ൺപത്തി നാല് വയസ്സായി എം ടി വാസുദേവൻനായർക്ക്. ഇക്കാലമത്രയും അദ്ദേഹം വളരെ നിഷ്ഠയോടെ കൂടെ കൊണ്ടുനടന്നതും ഇപ്പോഴും തുടരുന്നതുമായ ഒന്നാണ് അന്തർമുഖത്വം. എഴുത്തുകാർ അന്തർമുഖർ ആകണോ എന്നും അങ്ങനെ അല്ലെങ്കിൽ എഴുതാൻ പറ്റില്ലേ എന്നും ചോദിച്ചാൽ എനിക്കറിയില്ല എന്ന് മാത്രമാണ് മറുപടി. പക്ഷെ അന്തർമുഖത്വം അദ്ധേഹത്തിന്റെ ചോയിസ് ആണ്. അതിനെ മാനിക്കുക എന്നതാണ് പൗരസമൂഹവും വായനക്കാരും ചെയ്യേണ്ടത്. എംടിയുടെ സാഹിത്യ സംഭാവനകളെ വിലയിരുത്താൻ ഞാൻ ആളല്ല. ആത്മാർഥമായി പറഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള മലയാളി എഴുത്തുകാരിൽ മുന്നിൽ നിൽക്കുന്ന ആളല്ല അദ്ദേഹം.

മഞ്ഞ് മാത്രമാണ് ആവർത്തിച്ച് വായിക്കുകയും ആസ്വദിക്കുകയും ചെയ്ത കൃതി. മറ്റ് പ്രധാന കൃതികൾ എല്ലാം ഒറ്റ മൂശയിൽ വാർക്കപ്പെട്ടവ ആണെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. രണ്ടാമൂഴത്തെക്കാൾ ഇഷ്ടമായത് വാനപ്രസ്ഥവും വാരാണസിയുമാണ്. പക്ഷെ എന്നും ആദരവ് തോന്നിയിട്ടുള്ളത് അദ്ധേഹത്തിന്റെ മതേതര മനസ്സിനോടും നിലപാടുകളോടും ആണ്. ഇതര സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും പോലെ എന്തിലും ഏതിലും ചാടികയറി പ്രതികരിക്കുന്ന ആളല്ല എംടി. ചടങ്ങുകൾക്ക് വിളിച്ചാൽ കഴിയുന്നതും അദ്ദേഹം ഒഴിഞ്ഞു മാറും. നിർബന്ധിച്ചാൽ ക്ഷുഭിതനാകും. വിളിക്കാൻ ചെന്ന ആൾക്ക് നീരസം തോന്നും വിധം പെരുമാറും. കോഴിക്കോട് വിദ്യാർത്ഥിയും മാധ്യമ പ്രവർത്തകനും ആയിരുന്ന കാലത്തെല്ലാം ആ അനുഭവമുണ്ട്. കാലഘട്ടം ആവശ്യപ്പെടുന്ന പ്രതികരണം ചോദിച്ചു വിളിച്ചാൽ ഒന്നും പറയാനില്ല എന്ന് പറഞ്ഞ് അദ്ദേഹം ഫോൺ വച്ചു കളയും.

ഇതൊക്കെയാണ് എംടി. നാട്ടിൽ നടക്കുന്ന എല്ലാ കാര്യങ്ങളിലും തന്റെ പ്രതികരണമോ ഇടപെടലോ വേണ്ടതില്ല എന്നാണ് അദ്ധേഹത്തിന്റെ നിലപാട്. അതിനു വിരുദ്ധമായി അദ്ദേഹം സജീവമായി പ്രതികരിക്കുകയും ഇടപെടുകയും ചെയ്തത് ആയിരത്തി തൊള്ളായിരത്തി എൺപതുകളുടെ ഒടുവിലും തൊണ്ണൂറുകളുടെ തുടക്കത്തിലുമാണ്. ബാബറി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ച ഹിന്ദുത്വ കൺസോളിഡെഷനെയും അതിനു ശേഷം രാജ്യം കണ്ട മതന്യൂനപക്ഷ വിരുദ്ധ കലാപങ്ങളെയും ആശങ്കയോടെ എം ടി കണ്ടു. ഇടതുപക്ഷ മതനിരപേക്ഷ സമൂഹത്തിന് ഒപ്പം നിന്ന് വലിയ ഇടപെടലുകൾ അദ്ദേഹം നടത്തി.

അതിനു ശേഷം അദ്ദേഹം കൃത്യമായി ഇടപെടൽ നടത്തിയത് മുത്തങ്ങയിലെ ഭൂരഹിത ആദിവാസികൾക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ ആണ്. അന്നത്തെ ഒരു പ്രഭാതം ഇന്നും ഓർക്കുന്നു. ഞാൻ അടക്കം കോഴിക്കോട് അന്നുള്ള കുറെ അധികം മാധ്യമ പ്രവർത്തകർക്ക് എംടിയുടെ നേരിട്ടുള്ള ഫോൺ വിളി വന്നു. വിശ്വസിക്കാൻ അല്പം സമയം എടുത്തു. വീടുവരെ വരണം. എനിക്ക് ചിലത് പറയാൻ ഉണ്ട്. അമ്പരപ്പായിരുന്നു മനസ്സിൽ. ആരെങ്കിലും പറ്റിക്കുകയാണോ എന്നും കരുതി.

ചെന്നപ്പോൾ സംസാരം ഒന്നുമില്ല. സ്വന്തം കൈപ്പടയിൽ എഴുതി തയ്യാറാക്കിയ ഒരു പ്രസ്താവന അദ്ദേഹം എടുത്തു നീട്ടി. നല്ല സുന്ദരമായ ഇംഗ്ലീഷിൽ... അന്നത്തെ സർക്കാർ നടത്തിയ ഒരു ഫിലിം ഫെസ്റ്റിവലിന്റെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജി വച്ചും ആദിവാസി ഭൂ സമരങ്ങൾക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചും ആയിരുന്നു ആ പ്രസ്താവന. മുത്തങ്ങയിലേക്ക് പോയ ജനകീയ അന്വേഷണ കമ്മീഷനിലും സമര സഹായ സമിതിയിലും അദ്ദേഹം ശക്തമായ സാന്നിധ്യം ആയി.

പിന്നീട് അദ്ദേഹം കാര്യമായി അഭിപ്രായം പറഞ്ഞത് ഡിമോണിട്ടയ്‌സേഷനുമായി ബന്ധപ്പെട്ടു കേന്ദ്രത്തിന് എതിരെയാണ്. അന്ന് സംഘപരിവാർ അദ്ധേഹത്തെ വളഞ്ഞിട്ട് ആക്രമിച്ചു. അദ്ദേഹം കൂടുതൽ ഒന്നും മിണ്ടിയില്ല. എം ടി യോട് യോജിക്കുകയും വിയോജിക്കുകയും ആകാം. പക്ഷെ തീർത്തും സ്വകാര്യമായ ഒരു സംഭാഷണത്തിൽ നിന്നും അടർത്തിയെടുത്തതും ഏകപക്ഷീയമായി വ്യാഘ്യാനിക്കപ്പെടുന്നതും ദുരുദ്ദേശത്തോടെ മാത്രം പ്രചരിപ്പിക്കപ്പെടുന്നതും ആയ രണ്ടു വരികളുടെ പേരിൽ അദ്ധേഹത്തെ മുസ്ലിം വിരുദ്ധൻ ആക്കുന്നതിലെ അജണ്ട വേറെയാണ്. തന്റെ സ്വകാര്യതയിൽ കയറി വന്ന് ചടങ്ങിനു വിളിക്കുന്നവരോട് ക്ഷുഭിതൻ ആകുമ്പോൾ പറയുന്നത് പോലെ സർട്ടിഫിക്കറ്റിൽ ഒപ്പിടാൻ നിർബന്ധിച്ചവരോടും അദ്ദേഹം ക്ഷോഭം കാണിച്ചിരിക്കാം. അത് ഒരിക്കലും കാണാൻ ചെന്ന ആളുടെ മതം നോക്കിയുള്ള ക്ഷോഭം ആയിരുന്നില്ല എന്ന് എം ടി യെ വായിക്കുന്നവർക്കും നിരീക്ഷിക്കുന്നവർക്കും അറിയാം.

സ്വകാര്യ സംഭാഷണങ്ങൾ അടർത്തിയെടുത്ത് ദുർവ്യാഖ്യാനം ചെയ്യുന്നത് അത്യന്തം അപകടകരമാണ്. തീക്കൊള്ളികൊണ്ട് തല ചൊറിയൽ ആണ്. നിങ്ങളുടെ ശത്രുക്കൾ മതനിരപേക്ഷർ ആണ് എന്ന് നിങ്ങൾ പറയുമ്പോൾ കുഴപ്പം അവർക്കല്ല, നിങ്ങൾക്കാണ്. ഒന്നു കൂടി പറയാം. എൺപത്തിനാല് വർഷങ്ങൾ ഈ ഭൂമിയിൽ മതേതര ബഹുസ്വര സമൂഹത്തിന്റെ ഭാഗമായി ജീവിക്കുകയും ആ സമൂഹത്തിന്റെ വെളിച്ചവും പ്രത്യാശയും പ്രതീക്ഷയും ആയി മാറുകയും ചെയ്ത ഒരാളെ ആരോ എവിടെയോ എന്തൊക്കെയോ പറഞ്ഞു ദുർവ്യാഖ്യാനിക്കുമ്പോൾ മറ്റെല്ലാം മറന്ന് അത്തരക്കാർക്ക് ആർപ്പു വിളിക്കുന്നതിൽ ഒട്ടും ശരിയില്ല. സ്വത്വ ബോധവും വിഗ്രഹ ഭംജ്ഞനവും ഒക്കെ ആകാം. പക്ഷെ അതൊക്കെ ചെയ്യുമ്പോൾ മനസ്സിൽ മിനിമം മര്യാദ ഉണ്ടായാൽ തരക്കേടില്ല.

(മാധ്യമപ്രവർത്തകനായ കെ എ ഷാജി ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പാണിത്)