20 കോടി മാസം തരുന്നതും ഇപ്പോൾ നിർത്തുന്നത് 30 കോടിയുടെ കണക്ക് പറഞ്ഞാണ്. കോർപ്പറേഷൻ നൽകുന്ന ഫ്രീ സർവ്വീസുകൾക്ക് ഉൾപ്പടെയാണ് ഈ തുക 20 കോടി എന്ന കണക്കിൽ നൽകുന്നത്. ശബരിമലയിലേയും കുട്ടികൾക്കുള്ള പാസും എല്ലാം നൽകിയിട്ടും അതിനുള്ള നഷ്ടപരിഹാര ഇനത്തിൽ നൽകുന്ന തുക അനുവദിക്കുകയുമില്ല

ബഡ്ജറ്റിൽ അനുവദിച്ച തുകയിൽ ആയിരം കോടിയാണ് ഇതിൽ തന്നെ 250 കോടിയോളം രൂപ പലിശ ഇനത്തിലാണ് പോയത്. ശബരിമലയിൽ നിന്ന് പ്രതീക്ഷിച്ച വരുമാനം കിട്ടിയിട്ടുമില്ല. ആ സാഹചര്യത്തിൽ ഇതും അതും കൂട്ടിക്കുഴയ്ക്കരുത് എന്നാണ് ആവശ്യം. കഴിഞ്ഞ മാസം നൽകാനുള്ള സർക്കാർ വിഹിതമായ 20 കോടി പോലും ഇതുവരെ കിട്ടിയിട്ടില്ല. ദിവസ വരുമാനമായ ആറരക്കോടിയിൽ തന്നെ നാല് രകോടിയോളം രൂപ ഡീസൽ ഇനത്തിൽ പോകുന്നുണ്ട്. ബാക്കി പലിശ പോയിട്ട് 15 ലക്ഷം എന്ന തുച്ഛമായ വരുമാനത്തിലാണ് വണ്ടി ഓടുന്നത്. അപ്പോൾ അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു കോടി രൂപയുടെ ദിവസ ബാധ്യത കൂടി വന്നാൽ വണ്ടി കട്ടപ്പുറത്താകും എന്ന സ്ഥിതിയാണ്.

പ്രശ്ന കാരണം ജ്യോതിലാൽ-തച്ചങ്കരി പോര്
കെ എസ് ആർ ടി സിയുടെ പ്രതിദിന പ്രവർത്തനം നിശ്ചലമാക്കാൻ ഗതാഗത സെക്രട്ടറി കെ ആർ ജ്യോതിലാലിന്റെ രഹസ്യ ഇടപെടൽ പലപ്പോഴും വിവാദത്തിലായിരുന്നു. കെ എസ് ആർ ടി സിയുടെ വരുമാനത്തിൽ ബഹുഭൂരിഭാഗവും കെടിഡിഎഫ്സിയിലേക്ക് വഴി തിരിച്ചു വിടാനായിരുന്നു നീക്കങ്ങൾ. എസ് ബി ഐ കൺസോർഷ്യത്തിലേക്ക് വരുന്ന കെ എസ് ആർ ടി സിയുടെ വരുമാനം തച്ചങ്കരിക്ക് കിട്ടാതിരിക്കാനാണ് നീക്കം നടത്തിയത്. കെ എസ് ആർ ടി സിക്ക് 93 ഡിപ്പോകളാണ് ഉള്ളത്. ഇതിൽ 59 ഡിപ്പോകളിൽ നിന്നുള്ള വരുമാനമാണ് എസ് ബി ഐ കൺസോർഷ്യത്തിന് പോകുന്നത്. എസ് ബി ഐ കൺസോർഷ്യം വഴി എടുത്തിരിക്കുന്ന 3100 കോടി രൂപയ്ക്കുള്ള വായ്പാ തിരിച്ചടവിന് വേണ്ടിയാണ് ഇത്. ഈ 59 ഡിപ്പോകളും പണയം വച്ചാണ് ഈ ലോൺ എടുത്തിരിക്കുന്നത്. 3100 കോടി രൂപ കൊടുത്തതിന് പ്രതിദിനം 86 ലക്ഷം രൂപയാണ് കൺസോർഷ്യത്തിൽ അടയ്ക്കേണ്ടത്. 59 ഡിപ്പോകളിൽ നിന്ന് ഏതാണ്ട് നാല് കോടിയോളം വരുമാനം കിട്ടും. ഇതിൽ 86 ലക്ഷം എടുത്ത ശേഷം ദിവസ കളക്ഷന്റെ ബാക്കി കെ എസ് ആർ ടി സിക്ക് കൺസോർഷ്യം നൽകും. ഏതാണ് മൂന്നേകാൽ കോടിയോളം രൂപ ഇങ്ങനെ കെ എസ് ആർ ടി സിക്ക് ലഭിക്കും. ഈ തുക ഇല്ലാതാക്കാനാണ് വകുപ്പ് സെക്രട്ടറിയുടെ കള്ളക്കളി.

എസ് ബി ഐ കൺസോർഷ്യത്തിന് 59 ഡിപ്പോകൾ നേരിട്ട് കളക്ഷൻ അടയ്ക്കുകയാണ് രീതി. മുഴുവൻ കളക്ഷൻ അവർക്കാണ് പോകുന്നത്. ഇങ്ങനെ കിട്ടുന്നതിൽ 86 ലക്ഷം രൂപ കഴിഞ്ഞുള്ള ബാക്കി തുക കേരളാ ഫിനാൻസ് കോർപ്പറേഷന് കൈമാറണമെന്ന നിർദ്ദേശമാണ് എസ് ബി ഐയ്ക്ക് സെക്രട്ടറി നൽകിയത്. അതായത് ദിവസവും മൂന്ന് കോടി രൂപ കെടിഎഫ്ഡിസിക്ക് നൽകാനാണ് പദ്ധതി. 450 കോടി രൂപയുടെ കടം കെറ്റിഡിഎഫ്സിക്ക് കൊടുക്കാനുണ്ടെന്ന ന്യായം പറഞ്ഞാണ് സെക്രട്ടറിയുടെ നിർദ്ദേശം. ഇത്തരത്തിലൊരു നിർദ്ദേശം എസ് ബി ഐയ്ക്ക് കൊടുക്കുമ്പോൾ അത് കെ എസ് ആർ ടി സി എംഡിയെ സെക്രട്ടറി അറിയിച്ചതുമില്ല. എസ് ബി ഐയ്ക്ക് നേരിട്ട് കത്തയയ്ക്കുകയാണ് ചെയ്തത്. ഇതിനുള്ള അധികാരം സെക്രട്ടറിക്കില്ലെന്നതാണ് വസ്തുത. ഇത് മനസ്സിലാക്കി തച്ചങ്കരിയും മറുതന്ത്രം മെനഞ്ഞു. 93 ഡിപ്പോയിൽ നിന്ന് ഏഴരക്കോടിയോളം മാത്രമാണ് കെ എസ് ആർ ടി സിക്ക് വരുമാനം കിട്ടുന്നത്. ഇതിൽ നാലു കോടിയോട് അടുത്ത് കിട്ടുന്ന 59 ഡിപ്പോകളാണ് കൺസോർഷ്യത്തിന് പണയം വച്ചിട്ടുള്ളത്.

പിന്നീട് ആറെണ്ണം പെൻഷൻ വാങ്ങാനും മാറ്റി വച്ചിരിക്കുന്നു. ഒരു ഡിപ്പോയിലെ തുകയെടുത്താണ് നികുതിയും മറ്റും അടക്കുന്നത്. അതായ് 59 ഡിപ്പോയിലെ വരുമാനം പൂർണ്ണമായും നിലച്ചാൽ കെ എസ് ആർടിസിക്ക് തുച്ഛമായ കാശ് മാത്രമേ ലഭിക്കുകയുള്ളൂ. പ്രതിദിനം ചെലവിന് വേണ്ട തുക പോലും കണ്ടെത്താനാവാത്ത സ്ഥിതി വരും. ഡീസൽ ക്ഷാമവും സ്പെയർപാർട്സ് ക്ഷാമവുമാകും ഫലം. ഇത് മനസ്സിലാക്കി തച്ചങ്കരി ഗതാഗത മന്ത്രിയെ കാര്യങ്ങൾ ധരിപ്പിച്ചു. ഇതോടെ കൺസോർഷ്യത്തിലേക്ക് വരുന്ന തുകയിൽ 86ലക്ഷം പോയിട്ട് ബാക്കി തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു. കെ എസ് ആർ ടി സിയും ബാങ്കും തമ്മിൽ നേരിട്ടാണ് കരാർ.

അതുകൊണ്ട് തന്നെ കെ എസ് ആർ ടി സി പറയാതെ തുക വകമാറ്റാൻ ആവില്ലെന്ന യാഥാർത്ഥ്യം ചൂണ്ടിക്കാട്ടിയാണ് എസ് ബി ഐയ്ക്ക് തച്ചങ്കരി കത്തയച്ചത്. തന്നെ അറിയിക്കാതെ കെ എസ് ആർ ടി സിയെ തകർക്കാൻ നടക്കുന്ന ശ്രമാണ് ഇതെന്ന പരാതിയും മന്ത്രി എകെ ശശീന്ദ്രനെ തച്ചങ്കരി അറിയിച്ചു. ഇതോടെ ജ്യോതിലാലിന്റെ നിലപാട്.

ലക്ഷ്യം ശമ്പളം തടയൽ
എംഡി ടോമിൻ തച്ചങ്കരിയുമായി സെക്രട്ടറി പ്രശ്നത്തിലാണ്. യൂണിയൻ നേതാക്കളുടെ കൂടെ ചേർന്നാണ് സെക്രട്ടറിയുടെ ഇടപെടലെന്ന ആക്ഷേപം ശക്തമായിരുന്നു. മുമ്പ് സർക്കാർ ശമ്പളം കൊടുക്കാൻ അനുവദിച്ച തുകയും കെ ടി ഡി എഫ് സിയിലേക്ക് വകമാറ്റി വിടാൻ സെക്രട്ടറി ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടലോടെ ഈ നീക്കം പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതിദിന വരുമാനത്തിന്റെ അന്വത് ശതമാനത്തോളം കെ എസ് ആർ ടി സിക്ക് കിട്ടുന്നില്ലെന്ന് ഉറപ്പാക്കാനുള്ള ശ്രമം നടന്നത്. ഇതും പൊളിഞ്ഞു. എസ് ബി ഐ കൺസോർഷ്യത്തിൽ നിന്ന് എടുത്ത 3100 കോടിക്ക് കൊടുക്കേണ്ടത് പ്രതിദിനം 86ലക്ഷം മാത്രമാണ്. കെ റ്റി ഡി എഫ് സി സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. ഇവിടെ നിന്ന് എടുത്തതായി പറയുന്നതും കുടിശിഖയും ചേർത്തുള്ളത് 450 കോടിയും. ഇതിന് പ്രതിദിനം മൂന്നരക്കോടി നൽകണമെന്ന തരത്തിലെ ഗതാഗത സെക്രട്ടറിയുടെ ഉത്തരവും വിവാദമാകുന്നുണ്ട്. തച്ചങ്കരിയെ പുകച്ച് പുറത്തു ചാടിക്കാനുള്ള സാഹചര്യം ഒരുക്കാനാണ് സെക്രട്ടറിയുടെ നീക്കം. ഭരണാനുകൂല തൊഴിലാളി സംഘടനകൾ തച്ചങ്കരിയെ പുറത്താക്കാൻ കരുക്കൾ നീക്കുമ്പോഴാണ് ഇതും.

ജീവനക്കാർക്ക് ശമ്പളം നൽകാൻ കെ എസ് ആർ ടി സിക്ക് സർക്കാർ അനുവദിച്ച 20 കോടി രൂപ വകമാറ്റിക്കൊണ്ട് വിവാദം ക്ഷണിച്ചു വരുത്തിയ ജ്യോതിലാൽ ഒടുവിൽ തച്ചങ്കരിയുടെ കടുംപിടുത്തത്തിന് വഴങ്ങിയിരുന്നു. 20 കോടി അനുവദിച്ച് ഇതിൽ നിന്നും കെഎഫ്‌സിയിൽ നിന്നും എടുത്ത വായ്‌പ്പയുടെ പലിശ കൂടി അടയ്ക്കണം എന്നു നിർദ്ദേശിച്ചു കൊണ്ടുള്ള ആദ്യത്തെ ഉത്തരവ് പിൻവലിച്ച് പുതിയ ഉത്തരവ് പുറത്തിറക്കേണ്ടി വന്നത് മുഖ്യമന്ത്രിയുടെ സമ്മർദ്ദത്തെ തുടർന്നായിരുന്നു. കൃത്യസമയത്ത് സർക്കാർ ശമ്പളം നൽകാൻ തച്ചങ്കരി നടത്തുന്ന ഇടപെടലുകൾക്ക് ഇടങ്കോലിടലാണ് ജ്യോതിലാലിന്റെ ഇടപെടലെന്ന വിമർശനം ഉയർന്നിരുന്നു. എത്രയും വേഗം വിവാദം അവസാനിപ്പിക്കാനാണ് സെക്രട്ടറിമാർക്ക് മുഖ്യമന്ത്രി നൽകിയിരിക്കുന്ന നിർദ്ദേശം. ഇതോടെയാണ്പുതിയ ഉത്തരവിറങ്ങിയത്. ആദ്യം ഇറക്കിയ ഉത്തരവിൽ ഭേദഗതി വരുത്തിയാണ് കെഎസ്ആർടിസിക്ക് സർക്കാർ പണം അനുവദിക്കുന്നതെന്ന് പുതിയ ഉത്തവരിൽ വ്യക്തമാക്കുന്നു.

ശമ്പളം നൽകാനായിരുന്നു ധനവകുപ്പ് ഫണ്ട് അനുവദിച്ചത്. ഇത് ഗതാഗത സെക്രട്ടറി വേണമായിരുന്നു കെ എസ് ആർ ടി സിക്ക് അനുവദിച്ച് നൽകേണ്ടത്. എന്നാൽ ശമ്പളം കൊടുക്കേണ്ടി ദിവസങ്ങളിൽ ജ്യോതിലാൽ തിരുവനന്തപുരത്ത് നിന്ന് മാറി നിന്നു. ഓൺലൈനിൽ അനുമതി കൊടുക്കാമായിരുന്നിട്ടും അതിന് ശ്രമിച്ചില്ല. ഇത് മനസ്സിലാക്കി ബാങ്കിൽ നിന്ന് ഓവർ ഡ്രാഫ്റ്റ് എടുത്ത് കൃത്യസമയത്ത് തച്ചങ്കരി ശമ്പളം നൽകി. ഇതോടെ കളി പുതിയ തലത്തിലെത്തി. ഓഡി തുക ബാങ്കിലേക്ക് തിരിച്ചടയ്ക്കാതിരിക്കാനായി ശ്രമം. ഇതിന് വേണ്ടി ശമ്പളത്തിനെന്ന് കൃത്യമായി രേഖപ്പെടുത്തി ധനവകുപ്പ് നൽകിയ തുക കെറ്റിഡിഎഫ് സിക്ക് പലിശയായി നൽകണമെന്ന് ജ്യോതിലാൽ കുറിച്ചു. പണം കൈമാറിയുമില്ല. ഇതോടെ വിഷയം മന്ത്രിയുടെ മുന്നിലെത്തി. പണം അതിവേഗം കൈമാറാൻ ജ്യോതിലാലിനോട് നിർദ്ദേശിച്ചു. എന്നാൽ പുതിയ കുടുക്കിടുകയായിരുന്നു സെക്രട്ടറി ചെയ്തത്.

ശമ്പളം നൽകാനെന്ന് പറഞ്ഞ് ധനവകുപ്പ് കൈമാറിയ 20 കോടിയുടെ തുക കെ എസ് ആർ ടി സിക്ക് കൊടുക്കുന്നതിലെ നിയമ വിഷയത്തെ കുറിച്ച് ചോദിച്ച് ധനസെക്രട്ടറിക്ക് ഗതാഗത സെക്രട്ടറി കത്തയക്കുകയായിരുന്നു ചെയ്തത്. ഇതിലൂടെ ഒരു ദിവസം കൂടി കാര്യങ്ങൾ നീട്ടിയെടുക്കാനായിരുന്നു ഗതാഗത സെക്രട്ടറിയുടെ ശ്രമം. ബാങ്കിൽ പണം തിരിച്ചടയ്ക്കാതെ വരുമ്പോൾ തച്ചങ്കരി മോശക്കാരനാകുന്ന അവസ്ഥ വരുകയും ചെയ്തു. ജീവനക്കാരുടെ ഓണം അടക്കം വെള്ളത്തിലാകുന്ന അവസ്ഥവരുമായിരുന്നു. കെ എസ് ആർ ടി സിയിലെ തൊഴിലാളി വിരുദ്ധത തുറന്നു കാണിക്കുന്നവരാണ് യൂണിയനുകൾ. ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സെക്രട്ടറി വകമാറ്റിയിട്ടും യൂണിയനുകളാരും പ്രതിഷേധത്തിന് എത്തിയില്ല. എന്നാൽ, പണം ലഭിക്കാതെ വന്നതോടെ തച്ചങ്കരി കൃത്യമായി ഇടപെട്ടു. ബാങ്കിൽ നിന്നും ഓവർഡ്രാഫ്‌റ്റെടുത്തും 20 കോടി എടുത്ത് കൃത്യസമയത്ത് ശമ്പളം കൊടുത്തു. പിന്നാലെ ഇപ്പോൾ 20 കോടി അനുവദിച്ചു കൊണ്ടുള്ള ഉത്തരവും വന്നു. ഇതോടെ യൂണിയനുകാർ ഗതാഗത സെക്രട്ടറിയെ കൂട്ടുപിടിച്ചു നടത്തിയ നീക്കം കൂടിയാണ് അന്ന് പൊളിഞ്ഞു.