കണ്ണൂർ: തട്ടിപ്പു വീരനായ ജോത്സ്യൻ ഒടുവിൽ പൊലീസ് പിടിയിലായി. കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപം താമസിക്കുന്ന സുഭാഷ് ജോത്സ്യനാണ് 13 ലക്ഷം രൂപ വഞ്ചിച്ച കേസിൽ പിടിയിലായത്. മുത്തപ്പൻ മാസിക എന്ന പ്രസിദ്ധീകരണത്തിന് വേണ്ടി 5 ലക്ഷം രൂപയും അത്ഭുത സിദ്ധിയുള്ള വിളക്ക് നൽകാമെന്ന് ധരിപ്പിച്ച് 2 ലക്ഷം രൂപയും മൂന്ന് ശ്രീചക്രം നൽകാമെന്ന് പറഞ്ഞ് 6 ലക്ഷം രൂപയും മുഴപ്പിലങ്ങാട് സ്വദേശിയായ പാലേരി ജയനിൽ നിന്നും തട്ടിയെടുത്തെന്നാണ് കേസ്.

കണ്ണപുരം എസ്.ഐ. ധനഞ്ജയദാസിന്റെ നേതൃത്വത്തിൽ വീട് റെയ്ഡ് ചെയ്താണ് ജോത്സ്യരെ അറസ്റ്റ് ചെയ്തത്. 50 ലക്ഷം രൂപ വിലവരുന്ന അമൂല്യ രത്നങ്ങളും ആഭരണങ്ങളും തട്ടിയെടുത്ത മറ്റൊരു കേസിൽ കൂടി ഈ ജോത്സ്യൻ പ്രതിയാണ്. ഈ കേസിൽ ഈ മാസം 18 ാം തീയ്യതി വരെ അറസ്റ്റ് ചെയ്യരുതെന്ന വിധിയും ജോത്സ്യൻ സമ്പാദിച്ചിരുന്നു. അതോടെ ജോത്സ്യർ മുങ്ങി നടക്കുകയായിരുന്നു. എന്നാൽ മുഴപ്പിലങ്ങാട് സ്വദേശിയുടെ 13 ലക്ഷം രൂപ തട്ടിയെടുത്ത കേസിനെക്കുറിച്ച് ജോത്സ്യർക്ക് ധാരണയില്ലായിരുന്നു. അതുകൊണ്ട് ഈ മാസം 18 വരെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന വിശ്വാസത്തിലായിരുന്നു ജോത്സ്യൻ. ചാലാട് സ്വദേശിയായ മറ്റൊരു ജോത്സ്യന്റെ ഒളി സങ്കേതത്തിലായിരുന്നു ഇയാൾ കഴിഞ്ഞുവരുന്നതെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.

കണ്ണപുരം ഇടക്കെപ്പുറത്തെ പോള ജയരാജന്റെ പരാതിയിലാണ് പൊലീസ് ഐ.പി.സി. 420 ാം വകുപ്പ് പ്രകാരം ജ്യോത്സ്യനെതിരെ കേസെടുത്തിരുന്നത്. പരാതിക്കാരനായ ജയരാജന്റെ സഹോദരി മീനാക്ഷിയുടെ മകൻ ശിവവത്സന്റെ അകാല നിര്യാണത്തെത്തുടർന്നായിരുന്നു കുടുംബാംഗങ്ങൾ സ്വർണ്ണ പ്രശ്നം നടത്താൻ തീരുമാനിച്ചത്. കണ്ണപുരത്തെ ജ്യോത്സ്യനായ സുഭാഷിനെ കണ്ട് തങ്ങളുടെ കുടുംബ പ്രശ്നം ഒന്നാകെ വിശദീകരിച്ചു. ജ്യോത്സ്യന്റെ നിർദ്ദേശപ്രകാരം 2008 ജൂലായ് 17, 18, 19 തീയ്യതികളിലായി പോളക്കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിച്ച് തറവാട്ടിൽ വെച്ച് സ്വർണ്ണപ്രശ്നം നടത്തുകയുണ്ടായി.

സ്വർണ്ണപ്രശ്നം നടത്തിയ ശേഷം സുഭാഷ് ജ്യോത്സ്യൻ ദോഷപരിഹാരത്തിനായി ഒരു ചാർത്ത് എഴുതിക്കൊടുത്തു. ആ ചാർത്തിൽ പറയുന്നത് ഇങ്ങിനെ. പരമ്പരാഗതമായി ലഭിച്ച രണ്ട് രത്നങ്ങളും സ്വർണ്ണാഭരണങ്ങളും തറവാട്ടിൽ സൂക്ഷിക്കുന്നതാണ് ദുർനിമിത്തങ്ങൾക്ക് കാരണമെന്ന് വ്യക്തമാക്കിയിരുന്നു. ജയരാജന്റെ മരുമകന്റെ അകാലമരണവും ഇതിന്റെ ഭാഗമാണെന്നും പറയുന്നു. അതിനാൽ എത്രയും പെട്ടെന്ന് ഈ അമൂല്യവസ്തുക്കൾ തറവാട്ടിൽ നിന്നും ഒഴിവാക്കണമെന്നും നിർദ്ദേശിച്ചിരുന്നു. പ്രശ്ന പരിഹാരത്തിനായി കണ്ണപുരം തൃക്കോത്ത് ശ്രീകൃഷ്ണക്ഷേത്രത്തിന്റെ തൃപ്പടിയിൽ രത്നങ്ങളും ആഭരണങ്ങളും സമർപ്പിക്കണമെന്നാണ് ജ്യോത്സ്യന്റെ വിധി.

അതനുസരിച്ച് 2008 ഓഗസ്റ്റ് 21 ന് രാവിലെ ഏഴ് മണിക്ക് പരാതിക്കാരനായ ജയരാജനും കുടുംബാംഗങ്ങളും ക്ഷേത്രത്തിലെത്തി ആഭരണങ്ങളും രത്നങ്ങളും മഞ്ഞപട്ടിൽ പൊതിഞ്ഞ് ഭക്ത്യാദരപൂർവ്വം ക്ഷേത്രപ്പടിയിൽ സമർപ്പിച്ചു. തദവസരത്തിൽ സുഭാഷ് ജ്യോത്സ്യനും ഡ്രൈവറും ക്ഷേത്ര മുറ്റത്തുണ്ടായിരുന്നു. ക്ഷേത്ര ഭാരവാഹികൂടിയായ ജ്യോത്സ്യൻ ജയരാജനും കുടുംബാംഗങ്ങളും ക്ഷേത്രത്തിൽ നിന്നും പോയ ഉടൻ രത്നങ്ങളും ആഭരണങ്ങളും കൈക്കലാക്കിയെന്നാണ് പരാതി. ഈ രത്നങ്ങളിൽ ഒന്ന് അപൂർവ്വ നാഗമാണിക്യം എന്ന് ധരിപ്പിച്ച് ചക്കരക്കല്ലിലെ ഗോകുലം ഓഡിറ്റോറിയം ഉടമ ആർ.വി. ലക്ഷ്മണന് വിറ്റതായാണ് ജയരാജന്റെ പരാതി.

ഈ രത്നം വീട്ടിൽ സൂക്ഷിച്ചാൽ സർവ്വ വിധ സൗഭാഗ്യങ്ങളും കൈവരുമെന്ന് വിശ്വസിപ്പിച്ചാണ് ഗോകുലം ഉടമയ്ക്ക് 20 ലക്ഷം രൂപയ്ക്ക് വിറ്റതെന്ന് ജയരാജന്റെ പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. രത്നത്തിന്റെ വില്പന മനസ്സിലാക്കിയ ജയരാജൻ കാര്യങ്ങൾ അന്വേഷിച്ചാണ് പരാതി നൽകിയിരുന്നത്. കഴിഞ്ഞ മാസം പൊലീസിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൈമാറാത്ത രണ്ടാമത്തെ രത്നത്തിനു വേണ്ടി പൊലീസ് ജ്യോത്സ്യന്റെ വീട് റെയ്ഡ് നടത്തുകയായിരുന്നു.

എന്നാൽ ഈ രത്നം കണ്ടെത്താനായില്ല. ഈ രത്നവും മറ്റാർക്കെങ്കിലും വിറ്റതായാണ് കരുതുന്നത്. ജ്യോത്സ്യൻ സുഭാഷ് ഹൈക്കോടതിയിൽ ജാമ്യഹരജി നൽകിയിരിക്കയായിരുന്നു. അതിനിടെയാണ് മുഴപ്പിലങ്ങാട് സ്വദേശിയെ സാമ്പത്തിക വഞ്ചന നടത്തിയ കേസിൽ ജോത്സ്യൻ അറസ്റ്റ് ചെയ്യപ്പെട്ടത്.