കൊച്ചി: സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്റെ മൊഴിയെടുത്ത ശേഷം കസ്റ്റംസ് വിട്ടയച്ചു. ഡോളർ കടത്ത് കേസിലാണ് കെ അയ്യപ്പന്റെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തിയത്. ഒമ്പത് മണിക്കൂർ നേരമാണ് കെ അയ്യപ്പനെ കസ്റ്റംസ്ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് പ്രൈവൻറ്റീവ് ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.

സ്പീക്കർ പി ശ്രീരാമകൃഷ്ണനെതിരെ സ്വപ്ന സുരേഷ് നൽകിയ മൊഴിയുടെ വിശദാംശങ്ങൾ തേടിയാണ് അയ്യപ്പനെ വിളിപ്പിച്ചത്. കെ അയ്യപ്പനെ ഇനി വിളിപ്പിക്കേണ്ടതില്ലെന്ന് കസ്റ്റംസ് അറിയിച്ചു.കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് തവണ നോട്ടീസ് നൽകിയപ്പോഴും വിവിധ കാരണങ്ങൾ പറഞ്ഞ് അയ്യപ്പൻ ഒഴിഞ്ഞുമാറുകയായിരുന്നു. നിയമസഭാ സമ്മേളനം തുടങ്ങുന്നതിനാൽ തൽക്കാലത്തേക്ക് ഒഴിവാക്കണമെന്നായിരുന്നു ഒടുവിലത്തെ മറുപടിയിൽ ഉണ്ടായിരുന്നത്.

ഇതിനിടെ അയ്യപ്പന് നോട്ടീസ് നൽകിയ നടപടി ചോദ്യം ചെയ്ത് നിയമസഭാ സെക്രട്ടറി തന്നെ കസ്റ്റംസിന് കത്ത് നൽകിയിരുന്നു. എന്നാൽ സ്പീക്കറുടെ അസിസ്റ്റൻറ് പ്രൈവറ്റ് സെക്രട്ടറിക്ക് നിയമപരിരക്ഷയുണ്ടെന്ന നിയമസഭാ സെക്രട്ടറിയുടെ വാദങ്ങൾ തള്ളിയ കസ്റ്റംസ്, കുറ്റവാളികളെ സംരക്ഷിക്കാനുള്ളതല്ല നിയമസഭാ ചട്ടമെന്ന രൂക്ഷവിമർശനങ്ങളോടെ നിയമസഭാ സെക്രട്ടറിക്ക് മറുപടിയും നൽകി. ഇതിന് പിന്നാലെയാണ് സഭാ സമ്മേളനം നടക്കുന്ന ഇന്ന് അയ്യപ്പൻ കസ്റ്റംസിന് മുന്നിൽ ഹാജരായത്.