കൊട്ടാരക്കര: മാനസിക വിഭ്രാന്തിയുള്ള യുവാവ് അമ്മയെ വെട്ടിക്കൊലപ്പെടുത്തി. ജ്യോതിഷ പണ്ഡിതനായ കൊട്ടാരക്കര പെരുങ്കുളം ചെറു കോട്ടുമത്തിൽ തഴവ എസ്.എൻ. പോറ്റിയുടെ ഭാര്യ ശാന്താദേവി അന്തർജ്ജനം( 68) ആണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൻ അശോകന്റെ വെട്ടേറ്റാണ് ശാന്താദേവി കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു.

ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സ്ഥിരമായി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിക്കുന്ന ആളാണ് എസ്എൻപോറ്റിയുടെയും ശാന്താദേവിയുടേയും മകനായ അശോകൻ (47). ഇന്നു രാവിലെയും ഇയാൾ ബഹളമുണ്ടാക്കി. കൈയിൽ ഒരു വെട്ടുകത്തിയുമായി നിന്നായിരുന്നു ബഹളവും പോർവിളിയും. ഇതോടെ ആരും അടുത്തില്ല. നാട്ടുകാരിൽ ചിലർ ഇതിനിടെ പൊലീസിൽ അറിയിച്ചു.

അവർ എത്തി നോക്കിയെങ്കിലും യുവാവ് കയ്യിൽ വെട്ടുകത്തിയുമായി ഭീഷണിമുഴക്കി നിന്നതിനാൽ അടുക്കാതെ മടങ്ങിപ്പോയെന്ന് നാട്ടുകാർ പറയുന്നു. ഇയാൾ പലപ്പോഴും ആക്രമണത്തിന് മുതിർന്നിട്ടുണ്ടെന്നും അപ്പോഴെല്ലാം ബലംപ്രയോഗിച്ച് കീഴ്‌പ്പെടുത്തി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകാറാണ് പതിവെന്നും നാട്ടുകാർ വ്യക്തമാക്കി.

എന്നാൽ പൊലീസ് തിരിച്ചുപോയശേഷം നാട്ടുകാർ ഇത്തരത്തിൽ ഇയാളെ കീഴ്‌പ്പെടുത്തി വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് ശാന്താദേവി അന്തർജനം കൊലചെയ്യപ്പെട്ടതായി കണ്ടെത്തിയത്. ഇന്ന് പുലർച്ചെയാണ് സംഭവമെന്നാണ് പ്രാഥമിക സൂചനകൾ. മാനസിക വിഭ്രാന്തിയുള്ള അശോകൻ പലപ്പോഴും ആക്രമണകാരിയാകാറുണ്ട്.

മുമ്പും നാട്ടുകാരും പൊലീസും ചേർന്നാണ് ബലംപ്രയോഗിച്ച് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാറ്. ഇന്ന് പുലർച്ചെ അഞ്ചരയോടെ മാനസിക നില തെറ്റി അശോകൻ കൈയിൽ കിട്ടിയ കൊടുവാളെടുത്ത് അമ്മയെ വെട്ടി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കരുതുന്നത്. ഈ സമയം വീട്ടിൽ മറ്റാരും ഇല്ലായിരുന്നു.

പിന്നീട് പുറത്തിറങ്ങി ബഹളം വയ്ക്കുന്നതാണ് നാട്ടുകാർ കാണുന്നത്. ഇതോടെ നാട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തിയെങ്കിലും കൈയിൽ കൊടുവാളുമായി നിൽക്കുന്ന ഇയാളെ പിടികൂടാതെ മടങ്ങി. പിന്നീട് നാട്ടുകാർ അശോകനെ കീഴ്‌പ്പെടുത്തി വീടിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് അമ്മയെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടത് അശോകനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.